ഡിസംബറിന്റെ നഷ്ടം

ചെന്നൈ: ഡിസംബറില്‍ തമിഴ്‌നാട് രാഷ്ട്രീയം വീണ്ടുമൊരു മരണത്തിന്റെ മരവിപ്പിലേക്ക്. 1987 ഡിസംബര്‍ 24നാണ് മുഖ്യമന്ത്രിയായിരുന്ന എം.ജി.ആര്‍ മരിച്ചത്. അന്നു രാത്രിയിലും തമിഴ്മക്കള്‍ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനകളുമായി അപ്പോളോ ആശുപത്രിക്കുമുന്നില്‍ കാത്തുനിന്നിരുന്നു. പുരട്ചി തലൈവര്‍ക്ക് വൃക്ക നല്‍കാനെത്തിയവരായിരുന്നു അവര്‍. അദ്ദേഹം മരിച്ചപ്പോള്‍ തമിഴകത്ത് പലരും സ്വയം കുതുതി നല്‍കി. ഇരുപത്തൊമ്പതു വര്‍ഷത്തിന് ശേഷം മറ്റൊരു ഡിസംബറും തമിഴ് രാഷ്ട്രീയത്തിനും ജനതയ്ക്കും മറ്റൊരു തീരാ നഷ്ടം വരുത്തിയിരിക്കുന്നു.  ഇന്ത്യയിലെ അവസാന ഗവര്‍ണര്‍ ജനറലായിരുന്ന സി.രാജഗോപാലാചാരി 1972 ഡിസംബര്‍ 25നാണ് അന്തരിച്ചത്. അതേ വര്‍ഷം ഡിസംബര്‍ 24നാണ് ഇ.വി രാമസ്വാമി നായ്ക്കര്‍ അന്തരിച്ചത്.
ജനങ്ങളുടെ വൈകാരിക പ്രതികരണം അതിരി കടക്കുമെന്ന് അറിയാമായിരുന്ന അധികൃതര്‍ എംജിആറിന്റെ മരണം അറിയിച്ചത് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു. എന്നിട്ടും തമിഴ്നാട്ടില്‍ പലയിടത്തും കലാപസമാനമായ സ്ഥിതിയായിരുന്നു.  ആരാധകരില്‍ ചിലര്‍ ആത്മഹത്യ ചെയ്തു. ചിലര്‍  അക്രമമഴിച്ചുവിട്ടു. ജയയുടെ മരണവിവരവും പുറത്തുവിട്ടത് അര്‍ദ്ധരാത്രിയോടെയാണ്. എംജിആറിന്റെ മരണത്തിനു പിന്നാലെയുണ്ടായ അക്രമങ്ങളുടെ ഓര്‍മയിലാവണം, ജയയുടെ മരണവിവരം പുറത്തുവിടുന്നതിനു മുന്‍പ് അധികാരികള്‍ വേണ്ടത്ര മുന്‍കരുതലെടുത്തത്.
താരമായും ഭരണാധികാരിയായും തമിഴിന്റെ ഹൃദയം കവര്‍ന്ന എം.ജി.ആറും ജയലളിതയും തമിഴ്നാട് സ്വദേശികളല്ല എന്നുള്ളതും എടുത്തുപറയേണ്ട സമാനതയാണ്. തമിഴ്നാട്ടില്‍നിന്ന് മൈസൂരിലേക്കു താമസം മാറ്റിയ അയ്യങ്കാര്‍ കുടുംബത്തില്‍ 1948 ഫെബ്രുവരി 24നായിരുന്നു ജയലളിതയുടെ ജനനം. എംജിആര്‍ ആകട്ടെ, ശ്രീലങ്കയില്‍ ജനിച്ച പാലക്കാട് സ്വദേശിയാണ്.
1987ല്‍ എം.ജി.ആര്‍ മരിച്ചപ്പോള്‍ ജയയെ അറിയിച്ചിരുന്നില്ല. ഒടുവില്‍ ചെന്നൈയിലെ രാജാജി ഹാളില്‍ മൃതദേഹത്തിനരികെ ഭക്ഷണം പോലും കഴിക്കാതെ നിന്ന ജയലളിതയെ പാര്‍ട്ടി അണികളായ വനിതകള്‍ ഉപദ്രവിച്ചു. അവിടെ നിന്നു ഒഴിവാക്കാന്‍ ശ്രമിച്ചു. അതേ രാജാജി ഹാളില്‍ ജയലളിതയുടെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. എംജിആര്‍ അന്ത്യവിശ്രമം കൊള്ളുന്ന മറീന ബീച്ചില്‍ തന്നെയാകും ജയലളിതയുടെയും നിത്യനിദ്ര