ജയലളിതയുടെ 113 കോടിയുടെ സ്വത്ത് ഇനി ആര്‍ക്ക്?

ചെന്നൈ: 2015 ഏപ്രിലില്‍ ആദായനികുതി വകുപ്പിന് ജയലളിത നല്‍കിയ കണക്ക് പ്രകാരം അവര്‍ക്ക് 113. 75 കോടിയുടെ സ്വത്തുണ്ട്. ഇതിനൊക്കെ ആര് അവകാശിയാകുമെന്ന് ഒരു പിടിയുമില്ല. ചെന്നൈ പൊയസ് ഗാര്‍ഡനിലെ വേദനിലയം വീട് 24,000 സ്‌ക്വയര്‍ ഫീറ്റിലുള്ളതാണ്. അതിന് മാത്രം 43.96 കോടി രൂപ വരും. 1967ല്‍ ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപയ്ക്കാണ് ഈ സ്ഥലം വാങ്ങിയത്. അതിന് ശേഷമാണ് വീട് പണിതത്. ജയലളിതയുടെ തോഴിയും സഹായിയുമായ ശശികല ഈ വീട് സ്വന്തമാക്കുമെന്നറിയുന്നു. അവരാണ് അവസാന കാലത്ത് ജയലളിതയെ നോക്കിയത്.
jaya001
തെലങ്കാനയിലെ രംങ്കറെഡ്ഡി ജില്ലയില്‍ പതിന്നാലര ഏക്കറില്‍ ഫാം ഹൗസുണ്ട്. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് മൂന്നേ മുക്കാല്‍ ഏക്കര്‍ വസ്തുവുണ്ട്. തെലങ്കാലയിലെ ഫാംഹൗസ് 1968ലും കാഞ്ചീപുരത്തേത് 1981ലും വാങ്ങിയതാണ്. നാല് വാണിജ്യ സമുച്ചയങ്ങളും സ്വന്തമായുണ്ട്. അതില്‍ ഹൈദരാബാദിലുള്ളത് ജയലളിത ഒരിക്കല്‍ ദത്ത് പുത്രനാക്കിയിരുന്ന വി.എന്‍. സുധാകരനാണ് നോക്കിനടത്തുന്നത്. ശശികലയുടെ അനന്തരവനാണ് സുധാകരന്‍.
രണ്ട് ടയോട്ടോ പ്രാഡോ, ഒരു ടെമ്പോ ട്രാവലര്‍, ഒരു ടെമ്പോ ട്രാക്‌സ്, മഹീന്ദ്ര ജീപ്പ്, ഒരു അംബാസിഡര്‍ കാര്‍(1980 മോഡല്‍), മഹീന്ദ്ര ബോലേറോ, സ്വരാജ് മസ്ദ മാക്‌സി, കോണ്ടസ (1990മോഡല്‍)തുടങ്ങി ഒന്‍പത് വാഹനങ്ങളാണ് ഉള്ളത്. ഇതിനെല്ലാം കൂടി 42,25,000 വില വരും. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത 21,280.300 ഗ്രാം സ്വര്‍ണം കര്‍ണ്ണാടക സര്‍ക്കാരിന്റെ ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 1,250 കിലോ വെളളി ആഭരണങ്ങളുമുണ്ട്. ഇതിന് 3,12,50,000 രൂപ വിലവരും.
2016ല്‍ ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ നേരത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ ജയലളിത പറയുന്നത് തനിക്ക് 41.63 കോടിയുടെ കൈമാറാവുന്ന സ്വത്തും 72.09 കോടിയുടെ സ്ഥാവര ജംഗമ വസ്തുക്കളും ഉണ്ടെന്ന്് വ്യക്തമാക്കുന്നു. വിവിധ കമ്പനികളിലുള്ള നികഷേപങ്ങളും ഷെയറുകളും 2004ലെ അനധികൃത സ്വത്ത് സമ്പാദന കേസിനെ തുടര്‍ന്ന് പൊലീസ് പിടിച്ചെടുത്തതായും സത്യവാങ്മൂലത്തില്‍ പറയുന്നു. അഞ്ച് കമ്പനികളിലായി 27.44 കോടിയാണ് നിക്ഷേപിച്ചിരിക്കുന്നത്. ശ്രീ ജയ പബ്‌ളിക്കേഷന്‍സ്, ശശി എന്റര്‍പ്രൈസസ്, കോടനാട് എസ്‌റ്റേറ്റ്, റോയല്‍ വാലി ഫ്‌ളോറിച്ച് എക്‌സ്‌പോട്‌സ്, ഗ്രീന്‍ ടി എസ്‌റ്റേറ്റ്.
ജയലളിതയ്ക്ക് വായ്പകളോ ഇന്‍ഷുറന്‍സ് പോളിസിയോ, പോസ്റ്റല്‍ സേവിംഗ്‌സോ, നാഷണല്‍ സേവിംഗ്‌സ് സ്‌കീമോ ഇല്ല. 41,000 രൂപ കയ്യിലുണ്ട്. രണ്ട് കോടി നാല് ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. കൃഷിയാണ് പ്രോഫഷനെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.