പൊലീസിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ വഴിതേടി മുഖ്യമന്ത്രി ഡിജിപിമാരുടെ യോഗം വിളിച്ചു

പൊലീസിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ വഴിതേടി മുഖ്യമന്ത്രി പ്രത്യേകയോഗം വിളിച്ചു. മുന്‍ ചീഫ് സെക്രട്ടറിമാരും ഡി.ജി.പിമാരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. നാളെ വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് യോഗം. തുടര്‍ച്ചയായുണ്ടാകുന്ന വീഴ്ചകള്‍ പരിഹരിക്കാനും പ്രതിച്ഛായ മെച്ചപ്പെടുത്താനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്യും.

പൊലീസ് തലപ്പത്തെ അഴിച്ചുപണിയും പരിഗണനയിലുണ്ട്. ദുരഭിമാനക്കൊലയിലും മുഖ്യമന്ത്രി അടക്കം നേരിട്ട് വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ട സ്ഥിതിവിശേഷം വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷ അടക്കം വിഷയമാക്കി പ്രതിപക്ഷം ശക്തമായ വിമര്‍ശനമാണ് നടത്തുന്നത്. ഒപ്പം സമൂഹമാധ്യമങ്ങളിലും സര്‍ക്കാരിനെതിരെ വലിയ രോഷമാണ് ഉയരുന്നത്.

കൊലയാളികളെ സംരക്ഷിക്കുന്ന അന്വേഷണമാണ് നടക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ ആരോപിച്ചു. ഇപ്പോഴത്തെ അന്വേഷണം തൃപ്തികരമല്ല. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും കെവിന്റെ വീട് സന്ദര്‍ശിച്ചശേഷം ഹസന്‍ പറഞ്ഞു.