എസ്‌ഐ ഷിബു പണം വാങ്ങി; തട്ടിക്കൊണ്ട് പോകല്‍ പോലീസ് കാവലില്‍; വെളിപ്പെടുത്തലുമായി അനീഷ്

കൊല്ലം: നവവരന്‍ കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തട്ടിക്കൊണ്ടുപോകല്‍ എസ്‌ഐയും അറിഞ്ഞിരുന്നതായി വെളിപ്പെടുത്തല്‍. തട്ടിക്കൊണ്ടുപോകും വഴി ഷാനു ചാക്കോയും ഗാന്ധിനഗര്‍ എസ്‌ഐ യും ഫോണില്‍ സംസാരിച്ചിരുന്നതായി കെവിനൊപ്പം തട്ടിക്കൊണ്ടുപോയ ബന്ധു അനീഷ് വെളിപ്പെടുത്തി.

ഇരുവരും മൂന്ന് തവണ ഫോണില്‍ സംസാരിച്ചിരുന്നു. ഇതില്‍ രണ്ട് തവണ എസ്‌ഐ ഷാനുവിനെ അങ്ങോട്ട് വിളിച്ചതാണ്. തലേദിവസം രാത്രി പട്രോളിംഗിനിടെ ഷാനുവിനെ എസ്‌ഐ ചോദ്യം ചെയ്തിരുന്നു. അപ്പോള്‍ എസ്‌ഐക്ക് 10000 രൂപ നല്‍കിയെന്ന് ഷാനു പറഞ്ഞതായും അനീഷ് പറഞ്ഞു.

ഷാനുവിന്റെ ഫോണില്‍ നിന്നാണ് എഎസ്‌ഐ ബിജു തന്നെ വിളിച്ചതെന്ന് അനീഷ് പറഞ്ഞു. ഫോണ്‍ തന്നത് ഗാന്ധിനഗര്‍ എസ്‌ഐയെന്നു പറഞ്ഞാണെന്നും ആയുധം കാട്ടി ഭീഷണിപ്പെടുത്തിയാണ് പരാതിയില്ലെന്ന് പറയിച്ചതെന്നും അനീഷ് വെളിപ്പെടുത്തി. വാഹനത്തില്‍ ആയുധങ്ങളുണ്ടായിരുന്നുവെന്നും അനീഷ് പറഞ്ഞു.

പുലര്‍ച്ചെ മൂന്നു മണിയോടെയുള്ള സംഭാഷണം തെന്മലയ്ക്ക് തൊട്ടടുത്തുനിന്നാണ്. കെവിന്‍ വാഹനത്തില്‍ നിന്നു ചാടിപ്പോയെന്നു പറഞ്ഞ് അനീഷിനോട് ഗുണ്ടാ സംഘം ഗാന്ധിനഗര്‍ സ്റ്റേഷനില്‍ വിളിക്കാന്‍ പറഞ്ഞു. തങ്ങള്‍ സുരക്ഷിതരാണെന്നും ഉടനെ തിരികെ എത്തുമെന്നും പൊലീസിനെ ധരിപ്പിച്ചത് ഈ ഫോണ്‍ വിളിയാണ്. ഗുണ്ടാ സംഘത്തിന്റെ കെണിയില്‍ വീണ പൊലീസ് ഇരുവരും മടങ്ങി വരുന്നതും കാത്തിരുന്നു. കെവിന്‍ ചാടിപ്പോയെന്ന് എഎസ്‌ഐയെ പറഞ്ഞു വിശ്വസിപ്പിക്കാനും സാനു ശ്രമിക്കുന്നുണ്ട്. നീനുവിനെ തിരികെയെത്തിക്കാന്‍ പറ്റുന്നെതെല്ലാം ചെയ്തുതരാമെന്ന് എഎസ്‌ഐ ബിജു ഉറപ്പു നല്‍കുന്നതും സംഭാഷണത്തിലുണ്ട്.

തെന്മല വച്ച് കെവിന്‍ അപായപ്പെട്ടെന്ന് വ്യക്തമായ ശേഷമാണ് സാനുവും സംഘവും കെവിന്റെ സുഹൃത്ത് അനീഷിനെ വിട്ടയച്ചതെന്നതിന് തെളിവാണ് രണ്ടാമത്തെ ഫോണ്‍ സംഭാഷണം. ഷാനുവിന്റെ ഭീഷണിക്ക് വഴങ്ങി പരാതിയില്ലെന്ന് എഎസ്‌ഐ ബിജുവിനെ അനീഷ് വിളിച്ചറിയിക്കുന്ന ഫോണ്‍ സംഭാഷണവും ലഭിച്ചിട്ടുണ്ട്.

നേരത്തെ എസ്‌ഐ വിവരം അറിയുന്നത് രാവിലെ ഒമ്പത് മണിയോടെയാണെന്ന് ഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എസ്‌ഐ കുടുംബ പ്രശ്‌നമായി കണ്ട് സംഭവത്തെ ലഘൂകരിച്ചു എന്നാണ് ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഐജിയുടെ റിപ്പോര്‍ട്ടിന് വിരുദ്ധമായി കൈക്കൂലിയടക്കമുള്ള ആരോപണങ്ങളാണ് അനീഷിന്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നിരിക്കുന്നത്.