ചരിത്രവിജയമെന്ന് കോടിയേരി

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ എല്‍ഡിഫിന്റേത് ചരിത്ര വിജയമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാറിന്റെ വികസന നയത്തിനും മതേതരനിലപാടിനും കിട്ടിയ അംഗീകാരമാണ് ഈ വിജയമെന്ന് കോടിയേരി പ്രതികരിച്ചു.

യുഡിഎഫ് മുന്നോട്ട് വെച്ച മൃദു വര്‍ഗീയതയ്ക്കും രാഷ്ട്രീയ നാടകത്തിനും ചെങ്ങന്നൂരിലും തിരിച്ചടി കിട്ടിയെന്നും കോടിയേരി പറഞ്ഞു. സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകും ഉപതെരഞ്ഞെടുപ്പ് ഫലം എന്ന നിലപാടില്‍ ഉമ്മന്‍ ചാണ്ടി ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തില്‍ പോലും യുഡിഎഫിന് തിരിച്ചടിയായി. കേരള രാഷ്ട്രീയത്തില്‍ യുഡിഎഫിന്റെ പ്രസക്തി നഷ്ടപ്പെടുന്നു എന്നു തെളിയിക്കുന്നതാണ് സജി ചെറിയാന്റെ വിജയനെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

കേരള കോണ്‍ഗ്രസ്സിന്റെ അണികള്‍ പോലും മാണിയുടെ ആഹ്വാനം മുഖവിലയ്‌ക്കെടുത്തില്ല. കേരളത്തില്‍ നിന്ന് സിപിഎമ്മിനെ ഇല്ലാതാക്കും എന്നായിരുന്നു ബിജെപി പ്രഖ്യാപനം. ആര്‍എസ്എസിനെ ഇറക്കി ബിജെപി പ്രചരണം നടത്തി. എന്നിട്ടും, കഴിഞ്ഞ തവണ കിട്ടിയ വോട്ടു പോലും നേടാന്‍ ആയില്ലെന്നും കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച പടവലങ്ങ പോലെ കീഴോട്ടാണെന്നും കോടിയേരി പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.