മദ്യക്കുപ്പിയുമായി സെല്‍ഫി പോസ്റ്റ് ചെയ്യുന്ന ബീഹാറികള്‍ ജാഗ്രതൈ!

നളന്ദ(ബീഹാര്‍) : വെള്ളമടിക്കുന്ന പടം ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ബീഹാറുകാരെ പോലീസ് ഓടിച്ചിട്ട് പിടിക്കുകയാണ്. സമ്പൂര്‍ണ്ണ മദ്യ നിരോധനം നിലവിലിരിക്കുന്ന ബീഹാറില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും 20-കാരനുമായ ഒരു യാവാവ് ഒരു പാര്‍ട്ടിക്കിടയില്‍ അരക്കുപ്പി മദ്യം പിടിച്ചു കൊണ്ടിരിക്കുന്ന സെല്‍ഫി ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് വന്ന് ആ യുവാവിനെയും കൂട്ടുകാരെയും അറസ്റ്റ് ചെയ്ത് അകത്താക്കി. മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ സ്വന്തം നാടായ നളന്ദ ജില്ലയിലാണ് ഈ സംഭവം. വിക്കി ആര്യ എന്ന യുവാവും അയാളുടെ നാലു കൂട്ടുകാരെയുമാണ് മദ്യപിച്ചതിന്റെ പേരില്‍ ലോക്കപ്പിലാക്കിയത്.
മദ്യക്കുപ്പിയുമായി പാര്‍ട്ടി നൈറ്റ് എന്ന പേരില്‍ സെല്‍ഫി പോസ്റ്റ് ചെയ്തു. പോസ്റ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ ആരോ ഒരാള്‍ നളന്ദ പോലീസ് സൂപ്രണ്ടിനെ ടാഗ് ചെയ്തു ഈ പടം ശ്രദ്ധയില്‍പ്പെട്ട സ്ഥലം എസ്.പി ഉടന്‍ പോലീസിനെ വിവരമറിയിച്ചതോടെ വിക്കിയേയും കൂട്ടരേയും ഉടനെ പൊക്കി. നാലുപേരെയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മദ്യ നിരോധനം നിലവിലിരിക്കുന്ന ബീഹാറില്‍ മദ്യപാനം ക്രിമിനല്‍ കുറ്റമാണ്. മദ്യം സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതും 10 വര്‍ഷം വരെ തടവ് കിട്ടുന്ന കുറ്റമായി പ്രഖ്യാപിച്ചിട്ടുണ്ട്.