കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം; ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്ന സംഘം കാഞ്ചീപുരത്തേക്ക് പുറപ്പെട്ടു

ചെന്നൈ: കാഞ്ചീപുരത്തെ ചെങ്കല്‍പേട്ടിനടുത്ത് കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇതേത്തുടര്‍ന്ന് പത്തനംതിട്ടയില്‍നിന്ന് കാണാതായ വിദ്യാര്‍ഥിനി ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്ന പൊലീസ് സംഘം കാഞ്ചീപുരത്തേക്ക് പുറപ്പെട്ടു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ചെങ്കല്‍പേട്ടിനടുത്തെ റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. പെട്രോളിങ്ങിനിടെ പൊലീസാണ് ഇതാദ്യം കാണുന്നത്. രണ്ട് പേര്‍ മൃതദേഹത്തിനരികില്‍ നിന്ന് ഓടിപ്പോവുന്നത് കണ്ടെന്ന് പൊലീസുകാര്‍ പറഞ്ഞിരുന്നു. വിവരം പൊലീസ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇട്ടിരുന്നു. തുടര്‍ന്നാണ് ഇത് കേരള പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.

മരിച്ച യുവതിയുടെ പല്ലിന് ക്ലിപ്പ് ഇട്ടിട്ടുണ്ട്. കാണാതായ ജസ്‌നയുടെയും പല്ല് ക്ലിപ്പിട്ടതാണ് സംശയത്തിനിടയാക്കിയത്. എന്നാല്‍ മൃതദേഹത്തിന് മൂക്കുത്തിയുണ്ട്. ജസ്‌നയ്ക്ക് മൂക്കുത്തിയില്ല. മൃതദേഹത്തിനടുത്ത് നിന്ന് സ്യൂട്ട് കേസ് ലഭിച്ചിട്ടുണ്ട്. മൃതദേഹം ചെങ്കല്‍പേട്ടിലെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.