കുമ്മനത്തിന്റെ സത്യപ്രതിജ്ഞ ; മിസോറാമില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനെ ഗവര്‍ണറാക്കുന്നതില്‍ മിസോറാമില്‍ പ്രതിഷേധം. ക്രൈസ്തവ സംഘടനയായ ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍സ് (ജി.സി.ഐ.സി), മിസോറമിന്റെ സ്വത്വത്തിനും പദവിക്കും വേണ്ടിയുള്ള ജനകീയ കൂട്ടായ്മയായ ‘പ്രിസം’ എന്നീ സംഘടനകളാണ് കുമ്മനം രാജ്ഭവനിലെത്തുന്നതില്‍ പരസ്യമായി പ്രതിഷേധിച്ചത്.

രാജശേഖരനെ മാറ്റി ഭേദപ്പെട്ട മനസ്സുള്ള ഒരാളെ ഗവര്‍ണറാക്കണമെന്നാണ് ക്രൈസ്തവ സംഘടന ആവശ്യപ്പെട്ടത്. തീവ്ര ഹിന്ദുത്വവാദിയും സജീവ രാഷ്ട്രീയക്കാരനുമായ ഒരാളെയാണ് ഗവര്‍ണറാക്കിയതെന്ന് പ്രിസം കുറ്റപ്പെടുത്തി.

ഇന്നാണ് കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. നിലവിലെ മിസോറം ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മയുടെ കാലാവധി തിങ്കളാഴ്ച പൂര്‍ത്തിയായ ഒഴിവിലേക്കാണ് നിയമനം.