പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു; കെവിന്‍ കൊലക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. കെവിന്‍ കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചത്. തുടര്‍ന്ന് സഭ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.

നേരത്തെ പ്രതിപക്ഷ നിയമസഭയുടെ നടുത്തളത്തിലിറങ്ങുകയായിരുന്നു. സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷം സഭയ്ക്ക് പുറത്തും പ്രതിഷേധം നടത്തുകയാണ്.

കോട്ടയത്തെ ദുരഭിമാനക്കൊല ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നോട്ടീസ് സ്പീക്കര്‍ തള്ളി. പ്രതിപക്ഷത്തിന് വേണ്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്. പൊലീസിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. കെവിനെ കൊണ്ടുപോയതും കൊല്ലിച്ചതും സിപിഐഎമ്മുകാരാണ് . കേസ് പൊലീസ് അന്വേഷിച്ചാല്‍ പ്രതികള്‍ രക്ഷപ്പെടുമെന്നും അതിനാല്‍ സി.ബി.ഐ അന്വേഷണം വേണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.

കേസ് വഴിതിരിച്ചു വിടാന്‍ പൊലീസ് ശ്രമിക്കുന്നതായി തിരുവഞ്ചൂര്‍ ആരോപിച്ചു. പല കേസുകളിലും ഇതാണ് കണ്ടത്. വരാപ്പുഴ കേസിലും പൊലീസുകാരാണ് പ്രതിസ്ഥാനത്തെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വരാപ്പുഴ കേസില്‍ ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി.ജോ‌ര്‍ജിന് പങ്കുള്ളതായി തെളിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.