കെവിനെ മുക്കികൊന്നതാണോ എന്ന് അന്വേഷിക്കും

കോട്ടയം: രക്ഷപ്പെടുന്നതിനിടയ്ക്ക് കെവിന്‍ വെള്ളത്തില്‍ വീണതാണെന്ന പ്രതികളുടെ വാദം പൊലീസ് തള്ളി. കെവിന്റേത് മുങ്ങിമരണമാണെന്നുള്ള പോസ്റ്റ്‌മോര്‍ട്ടത്തിലെ സൂചന പൊലീസ് അന്വേഷിക്കും. മര്‍ദിച്ച് അവശനാക്കിയ ശേഷം കെവിനെ മുക്കികൊന്നതാകാമെന്നാണ്  പ്രാഥമിക നിഗമനം. ഇതിനുള്ള സാഹചര്യ തെളിവുകളും പരിശോധിക്കും.

കെവിന്റെ മരണം വെള്ളത്തില്‍ വീണതിന് ശേഷമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിലെ മുറിവുകള്‍ മരണത്തിന് കാരണമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കെവിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ട്. ശശീരത്തില്‍ ഇരുപതിലധികം മുറിവുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. കെവിന്റെ ജനനേന്ദ്രിയം ചതഞ്ഞിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. ക്രൂരമായ മര്‍ദ്ദനം ഏറ്റിട്ടുണ്ടെന്നും പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്.

മര്‍ദിച്ച് വെള്ളത്തില്‍ ഇട്ടതാണോ, അതോ  ആക്രമിസംഘം ഓടിച്ചപ്പോള്‍ വെള്ളത്തില്‍ വീണതാണോ എന്ന് വ്യക്തമല്ല. ആന്തരികാവയവങ്ങളുടെ പരിശോധനയ്ക്ക് ശേഷം അന്തിമ റിപ്പോര്‍ട്ട് നല്‍കും.

കേസിൽ മുഖ്യപ്രതികളായ കൊല്ലം തെന്മല ഒറ്റക്കൽ സാനു ഭവനിൽ ചാക്കോ, മകൻ സാനു ചാക്കോ എന്നിവർ  കീഴടങ്ങിയിട്ടുണ്ട്. ഇരിട്ടി കരിക്കോട്ടക്കരി പ്രദേശത്തെ പരിചയക്കാരന്റെ വീട്ടിലെത്തിയ ഇരുവരും സംരക്ഷണം ലഭിക്കാത്തതിനെ തുടർന്നാണ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

ബെംഗളൂരുവിലായിരുന്ന ഇരുവരും അവിടെ നിന്നാണ് ഇരിട്ടിയിലെത്തിയതെന്നും സൂചനയുണ്ട്. അതേസമയം, ഇരിട്ടി വഴി ബെംഗളൂരുവിലേക്കു കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായതെന്ന് അഭ്യൂഹമുണ്ടായിരുന്നു.

കെവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ചാക്കോയും ഭാര്യ രഹ്നയും മകൻ സാനുവും ഒളിവിൽ പോയത്. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനിയാണ് സാനു. കെവിന്റെ മരണം തന്റെ മാതാപിതാക്കളുടെ അറിവോടെയാണെന്നു നീനു വെളിപ്പെടുത്തിയിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയത് സഹോദരനും സംഘവുമാണെന്നു കാട്ടി പൊലീസിൽ പരാതിയും നൽകിയിരുന്നു.

നീനു ചാക്കോയുടെ മാതാപിതാക്കളായ ചാക്കോയും രഹ്നയും കേസിൽ പ്രതികളാകുമെന്നു പൊലീസ് ഇന്നു രാവിലെ വ്യക്തമാക്കിയിരുന്നു. തട്ടിക്കൊണ്ടുപോകലിന്റെ ആസൂത്രണത്തിൽ ചാക്കോയുടെയും രഹനയുടെയും പങ്ക് സ്ഥിരീകരിച്ചതോടെയാണിത്. കെവിനെ അക്രമിച്ചത് ഇവരുടെ നിർദേശപ്രകാരമാണോയെന്നും അന്വേഷിക്കുന്നുണ്ട്. ഒളിവിൽ പോയ ഇവരെ തേടി പൊലീസ് തെൻമലയിലെ ഇവരുടെ വീട്ടിലും ചില ബന്ധുവീടുകളിലുമെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവർ കണ്ണൂരിൽ പിടിയിലായത്.

ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് പത്തംഗ സംഘം കോട്ടയം എസ്എച്ച് മൗണ്ടിലെ വീട്ടിൽനിന്ന് കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയത്. നാട്ടുകാർ ഉണർന്നതോടെ അനീഷിനെ വഴിയിൽ ഉപേക്ഷിച്ച സംഘം കെവിനുമായി കടക്കുകയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെ തിങ്കളാഴ്ച രാവിലെയാണ് കൊല്ലം തെൻമലയ്ക്കു സമീപം കെവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.