തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് സ്വാഭാവിക നടപടി മാത്രം; ന്യായീകരണവുമായി പൊലീസ്

എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് സ്വാഭാവിക നടപടി മാത്രമെന്ന് എസ്പി പ്രതീഷ് കുമാര്‍. പീഡനവിവരം അറിയിക്കാന്‍ വൈകിയെന്നും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന് ആരോപിച്ചാണ് തിയേറ്റര്‍ ഉടമയായ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനെതിര നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു.

എടപ്പാളിലെ ഒരു തീയേറ്ററില്‍ ഏപ്രില്‍-18 ന് ആണ് സംഭവം നടന്നത്. തീയേറ്ററിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ തീയേറ്റര്‍ ഉടമ ആദ്യം ചൈല്‍ഡ് ലൈനിനായിരുന്നു കൈമാറിയത്.

തീയേറ്റര്‍ ഉടമ ചൈല്‍ഡ്‌ലൈന്‍ മുഖേന പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പ്രതി മൊയ്തീന്‍കുട്ടിക്കെതിരേ ആദ്യം കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസായിരുന്നു പുറത്ത് വിട്ടത്. ഇതോടെ മൊയ്തീന്‍ കുട്ടി അറസ്റ്റിലാവുകയും സംഭവത്തില്‍ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്.ഐ കെ.ജെ ബേബിയെ തൃശ്ശൂര്‍ റെയ്ഞ്ച് ഐ.ജി എം.കെ അജിത്കുമാര്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാര നടപടിയെന്നോണമാണ് തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതെന്ന ആരോപണവുമുണ്ടായിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ആദ്യം മുതല്‍ പോലീസ് തീയേറ്റര്‍ ഉടമയെ കുടുക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പത്ത് തവണ മൊഴിയെടുക്കാനെന്ന പേരില്‍ ഇയാളെ വിളിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ ചോദ്യം ചെയ്യാനെന്ന രീതിയില്‍ ചങ്ങരംകുളം പോലീസ് സ്‌റ്റേഷനില്‍ വിളിപ്പിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.