ചരിത്ര കൂടിക്കാഴ്ചയ്ക്കായി കിം ജോങ് ഉന്‍ സിംഗപ്പൂരില്‍; ട്രംപ് നാളെയെത്തും

സിംഗപ്പൂര്‍: യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ സിംഗപ്പൂരിലെത്തി. എയര്‍ ചൈന 747 വിമാനത്തിലാണു കിം സിംഗപ്പൂരില്‍ വന്നിറങ്ങിയത്. വിദേശകാര്യമന്ത്രി വിവിയന്‍ ബാലകൃഷ്ണന്‍ ചാന്‍കിയാണ് വിമാനത്താവളത്തില്‍ കിമ്മിനെ സ്വീകരിക്കാനെത്തിയത്. തുടര്‍ന്ന് 20 വാഹനങ്ങളുടെ അകമ്പടിയോടെ കിം വിമാനത്താവളത്തില്‍ നിന്നു പുറത്തുകടന്നു. പ്രധാനമന്ത്രി ലീ സ്യെന്‍ ലൂങ്ങുമായി കിം കൂടിക്കാഴ്ച നടത്തി.

ഉച്ചകോടിയുടെ വേദിയിലും ആഡംബര ഹോട്ടലുകളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാത്രമല്ല മാധ്യമങ്ങളില്‍ നിന്നു കിമ്മിനെ മാറ്റിനിര്‍ത്തുന്നതിനായി ഹോട്ടലുകളില്‍ കൂടുതല്‍ ക്രമീകരണങ്ങളും വരുത്തിയിട്ടുണ്ട്. പ്രാദേശിക സമയം വൈകീട്ട് 3.40നു ഹോട്ടലിലെത്തിയ കിം ആള്‍ക്കൂട്ടത്തിനു പിടി നല്‍കാതെ ഹോട്ടലിനകത്തേക്കു പ്രവേശിക്കുകയായിരുന്നു.

അതേസമയം ഡൊണാള്‍ഡ് ട്രംപ് സിംഗപ്പൂരിലേക്ക് എത്തിച്ചേരുന്നതേയുള്ളു. ട്രംപും നാളെ സിംഗപ്പൂര്‍ പ്രധാനമന്ത്രിയെ കാണുന്നുണ്ട്. കിം ജോങ് ഉന്നിന്റെ സഹോദരിയായ കിം യോ ജോങ്ങും സിംഗപ്പൂരിലെത്തിയിട്ടുണ്ട്.

ജൂണ്‍ 12 നാണ് ചരിത്ര കൂടിക്കാഴ്ച നടക്കുക. ഉച്ചകോടി ശുഭകരമാകുമെങ്കില്‍ കിം ജോങ് ഉന്നിനെ വൈറ്റ് ഹൗസിലേക്കു ക്ഷണിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ യുഎസിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റപ്പെടുന്നില്ലെങ്കില്‍ ഉച്ചകോടിയില്‍നിന്ന് ഇറങ്ങിപ്പോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.