അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബൈ ജയില്‍ നിന്നും മോചിതനായി

ദുബൈ: അറ്റല്‌സ് ഗ്രൂപ്പിന്റെ ഉടമ അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി. ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ കുടുങ്ങിയ അറ്റ്‌ലസ് രാമചന്ദ്രന്‍ മൂന്നു വര്‍ഷത്തെ ജയില്‍ വാസത്തിന് ഒടുവിലാണ് ഇപ്പോള്‍ മോചിതനായിരിക്കുന്നത്. ഇപ്പോള്‍ കടങ്ങളെല്ലാം തീര്‍ത്തിട്ടാണോ ജയില്‍ മോചിതനായിരിക്കുന്നത് എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. എന്തെങ്കിലും ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ഉണ്ടോയെന്നും വ്യക്തമല്ല.

എംഎം രാമചന്ദ്രന്‍ ജയിലിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയാണ് കേസിന്റെ നടത്തിപ്പുകള്‍ നോക്കിയിരുന്നത്. അദ്ദേഹത്തിന്റെ ജയില്‍ മോചനം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം കുടുംബത്തില്‍ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല.

യുഎഇയിലെ വിവിധ ബാങ്കുകള്‍ സംയുക്തമായി നല്‍കിയ പരാതിയിലാണ് എംഎം രാമചന്ദ്രനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. 2015 ഓഗസ്റ്റ് മാസത്തിലാണ് രാമചന്ദ്രനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 3.40 കോടി ദിര്‍ഹമിന്റെ രണ്ട് ചെക്കുകള്‍ മടങ്ങിയ കേസില്‍ മൂന്ന് വര്‍ഷത്തേക്കാണ് ദുബൈ കോടതി ശിക്ഷിച്ചത്. അറ്റ്‌ലസ് ജ്വല്ലറിയുടെ 50 ബ്രാഞ്ചുകളുടെ ഉടമയായിരുന്ന രാമചന്ദ്രന് 22 ബാങ്കുകളിലായി 500 ദശലക്ഷം ദിര്‍ഹത്തിന്റെ ബാധ്യതയാണ് ഉണ്ടായിരുന്നത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളാണ് അറ്റ്‌ലസ് രാമചന്ദ്രനെതിരേ കേസ് നല്‍കിയത്.

കേസില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ദുബൈയിലും ഇന്ത്യയിലും ഉള്‍പ്പെടെയുള്ള അറ്റ്‌ലസ് ജ്വലറി ഷോറൂമുകളും റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകളും തകര്‍ന്നിരുന്നു. നല്‍കിയ വായ്പകള്‍ മുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ കേസ് നല്‍കിയത്. ഇതിനെത്തുടര്‍ന്ന് 2015 ഓഗസ്റ്റ് മാസത്തില്‍ അദ്ദേഹം ദുബായില്‍ ജയിലിലായി. കൂടെ മകള്‍ മഞ്ജുവും മരുമകന്‍ അരുണിനും കോടതി ജയില്‍ ശിക്ഷ വിധിച്ചു. മഞ്ജു കടുത്ത ജാമ്യവ്യവസ്ഥകളോടെ പുറത്തിറങ്ങിയെങ്കിലും അറ്റ്‌ലസ് രാമചന്ദ്രനും മരുമകന്‍ അരുണും ജയിലിലായിരുന്നു.