സുനന്ദ കേസ്: ശശി തരൂരിനെതിരായ കുറ്റപത്രം ഫയലില്‍ സ്വീകരിച്ചു, ജൂലൈ ഏഴിന് ഹാജരാവാന്‍ നോട്ടീസ്

ന്യൂഡല്‍ഹി: ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രം പട്യാല ഹൗസ് കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ വിചാരണ നടത്താന്‍ മാത്രം തെളിവുകളുണ്ടെന്നു നിരീക്ഷിച്ച കോടതി, ജൂലൈ ഏഴിന് തരൂര്‍ ഹാജരാവണമെന്നും ആവശ്യപ്പെട്ടു.

ആത്മഹത്യാ പ്രേരണ, ഗാര്‍ഹികപീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി പൊലിസ് തരൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. എന്നാല്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന രാഷ്ട്രീയപ്രേരിത കേസാണിതെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

തരൂര്‍ അവരോട് ക്രൂരമായി പെരുമാറിയെന്നും അത് ആത്മഹത്യയിലേക്കു നയിച്ചുവെന്നും വ്യക്തമാണെന്ന് അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ വാദിച്ചു. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ജീവിതത്തിലെ നിരാശ വ്യക്തമാക്കി സുനന്ദ തരൂരിന് ഇ-മെയില്‍ അയച്ചതായി അദ്ദേഹം പറഞ്ഞു.

‘ജീവിക്കാന്‍ ആഗ്രഹമില്ല. എന്റെ എല്ലാ പ്രാര്‍ഥനയും മരണത്തിനു വേണ്ടിയാണ്’- ജനുവരി എട്ടിനു തരൂരിനു സുനന്ദ അയച്ച ഇമെയിലില്‍ നിന്നു അദ്ദേഹം വായിച്ചു കേള്‍പ്പിച്ചു. ഒന്‍പതു ദിവസത്തിനു ശേഷം ജനുവരി 17നായിരുന്നു സുനന്ദയുടെ മരണം.

സുനന്ദയ്ക്ക് ശരീരത്തില്‍ പരിക്കുകള്‍ ഏറ്റിരുന്നത് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമാകുന്നു. മരണകാരണം എന്താണെന്ന് കോടതി ആരാഞ്ഞപ്പോള്‍ അത് വിഷം അകത്തു ചെന്ന് സംഭവിച്ചതാണെന്നും അതേക്കുറിച്ചു അന്വേഷണം നടന്നുവരുന്നേ ഉള്ളുവെന്നും ശ്രീവാസ്തവ പറഞ്ഞു.