വിശപ്പകറ്റാൻ അവർക്ക് ഞങ്ങളുണ്ട്.” മീൽസ് ബൈ ഗ്രേസ് “സംരംഭത്തിന് ഫോമാ ഫോമാ സൗത്ത് ഇസ്റ്റ് റീജിയന്റെ കൈത്താങ്ങ്

മിനി നായർ ,അറ്റ്ലാന്റാ 
വിശപ്പിന്റെ വിലയറിയാത്തവരാണ് നമ്മൾ. ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാതെ തെരുവിൽ ഭിക്ഷയാചിക്കുന്നവരോട് മുഖം തിരിച്ചു നടക്കുന്നവർ. പല സാഹചര്യങ്ങൾ കൊണ്ടും വിശക്കുന്ന വയറുമായി രാത്രികൾ കഴിച്ചുകൂട്ടുന്ന അമ്മമാരും കുഞ്ഞുങ്ങളും നമുക്കിടയിൽ തന്നെയുണ്ട്.  ഇന്നും അത്തരം സംഭവങ്ങൾ നമുക്കിടയിൽ ആവർത്തിക്കപ്പെടുന്നുണ്ടെന്ന് തിരിച്ചറിയാൻ മനസ്സുകാണിച്ചവരാണ് അറ്റ്‌ലാന്റയിലെ പ്രശസ്ത ചാരിറ്റി പ്രവർത്തകരായ സ്വെല്ലനും സ്റ്റീഫൻ ഡാനിയലും.
” മീൽസ് ബൈ ഗ്രേസ്” എന്ന സംരംഭത്തിലൂടെ കുഞ്ഞുങ്ങളും കുടുംബവും വിശപ്പിൽ നിന്ന് മുക്തി നേടുക എന്ന ആശയം മുന്നോട്ടു വെക്കുകയാണ് സ്വെല്ലനും  സ്റ്റീഫൻ ഡാനിയലും. ഫോമാ സൗത്ത് ഇസ്റ്റ് പ്രാദേശിക സാംസ്കാരിക  “മാമാങ്കം “ജൂൺ ഒൻപതിന് അറ്റ്‌ലാന്റയിൽ നടക്കുമ്പോൾ അതിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം ” മീൽസ് ബൈ ഗ്രേസ്” ചാരിറ്റിക്കാണ് നൽകുന്നതെന്ന് ഫോമാ സൗത്ത് ഇസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റ് റെജി ചെറിയാൻ അറിയിച്ചു .
ഫോമയെ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി സൗത്ത് ഈസ്റ്റ് റീജിയണിലുള്ള ഗ്രേറ്റർ അറ്റ്ലാന്റാ മലയാളി അസോസിയേഷൻ ,അറ്റ്ലാന്റ മെട്രോ മലയാളി അസോസിയേഷൻ, കേരളാ അസോസിയേഷൻ ഓഫ് നാഷ്വിലെ ,അഗസ്റ് മലയാളി അസോസിയേഷൻ, മലയാളി അസോസിയേഷൻ ഓഫ് സൗത്ത് കരോലിന എന്നീ മലയാളി സംഘടനകൾ ഒരേ മനസ്സോടെയുള്ള പ്രവർത്തനങ്ങൾ കാഴ്ച വച്ചാണ് ഈ ചാരിറ്റി പദ്ധതിയും വിജയത്തിലെത്തിക്കുന്നത് . ഒരു ജീവകാരുണ്യ പ്രവർത്തനത്തിന് കൂടി ഫോമാ ഫോമാ സൗത്ത് ഇസ്റ്റ് റീജിയൻ തുടക്കം കുറിക്കുന്നത്.
ഓരോ വീട്ടിലും ആഹാരം എത്തിച്ചു കൊണ്ട് ഒരു കുഞ്ഞും പട്ടിണിക്കിരയാവുന്നില്ല എന്ന് ഉറപ്പുവരുത്താനാണ് സ്വെല്ലനും  സ്റ്റീഫൻ ഡാനിയലും ശ്രമിക്കുന്നത്. വിശപ്പിനെ മറന്നു രാത്രികൾ പിന്നിടാൻ കുഞ്ഞുങ്ങളെ സഹായിക്കുന്നതിൽ ഈ സംരംഭം വിജയം കൈവരിക്കുമെന്നതിൽ സംശയമില്ല. ഓരോ കുടുംബത്തെയും ഭക്ഷ്യ ക്ഷാമത്തിൽ നിന്നും കരകയറ്റിക്കൊണ്ട് സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് മീൽസ് ബൈ ഗ്രേസിന്റെ ഓരോ പ്രവർത്തനവും. പട്ടിണിയും ദാരിദ്ര്യവും തുടച്ചു നീക്കി സമൂഹത്തെ പുരോഗമനത്തിന്റെ പാതയിലേക്ക് എത്തിക്കാൻ ഇത്തരം പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്നത് തീർച്ച!
സമ്പന്നരെന്നും ദരിദ്രരെന്നുമുള്ള പട്ടികപ്പെടുത്തലിന് ദൃതി വെക്കുന്ന സമൂഹമാണ് നമ്മുടേത്.ആവശ്യത്തിനും അനാവശ്യത്തിനും പണം ചിലവാക്കി വലിപ്പം കാണിക്കാൻ മത്സരിക്കുന്നവർക്ക് ദരിദ്രരുടെ വയറു നിറക്കാൻ സമയമില്ല. മനുഷ്യനെ മനുഷ്യനാക്കുന്നത് മറ്റൊരുത്തന്റെ വേദന അറിയാനുള്ള മനസു കാണിക്കുമ്പോഴാണെന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ് മീൽസ് ബൈ ഗ്രേസ് എന്ന സംഘടന. ഭൂമിയിലെ കുഞ്ഞു മാലാഖമാരുടെ വയറു നിറച്ചു അവരെ സംതൃപ്തരാക്കി ഇല്ലായ്മയിൽ നിന്നും മുക്തി നേടികൊടുക്കാനുള്ള ഈ സംഘടനയുടെ പ്രവർത്തനങ്ങളിൽ നമുക്കും പങ്കു ചേരാം. ഒപ്പം പണത്തിനേക്കാൾ മൂല്യമുള്ള മറ്റു പലതും ഈ ഭൂമിയിൽ ഉണ്ടെന്ന ചില തിരിച്ചറിവുകൾ കൂടി സ്വന്തമാക്കാം.
ഫോമാ  സൗത്ത് ഈസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റ് റെജി ചെറിയാൻ ,കൺവീനർ തോമസ് ഈപ്പൻ (സാബു) ,കോ കൺവീനർ   ബിനു കാസിം ,മാധ്യമ പ്രവർത്തക മിനി നായർ വുമൺ ചെയർ ,കൾച്ചറൽ കൺവീനർ ആയി നർത്തകിയായ  ശ്രീദേവി രഞ്ചിത്ത് ,സംഘാടകയായ ഷൈനി അബുബക്കർ ,ടോണി തോമസ് ,മനോജ്  തോമസ് ,സാം ആന്റോ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിയാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് .