‘എന്നാലും ശരത്..?’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നാളെ പുറത്തിറങ്ങും

ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എന്നാലും ശരത്..?’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നാളെ പുറത്തിറങ്ങും. പൃഥ്വിരാജാണ് പോസ്റ്റര്‍ റിലീസ് ചെയ്യുന്നത്. നടനെന്നതിനേക്കാള്‍ സുഹൃത്ത് സുകുമാരന്റെ മകനായാണ് എനിക്ക് പൃഥ്വിയോടുള്ള അടുപ്പമെന്ന് ബാലചന്ദ്രമേനോന്‍ പറഞ്ഞു. പൃഥ്വിയുമായുള്ള ഓര്‍മകള്‍ ഫെയ്‌സ്ബുക്കിലൂടെ സംവിധായകന്‍ പങ്കുവെച്ചു.

ബാലചന്ദ്രമേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

അങ്ങിനെ ‘എന്നാലും ശരത് ..? ‘ എന്ന എന്റെ , അല്ല നമ്മുടെ ചിത്രത്തിന്റെ FIRST LOOK POSTER പ്രകാശിതമാവുന്നു എന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യം തന്നെയാണ് …

എന്നാല്‍ അതിലേറെ എന്നെ ആഹ്ലാദവാനാക്കുന്നതു ആ പോസ്റ്റര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രകാശിതമാക്കുന്നതു പുതു തലമുറയിലെ വേറിട്ട സാന്നിധ്യമാണെന്നു ഇതിനകം തെളിയിച്ചു കഴിഞ്ഞ പൃഥ്വിരാജ് ആണ് .

പൃഥ്വിരാജ് എന്നെ സംബന്ധിച്ച് ഒരു സിനിമാക്കാരനല്ല. എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ദിവംഗതനായ സുകുമാരന്റെയും കോളേജ് കാലം മുതല്‍ എന്നെ അടുത്തറിയുന്ന ശ്രീമതി മല്ലികയുടെ മകനാണ്. രാജുവിനെ കൂടാതെ അച്ചനൊപ്പവും അമ്മക്കൊപ്പവും ചേട്ടന്‍ ഇന്ദ്രജിത്തുമായും ഒരുമിച്ചു അഭിനയിക്കാന്‍ കഴിഞ്ഞത് ആകസ്മികം മാത്രം!

ഞാന്‍ ഫോണില്‍ എന്റെ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ പൃഥ്വി എന്ന രാജു എന്നോട് കാണിച്ച പ്രത്യേകമായ സ്‌നേഹവായ്പ് ഞാന്‍ ഓര്‍ത്തുപോകുന്നു. ഒപ്പം കഴക്കൂട്ടം സൈനിക സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന രാജു മുഖ്യാതിഥിയായ എന്റെ മുന്നിലേക്ക് പട്ടാളവേഷത്തില്‍ സല്യൂട്ട് ചെയത് നടന്നു വന്നതും ഇന്നലത്തെപ്പോലെ ഓര്‍ത്ത് പോകുന്നു. കാലം എത്ര പെട്ടന്നാണ് പറന്നു പോകുന്നത് !

ലൂസിഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ സംവിധായകന്റെ മേലങ്കി അണിയാന്‍ പോകുന്ന രാജുവിന് അഡ്‌വാന്‍സായി എന്റെ ഒരായിരം ആശംസകള്‍ …..!

എന്റെ ചിത്രം ജൂലൈ മാസത്തില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു. എന്താണ് ‘എന്നാലും ശരത് ‘ എന്ന പേരിന്റെ അര്‍ഥം എന്ന് പലരും ചോദിച്ചു. അവരില്‍ പലരോടും ഞാന്‍ ഇങ്ങനെ പ്രതികരിച്ചു.

‘എന്താണ് താങ്കളുടെ പേര് ?’
‘മഹേഷ് ” എന്നാണു ഉത്തരമെന്നു കരുതുക.
മഹേഷ് എന്ന് മാത്രം പറഞ്ഞാല്‍ ഒന്നും പ്രത്യേകിച്ച് തോന്നില്ല. എന്നാല്‍ , എന്നാലും മഹേഷ് ?’ എന്നൊന്ന് പറഞ്ഞു നോക്കൂ. അതില്‍ എന്തൊക്കയോ ഒളിച്ചിരിപ്പുണ്ട് എന്ന് തീര്‍ച്ചയായും തോന്നും. അതേ തോന്നലാണ് ഈ ചിത്രത്തിന്റെ കഥയും. ഇപ്പം അത്രയും മതി.

ആദ്യമേ പറഞ്ഞുകൊള്ളട്ടെ. ചിത്രം റിലീസാകുന്ന ദിവസം തന്നെ നിങ്ങള്‍ തിയേറ്ററില്‍ പോയി എന്റെ സിനിമ കാണണം. അതെന്റെ ആഗ്രഹമാണ്. ഏവരുടെയും പ്രാര്‍ത്ഥനകളോടെ ജൂണ്‍ രണ്ടാം തീയതി നിങ്ങള്‍ക്കായി പ്രകാശിതമാക്കാന്‍ ഞാന്‍ എന്റെ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ അഭിമാനത്തോടെ രാജുവിനെ ഏല്‍പ്പിക്കുന്നു…