രാഹുല്‍ ഗാന്ധിയുടെ ഫെയ്‌സ്ബുക് പേജില്‍ കെപിസിസി പ്രസിഡന്റിനുള്ള വോട്ടെടുപ്പ് ; നിലവില്‍ കെ സുധാകരന് മുന്‍തൂക്കം

കണ്ണൂര്‍: ഫെയ്‌സ്ബുക് പേജില്‍ കെപിസിസി പ്രസിഡന്റിനെ തെരെഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഫെയ്‌സ്ബുക് പേജിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കെ. സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരില്‍ അടുത്ത കെപിസിസി പ്രസിഡന്റ് ആരാകണം എന്ന് ചോദിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്.

കണ്ണൂര്‍ കെഎസ്‌യു മുന്‍ ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസാണ് രാഹുല്‍ ഗാന്ധിയുടെ പേജില്‍ വിസിറ്റേഴ്‌സ് പോസ്റ്റ് വഴി വോട്ടെടുപ്പു നടത്തുന്നത്. ഒരാള്‍ക്ക് ഒരു വോട്ട് മാത്രമേ ചെയ്യാന്‍ കഴിയൂ. ഒരു തവണ ചെയ്ത വോട്ട് മാറ്റിച്ചെയ്യണമെന്നു തോന്നിയാല്‍ അണ്‍ഡൂ വോട്ട് എന്ന ഓപ്ഷന്‍ ഉപയോഗിച്ച് വോട്ട് മാറ്റിചെയ്യാം. സ്വന്തം അക്കൗണ്ടില്‍നിന്ന് പേജില്‍ കയറി കെ. സുധാകരന്റെയോ, മുല്ലപ്പള്ളിയുടെയോ ചിത്രത്തില്‍ ക്ലിക്ക് ചെയ്യാം.

ജൂണ്‍ 15ന് അര്‍ധരാത്രി വരെയാണ് വോട്ട് ചെയ്യാനുള്ള അവസരം. രണ്ടുദിവസമായി നടക്കുന്ന വോട്ടെടുപ്പില്‍ ഇതുവരെ 4600 പേര്‍ വോട്ട് രേഖപ്പെടുത്തി. നിലവില്‍ സുധാകരനാണ് മുന്‍തൂക്കമെങ്കിലും വരുംദിവസങ്ങളില്‍ ഫലം മാറാന്‍ സാധ്യതയുണ്ട്. , കെ. മുരളീധരന്റെയും വി.ഡി. സതീശന്റെയും പേരുകള്‍ കമന്റുകളിലൂടെ ചിലര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതുവരെ ആകെ ആയിരത്തോളം കമന്റുകളാണ് ലഭിച്ചിരിക്കുന്നത്.

കേരളത്തിലെ ജനങ്ങള്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെയാണ് ആഗ്രഹിക്കുന്നതെന്ന കാര്യം രാഹുല്‍ ഗാന്ധിയെ നേരിട്ട് അറിയിക്കുന്നതിനാണ രാഹുല്‍ ഗാന്ധിയുടെ പേജില്‍ വോട്ടെടുപ്പു നടത്തുന്നതെന്നു സുധീപ് ജയിംസ് പറഞ്ഞു. കെ. സുധാകരന്റെ അനുയായി കൂടിയാണ സുധീപ്.