കേരളത്തിലെ ആദ്യത്തെ ദലിത് ക്രിസ്ത്യാനി: ആബേല്‍

എം. എ വിജയന്‍ കവിയൂര്‍

18-ാം നൂറ്റാണ്ടിന്റെ അന്ത്യം, കേണല്‍ പീറ്റ് എന്ന സായിപ്പ് മല്ലപ്പള്ളിയ്ക്കടുത്ത് കൈപ്പറ്റ എന്ന പ്രദേശത്തുകൂടി കുതിരപ്പുറത്ത് പോകുന്നു. യാത്രയില്‍ ഒരു മനുഷ്യന്റെ നരകയാതന അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍പ്പെട്ടു. വയലല്‍ ഉഴവു നടക്കുന്നു. നുകത്തിന്റെ ഒരു വശത്ത് ഒരു പോത്തും മറുവശത്ത് മെല്ലിച്ച് കറുത്ത് അവശനായ ഒരു മനുഷ്യനും നുകം വലിക്കുന്നു. സായിപ്പ് ഇറങ്ങി കരയ്ക്കു നിന്ന ശുഭവസ്ത്രധാരിയായ നിലമുടമയോട് കാര്യം അന്വേഷിച്ചു. ”ഇവന്‍ ഞങ്ങളുടെ അടിമയാണ്. 4 ചക്രം വിലകൊടുത്ത് വാങ്ങിയതാണ്”. ” നിങ്ങള്‍ക്കു വേണമെങ്കില്‍ 12ചക്രത്തിന്ന് തന്നേക്കാം”. 12 ചക്രം കൊടുത്ത് സായിപ്പ് ദൈവത്താന്‍ എന്ന അടിമയെ വിലയ്ക്കുവാങ്ങി. ക്രിസ്തുമതത്തില്‍ ചേര്‍ത്തു. അങ്ങനെ ദൈവത്താന്‍ ആബേലായി. കേരളത്തിലെ ആദ്യത്തെ ദലിത് ക്രിസ്ത്യാനി: ആബേല്‍. ആബേലിനുവേണ്ടി ഈ കുറിപ്പ് സമര്‍പ്പിക്കുന്നു.

തീണ്ടലും തൊടീലും പ്രബലമായിരുന്നെങ്കിലും ദൈവത്തിന് അവര്‍ണ്ണരോടാണ് ഇഷ്ടം എന്ന് മഹത്തുക്കളും മഹത്ഗ്രഹന്ഥങ്ങളും പറയുന്നു. അതായത് ദൈവത്തിന് ഇഷ്ടബലി അവര്‍ണ്ണരായിരുന്നു. പാടത്ത് മടവീഴുമ്പോഴും, പേമാരി ഉണ്ടായപ്പോഴും അവയെല്ലാം ദൈവകോപമാണെന്നു കരുതി അനേകം അവര്‍ണ്ണരെ കുരുതി കൊടുത്തിരുന്നു. അടിയാന്മാര്‍ പാതിവൃത്യം ലംഘിച്ചതിനാലാണത്രേ ജന്മിയുടെ പാടത്ത് മടവീണത്. പൊട്ടിയൊഴുകിവരുന്ന വെള്ളത്തെ തടയാന്‍ മടയില്‍ ചേര്‍ന്നു നിന്ന അടിയാന്റെ മേല്‍ കട്ടവെട്ടിയിട്ട് മടവീഴ്ച തടഞ്ഞ് പുറംബണ്ടു നിര്‍മ്മിച്ചതും ചരിത്രത്തിന്റെ ഭാഗം തന്നെ. ഇങ്ങനെയുണ്ടായ സ്ഥലനാമങ്ങള്‍ ഏറെ; രാമന്‍ കരി(കരി എന്നാല്‍ നിലം എന്ന അര്‍ത്ഥം) കുമാരന്‍ കരി, കണ്ടന്‍ കരി, ചേനന്‍ കരി, നീലന്‍ കരി തുടങ്ങിയ സ്ഥലനാമങ്ങള്‍ ഇത്തരത്തിലുണ്ടായ തിരുശേഷിപ്പുകളാണ്. വലിയ കെട്ടിടങ്ങള്‍, പാലങ്ങള്‍ ഇവ ഉറയ്ക്കാന്‍ അനേകായിരം അടിയാളര്‍ ജീവന്‍ ബലിയര്‍പ്പിച്ചിട്ടുണ്ട് എന്നത് അറിയപ്പെടാത്ത സത്യങ്ങള്‍.

പാടത്തിന്റെ വരമ്പുകളിലും തുരുത്തുകളിലും പഴന്തുണിയും പഴഞ്ചാക്കുകളും തണങ്ങും കൊണ്ടുപൊതിഞ്ഞ ‘പുല’ ചാളകള്‍, കണ്ടാല്‍ കുട്ടകമഴ്ത്തിയതുപോലെ. നമ്പൂതിരി ഇല്ലങ്ങളും ക്ഷേത്രങ്ങളും മാത്രമേ ഓല മേയാന്‍ അനുവാദമുണ്ടായിരുന്നുള്ളു. ചെറ്റപ്പുരകള്‍ക്കുണ്ടാകാവുന്ന പൊക്കവും വിസ്തൃതിയും നോക്കാന്‍ ‘തണ്ടാന്‍’ എന്നൊരു സ്ഥാനക്കാരുമുണ്ടായിരുന്നു.

മേല്‍പറഞ്ഞതരം ഒരു കുടിലിലാണ് ഇട്ടിയും കുടുംബവും താമസിച്ചിരുന്നത്, നമ്പ്യാരത്തെ അടിയാനായിരുന്നു ഇട്ടിയുടെ പിതാവ് ചീരാടി. അപ്പനെ കണ്ട ഓര്‍മ്മ ഇട്ടിക്കില്ല. ഐരാറ്റില്‍ പാലം ഉറയ്ക്കാന്‍ ഇട്ടിയുടെ അപ്പനെ ബലി കഴിച്ചതാണ് എന്ന് അമ്മ പൂവങ്ക പറഞ്ഞത് ഇട്ടിക്കോര്‍മ്മയുണ്ട്. കൊയ്ത്ത് കഴിഞ്ഞ് പാടത്ത് പാടത്തിനുതാഴെ കിടന്നുറങ്ങിയ ചീരാടിയെ നമ്പ്യാരത്തെ കാര്യസ്ഥന്‍മാര്‍ പിടിച്ചുകൊണ്ടുപോയി. രാത്രിയുടെ മൂന്നാം യാമത്തിന്‍ പാലത്തിന് വേണ്ടി എടുത്ത തൂണ്‍ കൂഴിയില്‍ ചീരാടിയെ കുനിച്ചിരുത്തി മുകളില്‍ കരിങ്കല്ലു പാകുകയാണുണ്ടായത്. വയസ്സ് അറുപതായിട്ടും കാണാത്ത അപ്പനെയോര്‍ത്ത് ഇട്ടി കരഞ്ഞിട്ടുണ്ട്.’ എന്നാണെന്റെ ദൈവമേ എന്റെ, കഷ്ടത മാറണത്’ ചീരാടി പാടീയപാട്ടുകള്‍ അമ്മ പറഞ്ഞുതന്നത് ഇട്ടി ഓര്‍ക്കും. ഒരിക്കലും കണ്ടിട്ടില്ലാത്ത അപ്പനെ ഓര്‍ത്ത് സങ്കടപ്പെടും. അപ്പനെ ഓര്‍ക്കുമ്പോള്‍ ഇട്ടിക്കും ജീവിക്കണമെന്നുതോന്നും ചിലപ്പോള്‍ മരിക്കണമെന്നും:ഇട്ടി ആഗ്രഹിച്ചാല്‍ ജീവന്‍ പോവില്ലല്ലോ? സങ്കടം ഇരട്ടിക്കുമ്പോള്‍ ഇട്ടിയും പാടും….. എന്നാണെന്റെ ദൈവമേ….. എന്റെ കഷ്ടത മാറണത്….. ഇട്ടി ഏഴര വെളിപ്പിനെ ഉണര്‍ന്നു. തമ്പ്രാന്റെ പാടത്ത് വെള്ളം കയറ്റണം. ഉഴവുകാരന്‍ വരും. എട്ടുപറയില്‍ വിതയാണ്, കുറ്റിക്കാട്ടുഞാറുപറി, കണഞ്ഞാലില്‍ ഉഴവ്. ഏനൊരുത്തന്‍ എങ്ങോട്ടൊക്കെ ഓടണം….. നേരം പരപരാ വെളുത്തു. ഭാര്യ അണിമ ഇതുവരെ എഴുന്നേറ്റിട്ടില്ല. മൂടിപ്പുതച്ചുകിടക്കുന്നു. ഇതെന്തെരുകിടപ്പാ, എന്റെ തമ്പ്രാന്റെ കൃഷി മുഴുവന്‍ വെള്ളത്തിലാ. എടീ അണീമേ… അണീമേ…ഇട്ടി കുലുക്കിവിളിച്ചു. എടീ കണത്താലില്‍ ഉഴവാ നീ അങ്ങോട്ടു പോണു, ഏന്‍ എട്ടുപറ വരെപോയി ആളെ ഇറക്കി, തിരുവനെ ഏപ്പിച്ചിട്ടുവരാം. കുറ്റിക്കാട് നോക്കാന്‍ നിന്റാങ്ങള കുഞ്ചനെ ഏപ്പിച്ചിട്ടുണ്ട്. എടീ എഴുനേരടീ…. എനിക്കു വയ്യ മനിച്ചേനെ, നീങ്ങഇങ്ങാവന്നേ, ഏന്റെ മുഞ്ഞീലോട്ടൊന്നുനോക്ക്, തേകമാതകലം മേതന. ഇട്ടി അണിമയ്ക്കരുകിലിരുന്നു മുഞ്ഞിതടവി തിരുനെറ്റിയിലൊരു കുരു. എടീ താനത്തൊക്കെ (സ്ഥാനത്തൊക്കെ) ഒണ്ടോടീ? ങാ- അണീമമൂളി, ഇട്ടി മുറ്റത്തേക്കിറങ്ങി.

സൂര്യഭഗവാനെ തൊഴുതു. എന്റെ തൈവമേ, മാരാശേരിമഹന്ത(മഹാദുരന്തം) എന്റെ കുടിലിലുമെത്തിയോ? ഏത് അപ്പോത്തിക്കിരിയുടെ(ഡോക്ടര്‍) അടുത്തുപോവാന്‍. അപ്പോത്തിക്കിരി കുഴല്‍ വച്ചുനോക്കിയാല്‍ അണിമയുടെ ദണ്ഡം മാറും. ഏങ്ങളെ ഏതു അപ്പോത്തിക്കിരി നോക്കാന്‍. അപ്പോത്തിക്കിരി വരുന്നതിനും മുപ്പ് ഏങ്ങളും ജീവിച്ചില്ലേ; ഇനീം ഏന്റെ തമ്പ്രാന് ഏങ്ങളെ വേണങ്കി ഏങ്ങള് ചീവിക്കും. ഇട്ടി കുടിലിനകത്തേക്കു കയറി. മുണ്ടിന്റെ കോന്തല വലിച്ചുകീറി വെളിച്ചെണ്ണ കുപ്പി തപ്പി തുണി നനയാനുള്ള എണ്ണയില്ല. തുണി കുപ്പിക്കകത്തേക്കിട്ടു തുണിനനഞ്ഞെന്നു തോന്നു. ഒരു ഞറുക്കില എടുത്തു. ഒരു കഞ്ഞൂടിചട്ടിയും കുഞ്ഞുടി ചട്ടിയില്‍ അച്ചിര പച്ചമഞ്ഞള്‍ അരച്ചു കലക്കി, കൂടെ കുറെ ചുണ്ണാമ്പും….. ചുണ്ടാമ്പും മഞ്ഞളും കലര്‍ന്ന ചോര നിറമാര്‍ന്ന കുരുസിയിലേക്ക് ഞറുക്കില വച്ചു. ഞറുക്കിലക്ക് മുകളില്‍ തിരശ്ശീല കത്തിച്ചു വച്ചു. ഒരു തിരശ്ശീലതിരി കത്തിച്ചു കൈയില്‍ വച്ചു അണിമയുടെ തലച്ചൂട്ട് ചെന്നു. വെളക്കതിരി മൂന്നു തവണ അണിമയെ ഉഴിഞ്ഞു. മുന്നത്തിറങ്ങി വടക്കോട്ടു തിരിഞ്ഞുനിന്നു പ്രാര്‍ത്ഥിച്ചു.”കൊഞ്ചയില്ല പരിഷക്കാരെ എന്റെ വല്ല്യച്ചാ എന്റെ അച്ചന്‍ കടപ്രമലേ, എന്റെ പെറ്റതള്ളേ കല്ലൂപ്പാറേ, എന്റെ കൊടുങ്ങല്ലൂരെ എന്റമ്മാവമ്മാരെ, നിങ്ങളെല്ലാം അക്ക്രെ നാട്ടിപ്പോയി ഏനിവിടെ ഒറ്റയ്ക്കായി, മേളോട്ടു നോക്കീട്ടാകാശം താഴോട്ടുനോക്കീട്ടു പൂമി, നിക്കാന്‍ നിലയില്ല. ഒളിക്കാന്‍ കാടില്ലി: എന്റെ തമ്പ്രാനു നല്ലകാലം വരുത്തണം. എന്റെ തമ്പ്രാനില്ലേ ഏങ്ങളുമില്ല. എന്റെ അണിമ എഴുന്നേക്കണം. അവള്‍ എടങ്കാലുവക്കുമ്പം നീങ്ങ വലങ്കാലു വെക്കണം എന്റെ പെറ്റതള്ളേ നിങ്ങള്‍ക്ക് കര്‍ക്കടോ വാവിന് വെള്ളം കുടി തന്നേക്കാം” കഞ്ഞൂടി ചട്ടിയില്‍ വച്ച കുരുസിയിലേക്ക് തിരിയിട്ട കൂട്ടാന്‍ ചട്ടികമഴ്ത്തി. കുരുസി പിടിച്ചു. അണിമേ…. നീയങ്ങു മന്നേരു, ഏമ്പോണു. വയത്തൂമ്പ തോളില്‍ വച്ച് ഇട്ടി നടന്നുനീങ്ങി, നടപ്പില്‍ ഇട്ടി പാടി….

” എന്നാണെന്റെ ദൈവമേ എന്റെ കഷ്ടതമാറണത്?”
” ചിരുതേ,” ”ചിരുതേ” അണിമ വിളിച്ചു”

ചിരുത ഓടിച്ചെന്നു. ചിരുതക്കു 12 വയസ്സ്. ചരുതയ്ക്കുതാഴെ പൂതാളി എന്നൊരു പെണ്‍കുട്ടിയുണ്ടായിരുന്നു.ഇട്ടിയും അണിമയും പണിക്കുപോകുമ്പോള്‍ പാടവരമ്പില്‍ കുഴികുത്തി കുഴിയില്‍ ചിരുതയേയും മൂന്നുവയസ്സുള്ള പൂതാളിയെയും കഴിയിലിരുത്തിയിട്ടാണ് ഇരുവരും പണിക്കുപോകുന്നത്. അന്തിയായി പണികഴിഞ്ഞു വരുമ്പോള്‍ ചിരുതയെയും തളര്‍ന്നുറങ്ങുന്ന പൂതാളിയേയും എടുത്തുകൊണ്ടുപോകും. ഒരുനാള്‍ പണികഴിഞ്ഞു വരുമ്പോള്‍ കണ്ട കാഴ്ച ഹൃദയ ഭേദകമായിരുന്നു. ചിരുതമൃതപ്രായയായി. പൂതാളിയുടെ ദേഹമാസകലം ഉറുമ്പരിച്ചു. ആഹാരമോ ഇല്ല. കുടിക്കാന്‍ വെള്ളം കൊടുക്കാനും മറന്നുപോയി. അന്ന് അര്‍ദ്ധപ്രാണനായ ചിരുതയെയും ശവമായ പൂതാളിയെയുമാണ് എടുത്തുകൊണ്ടു പോന്നത്. ഇങ്ങനെ എത്രയെത്ര പൂതാളിമാര്‍. ദു:ഖം സമ്മാനിച്ചവര്‍ക്കറിയില്ലല്ലോ ദുഖിതന്റെ വേതന. പൂതാളി മരിച്ച ശേഷം ഉണ്ടായ ആണ്‍കുട്ടിയാണ് പുത്രാളി. 2 വയസ്സ്. മണ്ണിലിഴയുന്നു. പീള കെട്ടിയ കണ്ണുകള്‍. വയറ്റില്‍ ജീവനുള്ള ഒരു വിര ഉണ്ടോ എന്നു സംശയം!. എണ്ണമയം കണ്ടിട്ടു മാസങ്ങളായി ചിരുതയും അങ്ങനതന്നെ.

”ചിരുതേ…. തൊണ്ട ഒണങ്ങുന്നു. ഇച്ചിര കഞ്ഞിതാ” ചിരുത കഞ്ഞിക്കലം തുറന്നു നോക്കി. തലേന്നു വച്ച കഞ്ഞിയില്‍ ഒരു തവി കാണും. അത് അണിമയുടെ വായിലേക്കൊഴിച്ചുകൊടുത്തു.” എടീ ആ കൊച്ചിനു വല്ലോം കൊടു. കൊച്ചു കരേന്ന കേട്ടില്ല” ”ഇവിടൊന്നുമില്ലമ്മേ, ഒരു മണി അരിയില്ല.” ചിരുത പുറത്തേക്കിറങ്ങി. ആഞ്ഞിലിച്ചോട്ടില്‍ നിറയെ ആഞ്ഞിലിക്കുരു. തോര്‍ത്തില്‍ അതെല്ലാം പെറുക്കി. കുടി യില്‍ കൊണ്ടുവന്നു ഓട്ടിലിട്ടു വറുത്തു.കൊഴവിക്കല്ലു ഉരുട്ടി. ‘ചവുരു’ കളഞ്ഞു കരയുന്ന കൊച്ചിനു കൊടുത്തു. ഒരു ചട്ടിയില്‍ ശകല പച്ചവെള്ളവും കൊടുത്തു. കൊച്ചു കരച്ചില്‍ നിര്‍ത്തി. ” അമ്മയ്ക്ക് വേണോമ്മേ” ” എനിക്ക് വേണ്ട. എനക്കിച്ചിരി കഞ്ഞി കിട്ടിയാ മതി.” ഇനി അത്യാന്‍ വരാതെ കഞ്ഞി കിട്ടില്ല എന്ന് അണിമയ്ക്കറിയാം.

ആരോ കൂരയ്ക്കടുത്തേക്ക് നടന്നു വരുന്ന ശബ്ദം. പണിക്കു വരാത്തവരെ പിടിച്ചുകൊണ്ടുവരാന്‍ തമ്പ്രാന്‍ അയച്ചവരാണ് എന്ന് അണിമയ്ക്കറിയാം. വന്നവന്‍ മൂടിപ്പുതച്ചു കിടക്കുന്ന അണിമയുടെ ദേഹത്തെ തുണികള്‍ കയ്യിലിരുന്ന വടികൊണ്ട് മാറ്റി.” എടി അണിമേ…. പണിക്കു വരുന്നില്ലേ”…..”വയ്യതമ്പ്രാ… എന്നക്കൊട്ടും വയ്യ” ” ഇല്ലെങ്കില്‍ നിന്റെ പിള്ളങ്ങളേം ഈ കുടിം ഇപ്പം കത്തിക്കും” ” വേണ്ട തമ്പ്രാ…. വേണ്ട തമ്പ്രാ… ഏന്‍ വരാം” അവള്‍ വേച്ച് വേച്ച് എഴുന്നേറ്റു ”അമ്മേ”….. ചിരുതയുടെ വിളി ആര്‍ദ്രമായി. ”വേണ്ട മോളേ ഞമ്മ തമ്പ്രാന്റെ അടിമകളാ, നീ കൊച്ചിനെ നോക്കണം. പോകാതെ പറ്റില്ല മോളേ” ”അന്തിക്കു വരുമ്പം ‘ക്ലാക്കാ’ കൊണ്ടുവരാം.”(കാച്ചില്‍ വള്ളിയില്‍ ഉണ്ടാകുന്ന ഒരുതരം കാച്ചില്‍)”മോളു തൊണ്ടുകാപ്പി ചൂടാക്കിയിട്ടേക്കണം.” അണിമ കണ്‍മുന്നില്‍ നിന്നും മറയും വരെ ചിരുത നിറകണ്ണുകളോടെ നോക്കി നിന്നു. ഒക്കത്ത് പുത്രാളിയും.
അവള്‍ കരയിലെത്തി. ” നുകത്തിലെ ഒരു കാളയെ അഴിച്ചുമാറ്റി പകരം അവളെക്കെട്ട്”

”മടികാണിക്കുന്നവര്‍ക്ക് ഇതൊരു പാഠമാകട്ടെ” തമ്പുരാന്‍ കല്‍പിച്ചു. മാറ്റപ്പെട്ട കാളയ്ക്കു വകരം അണിമയെ നുകത്തില്‍ കെട്ടി. ഈ കാഴ്ച കണ്ടുനിന്നവരിലും നൊമ്പരമുണ്ടാക്കി. ഭയം മൂലം ആരുമൊന്നും പറഞ്ഞില്ല. നുകത്തിന്റെ ഒരു വശത്തുനിന്ന കാളയെ ഉഴവുകാരന്‍ അടിച്ചുകൊണ്ടിരുന്നു. അടി കൊള്ളുന്ന കാളയുടെ ഒപ്പമെത്താന്‍ അണിമ പാടുപെട്ടു. വായില്‍ നുരയും പതയും പതഞ്ഞുപൊങ്ങി ഉഴവുകാരന്‍ കാളയെ ആഞ്ഞാഞ്ഞ് അടിക്കുന്നു. ” അടിയനു വയ്യ തമ്പ്രാ….. അടിയനോട് പൊറുക്കണേ, എന്റെ തൈവേ എനക്ക് വയ്യായേ” അള്‍ കേണപേക്ഷിച്ചു. അടികൊണ്ട് പുളഞ്ഞ കാളയേക്കാള്‍ വേഗത്തില്‍ അണിമ നുകത്തിനു മുകളില്‍ കൂടി ചേറിലേക്കു മറിഞ്ഞു.” ആ പൊലയാടി മോള്‍ക്കും കൂടി കൊടുക്കടാ രണ്ടെണ്ണം” നിറകണ്ണുകളോടെ ഉഴവുകാരന്‍ അണിയെ ആഞ്ഞാഞ്ഞ് അടിച്ചു. ചാട്ടക്കണ ഒടിയും വരെ അടിച്ചു. നിലത്തുവീണ അണിമയെ കണ്ട് തമ്പ്രാന്‍ അലറി ” അവളെ അടിച്ചെഴുന്നേപ്പിക്കടാ””തമ്പ്രാ അള്‍ ചത്തു” ഉഴവുകാരന്‍ അണിമയെ തൊട്ടുനോക്കി മരണം ഉറപ്പാക്കി. കുറ്റിക്കാട്ടില്‍ വരമ്പുകെട്ടാന്‍ പോയ ഇട്ടി വിവരമറിഞ്ഞ് ഓടിയെത്തി.” എന്റെ അണിമേ, നീ പോയല്ലോടി….. ഏങ്ങടെ കൊച്ചുങ്ങുക്കിനി ആരുണ്ടെടീ…..? സഹായിക്കാന്‍ ഇട്ടി അണിമയുടെ ചേറില്‍ പൂണ്ട മൃതദേഹം വാരിയെടുത്തു കുടിയിലേക്കു നടന്നു ഇട്ടി അലറിക്കരഞ്ഞുപാടി ”പുഞ്ചപ്പാടം തന്നിലേക്കേന്‍ മേലോട്ടുപോകയാണോ….. എന്നാണെന്റെ തൈവേ ഏങ്ങടെ കഷ്ടത മാണറത്.” ഈ രംഗം കണ്ടുനിന്നവരുടെ നെഞ്ചകം പിളര്‍ത്തുന്ന നൊമ്പരമുണ്ടാക്കിയിരിക്കണം.

നീതിക്കുവേണ്ടി ഇരന്ന് ഇവിടമാകെ ഉഴറിനടന്ന് ജീവിച്ച് മണ്ണടിഞ്ഞ ജനത്തിന്റെ ആത്മനൊമ്പരങ്ങള്‍ കെടുത്താത്ത ദിനങ്ങള്‍, അവ പിന്‍തലമുറയ്ക്കായി ബാക്കി വച്ച് എത്രയോ ജന്മങ്ങള്‍ കടന്നുപോയി. ഈ ലോകം അവസാനിച്ചാലും ഞങ്ങള്‍ക്കൊന്നുമില്ല. ഞാനും ഭാര്യയും ഒരു പലചരക്ക്കടയോ ഉദ്യോഗമോ, വിദേശപണമോ, ഉണ്ടെങ്കില്‍ ഞങ്ങളു ജീവിക്കും എന്നു കരുതുന്ന ആധുനിക തലമുറയ്ക്കറിയില്ലല്ലോ ഇവിടെ ഇങ്ങനൊക്കെ നടന്നിരുന്നെന്ന്.