റാങ്ക് നേടിയ വിദ്യാര്‍ഥിക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പാരിതോഷികമായി നല്‍കിയ ഒരുലക്ഷം രൂപയുടെ ചെക്ക് മടങ്ങി

ന്യൂഡല്‍ഹി: റാങ്ക് നേടിയ വിദ്യാര്‍ഥിക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പാരിതോഷികമായി നല്‍കിയ ഒരുലക്ഷം രൂപയുടെ ചെക്ക് മടങ്ങി. ഉത്തര്‍പ്രദേശില്‍ പത്താംക്ലാസ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഏഴാം റാങ്ക് നേടിയ അലോക് മിശ്ര എന്ന വിദ്യാര്‍ഥിക്ക് നല്‍കിയ ചെക്കാണ് ബാങ്ക് മടക്കിയത്. പി.ടി.ഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. ഉത്തര്‍പ്രദേശ് സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ് നടത്തിയ പരീക്ഷയില്‍ ഏഴാം റാങ്കും 93.5 ശതമാനം മാര്‍ക്കും നേടിയ അലോകിനെ ലക്‌നൗവിലേക്ക് ക്ഷണിച്ചുവരുത്തിയാണ് ചെക്ക് നല്‍കിയത്. മെയ് 29ന് ആയിരുന്നു ചടങ്ങ്.

അലോക് മിശ്രയുടെ പിതാവ് ജൂണ്‍ അഞ്ചിന് ചെക്ക് ബാങ്കില്‍ നല്‍കി. എന്നാല്‍ ചെക്ക് മടങ്ങുകയായിരുന്നു. ചെക്കിലെ ഒപ്പില്‍ അപാകതയുള്ളതായി കാണിച്ചാണ് ബാങ്ക് ചെക്ക് മടക്കിയത്. കൂടാതെ, ഇത്തരം തകരാറുള്ള ചെക്ക് ഹാജരാക്കിയതിന് പിഴയടക്കണമെന്നും ബാങ്ക് വ്യക്തമാക്കി.

വിദ്യാഭ്യാസ വകുപ്പ് ബരബാംഗി ജില്ലാ ഡയറക്ടര്‍ രാജ്കുമാര്‍ യാദവ് ആണ് ചെക്കില്‍ ഒപ്പിട്ടിരുന്നത്. വിദ്യാര്‍ഥി ബാങ്കില്‍ നല്‍കിയത് മറ്റൊരു ചെക്കായിരുന്നെന്നും അതാണ് മടങ്ങാന്‍ കാരണമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. അലോക് മിശ്രയുടെ പരാതി പരിഹരിച്ചതായും മറ്റു വിദ്യാര്‍ഥികളൊന്നും ഇത്തരമൊരു പരാതി ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.