കെവിന്റെ മൃതദേഹം സംസ്‌കരിച്ചു

കോട്ടയം: പ്രണയ വിവാഹത്തിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ നവവരന്‍ നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിന്‍ പി. ജോസഫി(23)ന്റെ മൃതദേഹം സംസ്‌കരിച്ചു. കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. നല്ലിടയന്‍ പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം വിലാപയാത്രയായാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കെവിനെ അവസാനമായി കാണാന്‍ വന്‍ ജനാവലിയാണ് എത്തിയത്.

മൃതദേഹം കണ്ട് അലമുറയിട്ട് വീണ നീനുവിനെ പിടിച്ച് മാറ്റാന്‍ കെവിന്റെ അച്ഛന്‍ ഏറെ പണിപ്പെട്ടു. നീനുവിന്റെ സങ്കടം കണ്ടു നിന്നവരുടേയും ഹൃദയം നുറുക്കുന്നതായിരുന്നു കാഴ്ച. കെവിന്റെ മാതാവും സഹോദരിയും ദുഖം സഹിക്കാനാവാതെ അലമുറയിടുന്നുണ്ടായിരുന്നു. കരളലിയിക്കുന്ന കാഴ്ചകളാണ് കെവിന്റെ വീട്ടില്‍ അരങ്ങേറിയത്.

ഇതിനിടെ മെഡിക്കല്‍ കോളജ് ആശുപത്രിയ്ക്കു മുന്നില്‍ വീണ്ടും സംഘര്‍ഷമുണ്ടായി. ശക്തമായ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി. വിവിധ സംഘടനകളുടെ പ്രവര്‍ത്തകരും സിപിഐഎം പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ