പാളയത്തിലെ പട മുഖ്യനെ വെട്ടി വീഴ്ത്താൻ ശ്രമിക്കുന്നോ?

അജയ് കുമാർ
മുഖ്യ മന്ത്രിയുടെ സുരക്ഷ സംസ്ഥാനത്തിന്റെ ചുമതലയാണ്. അത് പിണറായി വിജയനുള്ള ഔദാര്യമല്ല മറിച്ച് സുരക്ഷാ ഭീഷണിയുള്ള ഭരണകർത്താക്കൾക്ക് നിയമ പ്രകാരം അനുവദിച്ചിട്ടുള്ള നടപടിയുടെ ഭാഗമാണ്. മാവോയിസ്റ്റ് പ്രവർത്തകരിൽ നിന്നും ചില നിരോധിത മത ന്യുനപക്ഷ സഘടനകളിൽ നിന്നും അദ്ദേഹത്തിന് ഭീഷണി ഉണ്ടായതായി വന്ന വാർത്തകൾ പൊതു സമൂഹം മറന്നു പോകരുത്!!

മുഖ്യ മന്ത്രിയുടെ സുരക്ഷാ ചുമതലയുമായി തിരക്കിലാണെന്നു പറഞ്ഞു, സ്വന്തം മകന്റെ, ഭർത്താവിന്റെ ജീവനുവേണ്ടി കാലുപിടിച്ചു കരഞ്ഞ അച്ഛനെയും, മകളെയും നിഷ്ക്കരുണം പോലീസ് സ്റ്റേഷനിൽ നിന്നും ഇറക്കി വിടാൻ ഒരു സാധാരണ ഉദ്യോഗസ്ഥന് സാധിച്ചു എങ്കിൽ .. മുഖ്യ മന്ത്രി ആഭ്യന്തര വകുപ്പിന് സാരമായ തകരാറുണ്ട്!!!

38 പോലീസ് വാഹനങ്ങൾ തലങ്ങും വിലങ്ങും മുഖ്യ മന്ത്രിയുടെ സുരക്ഷയുമായി കോട്ടയം നഗരം ചുറ്റിയടിക്കുമ്പോൾ, ആയുധങ്ങളുമായി മുന്ന് വാഹനങ്ങളിൽ ഇരകളെ തട്ടി കൊണ്ട് പോകാൻ സാധിച്ചതിനു പിന്നിലെ രാഷ്ട്രീയ സ്വാധീനം പൊതു സമൂഹത്തിനു മനസ്സിലായിട്ടും,മുഖ്യമന്ത്രിക്ക് മനസ്സിലായില്ല പോലും!!

അങ്ങയുടെ ഭരണകാലത്ത് ഉണ്ടായ 12 ഓളം രാഷ്ട്രീയ കൊലപാതകങ്ങളിൽ 9 എണ്ണവും കണ്ണൂരിൽ നിന്നാണെന്ന സത്യം അങ്ങ് എന്നെങ്കിലും വിലയിരുത്തിയിട്ടുണ്ടോ? കണ്ണൂരിൽ നടന്ന കൊലപാതകങ്ങളിൽ 7 എണ്ണത്തിലും സി പി എം പ്രവർത്തകർ പ്രതിക്കൂട്ടിൽ നിൽക്കുന്ന വസ്ത്തുത അങ്ങയെ നൊമ്പരപ്പെടുത്തുന്നില്ലേ?

ഒരുകാലത്ത് ലോക്കപ്പ് മർദ്ദങ്ങൾക്കെതിരെ വാരിക്കുന്തം എടുത്തവർ, ഇന്ന് ലോക്കപ്പ് കൊലപാതകത്തെ ന്യായികരിക്കുന്നത്, വിമർശനങ്ങളെ അസഹിഷ്ണുതയോടെ കാണുന്ന അങ്ങേയ്ക്കു സന്തോഷം തരുമായിരിക്കാം, പക്ഷെ ഉത്തമരായ സഖാക്കൾ സഹിച്ചെന്നു വരില്ല.

വാടിക്കൽ രാമകൃഷ്ണൻ എന്ന ആർ എസ് പ്രവത്തകന്റെ കൊലപാതക നാളിൽ നിന്നും മുഖ്യ മന്ത്രിയിലേക്കുള്ള അങ്ങേയുടെ വളർച്ച കല്ലും മുള്ളും നിറഞ്ഞ വീഥികളിലൂടെ ആയിരുന്നു എന്ന സത്യം സഖാക്കൾക്ക് മാത്രമല്ല, പൊതു സമൂഹത്തിനും കൃത്യമായി അറിയാവുന്ന വസ്തുതയാണ്. നായനാർക്ക് ശേഷം ജനകീയനായ വി എസ്, കേന്ദ്ര നേതൃത്വത്തിന്റെ പിൻബലത്തിൽ ഉയർത്തിയ ശക്തമായ വെല്ലുവിളികൾ അതി ജീവിച്ച അങ്ങ് കരളുറപ്പുള്ള ശക്തനായ ഒരു രാഷ്ട്രീയ നേതാവാണെന്ന വസ്തുത വിലയിരുത്തുമ്പോൾ, നിരന്തരമായുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ, പാർട്ടി സഖാക്കൾ ഉൾപ്പെടുന്ന കൊട്ടേഷൻ കൊലപാതകങ്ങൾ നിയന്ത്രിക്കാൻ കഴിയാത്ത അങ്ങയുടെ ഭരണ പരാജയം സ്വയം തിരഞ്ഞെടുത്തതാണോ അതോ പാളയത്തിൽ പട അങ്ങെയേ വെട്ടി വീഴ്ത്താൻ ശ്രമിക്കുന്നതോ?