‘കേരള കോണ്‍ഗ്രസിനെതിരായ പ്രതിഷേധം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം’; കോണ്‍ഗ്രസിലെ കലാപത്തെ പരിഹസിച്ച് കുഞ്ഞാലിക്കുട്ടി

മലപ്പുറം: കോണ്‍ഗ്രസില്‍ ഉടലെടുത്ത കലാപത്തെ പരിഹസിച്ച് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. യുഡിഎഫ് രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു കൈമാറിയതിനെതിരെ ഉയര്‍ന്ന പ്രതിഷേധം ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്നും രണ്ടു ദിവസത്തിനകം എല്ലാം കെട്ടടങ്ങുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇപ്പോള്‍ ശ്രദ്ധിക്കേണ്ടത് മുന്നണിയെ ശക്തിപ്പെടുത്താനാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്നണിയുടെ വിജയത്തിനാണ് ഊന്നല്‍ നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ സീറ്റ് മാണിക്ക് നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് കുഞ്ഞാലിക്കുട്ടിയും ലീഗുമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അതേസമയം ലീഗിന്റെ സമ്മര്‍ദ്ദം കാരണമല്ല മാണിക്ക് സീറ്റ് നല്‍കിയതെന്നും മുന്നണി വിപുലീകരിക്കാനാണെന്നും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.