ഫുട്‌ബോള്‍ മാമാങ്കത്തിന് ദിവസങ്ങള്‍ മാത്രം ; കാല്‍പന്ത് രാജാക്കന്മാര്‍ ആരാണെന്നറിയാനുള്ള ആകാംക്ഷയില്‍ ലോകം

ലോകം റഷ്യയിലേക്കാണ് ഉറ്റുനോക്കുന്നത്. കാല്‍പന്തുകളിയുടെ 21ാം ലോകകപ്പ് വേദി റഷ്യയില്‍ നടക്കാന്‍ ഇനി മൂന്ന് നാളുകള്‍ മാത്രം. ഇംഗ്ലണ്ടും സ്‌പെയിനും പോര്‍ച്ചുഗലും സംഘാടകരാകാന്‍ മത്സരിച്ചപ്പോള്‍ ഇവരെയെല്ലാം പിന്നിലാക്കി റഷ്യ വേദി സ്വന്തമാക്കുകയായിരുന്നു. 11 നഗരങ്ങളിലായി 12 സ്റ്റേഡിയങ്ങള്‍ ഫുട്‌ബോള്‍ ആരവത്തിന് തയ്യാറായി കഴിഞ്ഞു. 12 വേദികളിലായി 31 ടീമുകള്‍ ആതിഥേയരായ റഷ്യയുമായി മാറ്റുരയ്ക്കാന്‍ തയ്യാറായി കഴിഞ്ഞു.

ലോകജേതാവിന് നല്‍കാനുള്ള സ്വര്‍ണക്കിരീടം റഷ്യയില്‍ എത്തി. ഉദ്ഘാടന മല്‍സരവും ഫൈനലും നടക്കുന്ന ലുഷ്‌നിക്കിയടക്കമുള്ള 12 സ്റ്റേഡിയങ്ങളും നേരത്തെ തന്നെ ഒരുങ്ങി കഴിഞ്ഞു. ആദ്യമായി വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉപയോഗിക്കുന്ന ലോകകപ്പെന്ന നേട്ടം ഇതോടെ റഷ്യയ്ക്ക് സ്വന്തം. ഐഎസ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തൊട്ടാകെ വന്‍സുരക്ഷയാണ് ഒരിക്കിയിട്ടുള്ളത്.

ഡിസ്‌ട്രോയറും എയര്‍ഡിഫന്‍സ് സിസ്റ്റവുമടക്കം എല്ലാ ആധുനിക സുരക്ഷാ ഉപകരണങ്ങളും ലോകത്തെ ഏറ്റവും വലിയ ആയുധശേഖരത്തിന്റെ സൂക്ഷിപ്പുകാര്‍ രംഗത്തിറക്കിയിട്ടുണ്ട്. ഫാന്‍ കാര്‍ഡ് സംവിധാനം നടപ്പാക്കിയതോടെ ഐഡിയുള്ളവരെ മാത്രമേ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിപ്പിക്കൂ. ഹൂളിഗണ്‍സിന് ഫിഫ പ്രസിഡന്റ് ഇന്‍ഫന്റീനോ ആദ്യമേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യൂറോകപ്പിലെ ഹൂളിഗന്‍സുണ്ടാക്കിയ പ്രശ്‌നങ്ങള്‍ റഷ്യയിലുണ്ടാകില്ലെന്ന് ഉറപ്പിക്കാനാണ് തയ്യാറെടുപ്പുകള്‍. പതിനയ്യായിരം വളണ്ടിയര്‍മാരെ നിയമിച്ചിട്ടുണ്ട്. ആരാധകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ആയിരക്കണക്കിന് തെരുവുനായ്ക്കളെ രാജ്യം കൊന്നൊടുക്കിയിട്ടുണ്ട്. ഇനി കാത്തിരിപ്പിന്റെ ദിവസങ്ങളാണ്. കാല്‍പന്തുരാജാവായി ആരെ അവരോധിക്കുമെന്നറിയാനുള്ള പ്രതീക്ഷയിലാണ് ലോകം.