ഞാന്‍ വന്നത് ദേശം, ദേശീയത, ദേശസ്‌നേഹം എന്നിവയെക്കുറിച്ച് പറയാനെന്ന് പ്രണബ് മുഖര്‍ജി

നാഗ്പുര്‍: ദേശം, ദേശീയത, ദേശസ്‌നേഹം എന്നിവയെക്കുറിച്ചു പറയാനാണ് ആര്‍എസ്എസ് ആസ്ഥാനത്തു വന്നതെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. വിവിധ സംസ്‌കാരങ്ങളും വിശ്വാസങ്ങളും സംഗമിച്ചു രൂപപ്പെട്ടതാണു നമ്മുടെ ദേശീയത. ഇതാണു നമ്മെ വിശിഷ്ടരും സഹിഷ്ണതയുള്ളവരുമാക്കി മാറ്റുന്നതെന്നും പ്രണബ് പറഞ്ഞു.

രാഷ്ട്രീയ അഭിപ്രായമുള്ളവരാകാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും നമ്മളെല്ലാവരും രാജ്യത്തിന്റെ ഐശ്വര്യത്തിനു വേണ്ടിയാണു പ്രവര്‍ത്തിക്കുന്നതെന്നു മനസ്സിലാക്കണമെന്നും തൊട്ടുമുമ്പു സംസാരിച്ച മോഹന്‍ ഭാഗവത് വ്യക്തമാക്കി. സമൂഹത്തിന്റെ ഐക്യമാണ് സംഘിന് ആവശ്യമെന്ന് ചടങ്ങില്‍ സംസാരിക്കവേ മോഹന്‍ ഭാഗവത് പറഞ്ഞു. ഏതെങ്കിലും ഒരു വിഭാഗത്തിനു വേണ്ടിയുള്ളതല്ല ആര്‍എസ്എസ്. ഐക്യത്തിലും വൈവിധ്യത്തിലും സംഘ് വിശ്വസിക്കുന്നു. ഇന്ത്യയില്‍ പിറന്നവരെല്ലാം ഇന്ത്യക്കാരാണെന്നും ഭാഗവത് പറഞ്ഞു. മാതൃരാജ്യത്തോടുള്ള ആരാധന നമ്മുടെ അവകാശമാണ്. പ്രണബ് മുഖര്‍ജി ഇവിടെ വരുന്നതു സംബന്ധിച്ച് പല ചര്‍ച്ചകളുണ്ടായി. മറ്റുള്ളവരെയൊന്നും ഇക്കാര്യത്തില്‍ ഞങ്ങള്‍ പരിഗണിക്കുന്നില്ല. ഇന്ത്യക്കാരെല്ലാം ഒന്നാണെന്നും ഭാഗവത് പറഞ്ഞു.

പ്രശസ്തരായ വ്യക്തികളെ ത്രിതീയ വര്‍ഷ ചടങ്ങിലേക്കു ക്ഷണിക്കുന്നതു ഞങ്ങളുടെ പാരമ്പര്യമാണെന്നും ഇപ്പോള്‍ അന്തരീക്ഷത്തില്‍ നടക്കുന്ന ചര്‍ച്ചകളുമായി ഇതിനു ബന്ധമില്ലെന്നും ഭാഗവത് വ്യക്തമാക്കി. പ്രണബിന്റെ വ്യക്തിത്വത്തെപ്പറ്റി രാജ്യത്തെ എല്ലാവര്‍ക്കും അറിവുള്ളതാണ്. മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ്. അദ്ദേഹത്തില്‍നിന്ന് എന്തെങ്കിലും പഠിക്കാനാവുമെങ്കില്‍ ഞങ്ങള്‍ കൃതാര്‍ഥരാണ്. സംഘ് സംഘാണ്, പ്രണബ് പ്രണബും, ഭാഗവത് പറഞ്ഞു.

ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് പ്രണബ് മുഖര്‍ജിയെ സ്വീകരിക്കുന്നതിന്റെയും പുഷാപര്‍ച്ചന നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ ന്യൂസ് ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടു.

ഇന്ത്യയുടെ മഹത് പുത്രനാണ് കെ.ബി.ഹെഡ്‌ഗേവാര്‍ എന്നും അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനാണ് ഇവിടെ എത്തിയതെന്നും പ്രണബ് സന്ദര്‍ശക പുസ്തകത്തില്‍ രേഖപ്പെടുത്തി.ഇന്ത്യയുടെ മഹത് പുത്രനാണ് ആര്‍എസ്എസ് സ്ഥാപകന്‍ കെ.ബി.ഹെഡ്‌ഗേവാര്‍ എന്നു പ്രകീര്‍ത്തിച്ച പ്രണബിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ആര്‍എസ്എസ് നിലകൊള്ളുന്നത് എന്തിനാണെന്നും ചരിത്രം ഇന്ത്യക്കാര്‍ മറക്കരുതെന്നും കോണ്‍ഗ്രസ് പറഞ്ഞു. പ്രണബ് നാഗ്പുരില്‍ എത്തിയതിനു പിന്നാലെയാണ് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ആര്‍എസ്എസിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.‘ആര്‍എസ്എസ് ആസ്ഥാനത്ത് പ്രത്യയശാസ്ത്ര സംവാദത്തിന് പ്രണബ് എത്തിയത് മനോവേദനയോടെയാണു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാണുന്നത്. കേള്‍ക്കാനും സ്വീകരിക്കാനും മാറ്റത്തിനും തയാറായവരോടു മാത്രമേ സംവാദം സാധ്യമാകൂ’ എന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് നേതാവായിരിക്കെ ആര്‍എസ്എസിനോടു വിമര്‍ശനപരമായ നിലപാടു സ്വീകരിച്ചിരുന്ന പ്രണബ് ആദ്യമായാണ് ആര്‍എസ്എസ് ചടങ്ങില്‍ പങ്കെടുക്കുന്നത്. ആര്‍എസ്എസിന്റെ ക്ഷണം സ്വീകരിച്ചതിനു കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കളും ഇടതുനേതാക്കളും പ്രണബിനെതിരെ രംഗത്തെത്തിയിരുന്നു. ചടങ്ങില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ടു ഒട്ടേറെ കത്തുകളും ഫോണ്‍ സന്ദേശങ്ങളും ലഭിച്ചെങ്കിലും തനിക്കു പറയാനുള്ളതു നാഗ്പുരില്‍ പറയുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

എന്നാല്‍,  ബിജെപിക്കും ആര്‍എസ്എസിനും തെറ്റായ കഥകളുണ്ടാക്കാന്‍ അവസരമൊരുക്കുകയാണ് പ്രണബ് മുഖര്‍ജി ചെയ്യുന്നതെന്നു മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജി രംഗത്തെത്തി.

‘അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരുപക്ഷേ മറന്നുപോയേക്കാം, പക്ഷേ ദൃശ്യങ്ങള്‍ ബാക്കിയുണ്ടാകും. ആ ദൃശ്യങ്ങള്‍ക്കൊപ്പം പ്രണബിന്റേതെന്ന പേരില്‍ ആര്‍എസ്എസ് നുണകള്‍ പ്രചരിപ്പിക്കുകയും ചെയ്യും. ബിജെപിയുടെ വൃത്തികെട്ട തന്ത്രങ്ങളെക്കുറിച്ച് മുന്‍ രാഷ്ട്രപതി
മനസിലാക്കുമെന്നാണു പ്രതീക്ഷയെന്നും’ ശര്‍മിഷ്ഠ ട്വിറ്ററില്‍ കുറിച്ചു. ശര്‍മിഷ്ഠ ബിജെപിയില്‍ ചേരാന്‍ പോകുകയാണെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ ഉയര്‍ന്നുവന്നതിന്റെ കൂടി പശ്ചാത്തലത്തിലാണു പ്രതികരണം.

‘ഞാന്‍ ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്ത ഒരു ‘ടോര്‍പിഡോ’ വന്നിടിച്ചതു പോലെയാണു കേട്ടത്. കോണ്‍ഗ്രസില്‍ വിശ്വാസമുള്ളതുകൊണ്ടു മാത്രമാണ് രാഷ്ട്രീയത്തില്‍ ഞാന്‍ ഇറങ്ങിയതു തന്നെ. കോണ്‍ഗ്രസ് വിട്ടാല്‍ അതിനര്‍ഥം രാഷ്ട്രീയവും ഉപേക്ഷിച്ചു എന്നാണ്’ ശര്‍മിഷ്ഠ പറഞ്ഞു.