ചായക്കടയില്‍ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക്

ചെന്നൈ: ചായക്കടക്കാരനായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ ചായക്കട നടത്തിയിരുന്ന ഒരാള്‍ മൂന്നാം തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായി. പെരിയകുളും സ്വദേശി പേച്ചിമുത്തു എന്ന ഒ.പന്നീര്‍ സെല്‍വം. ചൊവ്വാഴ്ച പുലര്‍ച്ചെ  1.40നായിരുന്നു സത്യപ്രതിഞ്ജ. പെരിയകുളംഓട്ടക്കര തേവരുടെയും പളനിയമ്മാള്‍നാച്ചിയാരുടെയും മകനായി 1951ജനുവരി 14ന് ജനിച്ച പനീര്‍ സെല്‍വത്തിന്റെ രാഷ്ട്രീയ ജീവിതം യാദൃച്ഛികതകള്‍ നിറഞ്ഞതാണ്. കൃഷിക്കുവേണ്ടി തേവര്‍കുടുംബത്തോടൊപ്പം തെനാലിയിലേക്ക് കുടിയേറുകയായിരുന്നു. ആത്മമിത്രമായ തെനാലിസ്വദേശിസലാവുദ്ദീനാണ് പനീര്‍സെല്‍വത്തെ രാഷ്ട്രീയത്തിലിറക്കിയത്.

കൃഷിയും പലിശയും ചായക്കടയും

ചായക്കടയിലെയും കൃഷിസ്ഥലത്തെയും തിരക്കിനിടയില്‍ രാഷ്ട്രീയം സംസാരിക്കാനും കാര്യങ്ങള്‍ മനസിലാക്കാനും ശ്രമിച്ചിരുന്ന പനീര്‍ സെല്‍വത്തിന്റെ ഭാവി രാഷട്രീയത്തില്‍ തന്നെയാണെന്ന് സുഹൃത്തിന് മനസിലായിരുന്നു. 70കളിലും 80കളിലും പണം പലിശയ്ക്കു നല്‍കിയും ഡയറി ഫാംതുടങ്ങിയും പനീര്‍ സെല്‍വം കുടുംബത്തെ സമ്പന്നമാക്കി.  എണ്‍പതുകളുടെ അവസാനത്തോടെ അച്ഛന്‍ഓട്ടക്കര തേവര്‍മരിച്ചതോടെ പനീര്‍ ശെല്‍വം എം.ജി.ആറിന്റെ രാഷ്ട്രീയ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി. എ.ഐ.ഡി.എം.കെയുടെ സജീവപ്രവര്‍ത്തകനായി.

ആദ്യം എം.ജി.ആറിന്റെ ഭാര്യയ്‌ക്കൊപ്പം

എം.ജി.ആറിന്റെ മരണത്തോടെ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ജാനകി രാമചന്ദ്രന്റെ കൂടെയായിരുന്നു പനീര്‍ സെല്‍വം. വൈകാതെ ജയലളിതയുടെ പക്ഷത്തേക്ക് മാറി.  അവരുടെ വിശ്വസ്ഥനായി. മുനിസിപ്പല്‍ ചെയര്‍മാനാവുക എന്നതായിരുന്നു പനീര്‍ സെല്‍വത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. 1996ല്‍ പെരിയകുളം മുനിസിപ്പാലി റ്റി ചെയര്‍മാനായി. ഇതടെയാണ് ഔദ്യോഗിക രാഷ്ട്രീയ ജീവിതം തുടങ്ങിയത്. 2001വരെ ആ പദവിയില്‍ തുടര്‍ന്നു. ഈ സമയത്ത് നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് ഇഷ്ടമായി.

ജയയുടെ വലംകൈയാകുന്നു

പനീര്‍ സെല്‍വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനം തോന്നിയ ജയലളത തന്റെ വിശ്വസ്ഥനാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റും നല്‍കി. ജയിച്ചുവന്ന സെല്‍വത്തിന് അമ്മ നല്‍കിയത് റവന്യുമന്ത്രി പദമായിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ രണ്ട് തവണ പെട്ടപ്പോഴും ജയലളിത മുഖ്യമന്ത്രി പദം നല്‍കിയത് പനീര്‍ സെല്‍വത്തിനായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് മുന്നില്‍ താണുവണങ്ങി നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം ഏറെ വിവാദമായിരുന്നു.  പി.വിജയലക്ഷ്മി നാച്ചിയാരാണ് പനീര്‍ സെല്‍വത്തിന്റെ ഭാര്യ.മൂന്ന് മക്കളുണ്ട്.