രാഹുല്‍ ഗാന്ധിയെ കണ്ടത് ഒരുമിച്ച്: കുര്യന്റെ പരാമര്‍ശം അടിസ്ഥാന രഹിതമെന്ന് ചെന്നിത്തലയും എം.എം. ഹസനും

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ സംബന്ധിച്ചു ഉമ്മന്‍ചാണ്ടി തെറ്റിദ്ധരിപ്പിച്ചെന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പി.ജെ. കുര്യന്റെ പരാമര്‍ശം അടിസ്ഥാന രഹിതമാണെന്നു വ്യക്തമാക്കി കെപിസിസി പ്രസിഡഡന്റ് എം.എം.ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത്. കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശം സംബന്ധിച്ചും രാജ്യസഭാ സീറ്റ് വിട്ടു നല്‍കുന്ന കാര്യവും തങ്ങള്‍ മൂന്നു പേരും ഒരുമിച്ചാണു രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചത്. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി തെറ്റിദ്ധരിപ്പിച്ചെന്ന വാര്‍ത്ത ശരിയല്ലെന്നും ഇരുവരും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കേരള കോണ്‍ഗ്രസിനു രാജ്യസഭാ സീറ്റു വിട്ടുനല്‍കിയതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നോടു മാപ്പുപറഞ്ഞുവെന്ന രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്റെ പ്രസ്താവനയ്ക്കു പിന്നാലെയായിരുന്നു ചെന്നിത്തലയുടെയും ഹസന്റെയും പ്രതികരണം. ഇതുവരെ ഉമ്മന്‍ചാണ്ടിയോട് ഒരു സഹായവും തേടിയിട്ടില്ല. ചെയ്ത സഹായമെന്തെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നും കുര്യന്‍ ആവശ്യപ്പെട്ടിരുന്നു.

തന്നെ പുറത്താക്കിയത് ഉമ്മന്‍ചാണ്ടിയുടെ അജന്‍ഡയാണെന്നും അദ്ദേഹം ആരോപിച്ചു. ഉമ്മന്‍ചാണ്ടി ഫോണില്‍ പോലും സംസാരിച്ചിട്ടില്ല. കേരള രാഷ്ട്രീയത്തിലേക്കു വരുന്നോയെന്നു നേരത്തേ എ.കെ.ആന്റണി ചോദിച്ചിരുന്നതാണ്. അന്നു വേണ്ടെന്നു പറഞ്ഞിരുന്നു. കേരള രാഷ്ട്രീയത്തിലേക്കു പി.ജെ.കുര്യന്‍ വരുന്നത് ഉമ്മന്‍ചാണ്ടിക്കു പേടിയാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു ഞാന്‍ ഒരു സാധാരണ പ്രവര്‍ത്തകനാണെന്നും അദ്ദേഹത്തെപ്പോലെയൊരു നേതാവ് തന്നെ പേടിക്കുന്നത് എന്തിനെന്നുമായിരുന്നു കുര്യന്റെ മറുപടി. 2012 ലും തന്നെ പുറത്താക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചു. ഉമ്മന്‍ചാണ്ടിക്ക് അജന്‍ഡ ഉണ്ടായിരുന്നു. ഇതിനു യുവാക്കളെ ഉപയോഗിക്കുകയായിരുന്നു. രാജ്യസഭാ സീറ്റ് സംബന്ധിച്ചു തീരുമാനമെടുത്തതില്‍ മുഖ്യപങ്ക് രമേശ് ചെന്നിത്തലയ്ക്കല്ല. പ്രതിപക്ഷ നേതാവിന്റെ വരവ് സൗഹൃദസന്ദര്‍ശനം മാത്രമാണ്. ഉമ്മന്‍ചാണ്ടിക്കെതിരെ ഹൈക്കമാന്‍ഡിനു പരാതി നല്‍കുമെന്നും കുര്യന്‍ പറഞ്ഞു.

എന്നാല്‍ പി.ജെ.കുര്യന്‍ ആദരം അര്‍ഹിക്കുന്ന നേതാവെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. പറയാനുള്ളതെല്ലാം കഴിഞ്ഞ ദിവസം പറഞ്ഞു കഴിഞ്ഞു. ഇന്നലെ പറഞ്ഞതിന്റെ മറുപടിയുണ്ടെങ്കില്‍ പിന്നീട് പറയുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.