അഭിമാനം ദുരന്തമാകുമ്പോൾ

സീമ രാജീവ്

ജാതി മത ചിന്തകൾ വേരോടും കാലം ദുരഭിമാനക്കൊലകൾ ഉണ്ടാകുമെന്ന് ചിന്തിക്കുന്നവർ നിരവധിയുണ്ട് എന്ന് കഴിഞ്ഞ ദിവസത്തെ പ്രതികരണങ്ങളിൽ നിന്നും മനസിലായതാണ്.

ഇക്കഴിഞ്ഞ മാർച്ച് 22 ന് , മലപ്പുറത്ത് ആതിര എന്ന യുവതിയെ കൊലപ്പെടുത്തിയത് അച്ഛൻ രാജനായിരുന്നു.

മറ്റൊരു ജാതിയിൽപ്പെട്ട ബ്രിജേഷ് എന്ന യുവാവ് ആതിരയെ വിവാഹം കഴിക്കാൻ തിരുമാനിച്ചപ്പോൾ. അന്ന് നമ്മൾ വിലപിച്ചു ഇനിയും ആതിര മാർ ഉണ്ടാകാതെ പോകട്ടെയെന്ന്.ഞാൻ അന്നും ഓർത്തത് ബ്രിജേഷ് എന്ന യുവാവിനെക്കുറിച്ചായിരുന്നു.ഒരു പുതിയ ജീവിതം പടുത്തുയർത്താൻ ഇറങ്ങിയ ആ യുവാവിനും സ്വപ്നങ്ങൾ സ്വന്തം ജീവിതത്തെക്കുറിച്ച് ഉണ്ടായിരുന്നില്ലേ?

ആ സ്വപ്നങ്ങൾ അല്ലേ രാജൻ എന്ന കൊലയാളിയുടെ രൂപത്തിൽ തല്ലിക്കെടുത്തിയത്? അന്ന് എന്തേ ആരും പറഞ്ഞില്ല ബ്രിജേഷു മാർ ഇങ്ങനെ ഉണ്ടാവാതിരിക്കട്ടെയെന്ന്.ഒരു സ്ത്രി വിവാഹത്തിന് തയ്യാറാകുമ്പോൾ അത് പോലെ തന്നെ അവളെ കെട്ടാൻ തയ്യാറെടുക്കുന്ന പുരുഷന്റെ മനസിലും നിറമാർന്ന സ്വപ്നങ്ങളും ഭാവനകളും ഉണ്ട്. അതല്ലേ അവന് നഷ്ടമായത്.

നിങ്ങൾ പറയുമായിരിക്കും അവൻ ഒരു ആണല്ലേ, മറ്റൊരു വിവാഹം കഴിച്ചാൽ തിരുന്ന പ്രശ്നമേയുള്ളു. പക്ഷേ ഒരിക്കലും ആ കുട്ടിയുടെ ജീവിതത്തിൽ നിന്ന് ആ കറുത്ത ഏട് മായിച്ച് കളയാൻ പറ്റുമോ?

ആ പെൺകുട്ടിയുടെ അച്ഛനാണ് അവിടെ കൊലപാതകിയുടെ രൂപത്തിൽ എത്തിയത്. ഒരു കുടുംബത്തിന്റെ പ്രതിക്ഷകളെ എരിയുന്ന നെരിപ്പോടിലേക്ക് വലിച്ചെറിഞ്ഞത്.സ്വന്തം മകളെ സ്നേഹിക്കയാരുന്നു ആ അച്ഛൻ എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട് എനിക്ക്.

ചവിട്ടിയിരിക്കുന്ന മണ്ണ് ഒലിപ്പിച്ചുള്ള പിതാവിന്റെ സംരക്ഷണമല്ല ഒരു പെൺകുട്ടിക്ക് വേണ്ടത്, മറിച്ച് അവളെ സ്വന്തം കാര്യം നേടാൻ പ്രാപ്തയാക്കുക എന്നത് തന്നെയാണ്.നാല് നേരം ഭക്ഷണം കൊടുക്കൽ മാത്രമല്ല പിതാവിന്റെ ചുമതല. അതിൽ ഉപരി അവളുടെ മനസിനേയും വ്യക്തിത്വത്തേയും അംഗീകരിക്കലാണ്. എങ്കിൽ മാത്രമേ അവൾ എന്ന യുവതി പൂർണ്ണതയിലെത്തു.ജാതി മത ചിന്തകൾക്കതീതമായി അവൾ സ്വരുക്കൂട്ടിയ നിറമാർന്ന ജീവിതം ഉണ്ടായിരുന്നു അവൾടെ മുന്നിൽ.

രണ്ട് ദിവസം മുൻപ് മാത്രം വിവാഹിതരായ കെവിനും നിനുവിനും ഉണ്ടായിരുന്നു നിറമാർന്ന സ്വപ്നങ്ങൾ ജീവിതത്തെക്കുറിച്ച്.
രണ്ട്ദിവസം കൊണ്ട് അവൾക്ക് വിധവ എന്ന മേലങ്കി ചാർത്തി കൊടുത്തത് സ്വന്തം ചോരയിൽ പിറന്ന കൂടപിറപ്പ്.നിനുവിന്റെ അമ്മ ഒരു സ്ത്രീയല്ലേ.? നിങ്ങൾടെ മകനും ഭർത്താവും കെവിനെതിരെ കൊടുവാളുമായി ഇറങ്ങി തിരിച്ചത് എന്തേ നിങ്ങൾ മകളെ അറിയിച്ചില്ല?

നിങ്ങൾ ടെ മാറിലെ പാലും ചൂടുമേറ്റ് വളർന്നവൾ ഇന്ന് നിങ്ങൾ അമ്മയാണ് അവൾടെ എന്ന് പറയുന്നതിൽ ലജ്ജിക്കുന്നുണ്ടെങ്കിൽ എന്തായിത്ര തെറ്റ്?.
മക്കൾ എത്ര വലിയ തെറ്റ് കാണിച്ചാലും അത് ക്ഷമിക്കാനുള്ള കഴിവ് ഒരമ്മക്ക് മാത്രമേ ഉണ്ടാകയുള്ളു. ഇനിയുള്ള മകൾടെ ജീവിതം എന്താകും എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

21 വയസ് മാത്രം പ്രായമുള്ള അവൾടെ മുന്നിൽ എത്രയോ കഴുകക്കണ്ണുകൾ വട്ടമിട്ട് ഇനി പറക്കുന്നുണ്ടാവും? ഇനിയെത്ര തുഴയണം ഈ ആഘാതത്തിൽ നിന്ന് അവൾ മുക്തയാകണമെങ്കിൽ.മാനസികമായി അവൾ പുനർജനിക്കണമെങ്കിൽ എത്ര കടമ്പകൾ താണ്ടണം അവൾ? ഗവൺമെന്റ് അവൾക്ക് നഷ്ടപരിഹാരമോ ജോലിയോ കൊടുത്താൽ തിരിച്ച് വരുമോ അവൾടെ സ്വപ്ന ജീവിതം?

കെവിനും നിനുവും പരസ്പര സ്നേഹവും വിശ്വാസവും ഊട്ടിയുറച്ചതിന്റെ പേരിൽ ഒന്നാകാൻ ശ്രമിച്ചവർ.
ജിവിതത്തിന്റെ ശൈശവ ദിശയിലെ കാപാലികൻമാരാൽ പിഴുതെറിയപ്പെട്ട രണ്ട് വ്യക്തികൾ.അവർ തെരഞ്ഞെടുത്ത ജീവിതം നിനുവിന്റെ മാതാപിതാക്കൾക്ക് ഇഷ്ടമായിരുന്നില്ലായെങ്കിൽ ഇങ്ങനെ ഒരു കൊടും ചതിക്ക് ആ കുട്ടിയെ ഇരയാക്കേണ്ടിയിരുന്നില്ല.
നിങ്ങൾ അനുഗ്രഹിച്ചില്ലാ എങ്കിലും അവർ ജീവിതം കെട്ടിപ്പടുത്തേനേ. ആ കൊച്ചു പയ്യൻ എന്ത് മാത്രം വേദന തിന്നു കാണും അവനെ ഇഞ്ചിഞ്ചായി കൊല്ലുമ്പോൾ.

അതേ വേദന പ്രതികളായിരിക്കുന്നവർ അനുഭവിക്കണം. പ്രതികൾക്ക് തൂക്കുകയർ തന്നെ ലഭ്യമാകണം.ഒന്നോ രണ്ടോ കേസുകളിൽ ശക്തമായ ഒരു വിധി ഉണ്ടായാൽ കൊലക്കിറങ്ങാൻ പേടിയുണ്ടാവും.പ്രായപൂർത്തിയായ കുട്ടികൾ അവരുടെ ജീവിതം ജാതി മത ചിന്തകൾക്കതീതമായി സ്വയം തിരഞ്ഞെടുക്കുകയാണെങ്കിൽ അതിനെ അനുകൂലിക്കാനും അവർക്ക് ജീവിക്കാനുള്ള പരിതസ്ഥിതിയും അനുകൂലമാക്കുവാൻ ഗവൺമെന്റിന് ഉത്തരവാദിത്വമുണ്ട്.

പ്രായപൂർത്തിയായ കുട്ടികൾ സ്വന്തം ജീവിതം തിരഞ്ഞെടുക്കുമ്പോൾ ജാതി മത വർഗ്ഗവർണ്ണവിവേചനങ്ങളും സോഷ്യൽ സ്റ്റാറ്റസും നോക്കാതെ കുട്ടിയുടെ നല്ല ഭാവിക്ക് വേണ്ടി മാത്രം ചിന്തിക്കുക.നിങ്ങൾ മാതാപിതാക്കൾ അവരുടെ അഭിമാനം മാത്രം നോക്കിയിട്ട് കാര്യമില്ല. ഈ കുട്ടികൾക്കും നിങ്ങൾ പറയുന്ന ആ മേലങ്കിയുണ്ട്.വിട്ടുവീഴ്ചകൾ ചെയ്യാൻ ആഗ്രഹമില്ലാത്തവർ അവരുടെ പുറകേ വാളുമായി അങ്കം വെട്ടാൻ ഇറങ്ങാതെ സ്വതന്ത്രമായി വിടു. അവരും ജീവിക്കട്ടെ.

അന്യ മതത്തിൽപ്പെട്ട ഒരു യുവാവിനെ അല്ലെങ്കിൽ യുവതിയെ വിവാഹം ചെയ്യുവാൻ ആഗ്രഹിക്കുന്ന വ്യക്തി അവരുടെ ഭാവി ജീവിതം മുന്നിൽക്കണ്ട് കൊണ്ടു തന്നെയാണ് അതിലേക്കിറങ്ങിയത്.അവർക്കിടയിൽ ജാതിമത വൈരുധ്യ ചിന്തകൾ കുത്തിനിറച്ച് സ്വന്തം മകളുടെ /മകന്റെ ഭാവി ജീവിതം നശിപ്പിക്കാതിരിക്കുക.
ഇനിയും ഇതുപോലെയുള്ള ആതിരമാരും കെവിൻ മാരും ഈ വേലിക്കെട്ടിനുള്ളിൽ ശ്വാസം കിട്ടാതെ പിടഞ്ഞ മരിക്കാതിരിക്കട്ടെ.