ഗൗരി ലങ്കേഷിന്റെ ഘാതകന്‍ അറസ്റ്റില്‍; പിടിയിലായത് മഹാരാഷ്ട്രയില്‍നിന്ന്

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് നേരെ വെടിയുതിര്‍ത്തയാളെന്നു സംശയിക്കുന്ന പരശുറാം വാഗ്മോറിനെ (26) പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. വിജയാപുര സിന്ദഗി സ്വദേശിയാണ് പരശുറാം. ഇയാളെ ബെംഗളൂരു മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തെ എസ്‌ഐടി കസ്റ്റഡിയിലേക്ക് റിമാന്‍ഡ് ചെയ്തു.

2017 സെപ്റ്റംബര്‍ അഞ്ചിനാണു ബെംഗളൂരുവിലെ വീടിനുമുന്നില്‍വച്ച് ഗൗരി ലങ്കേഷ് വെടിയേറ്റു മരിക്കുന്നത്. കേസില്‍ ഗുണ്ടാ നേതാവ് സുചിത് കുമാര്‍, ഹിന്ദു യുവസേനാ പ്രവര്‍ത്തകന്‍ കെ.ടി. നവീന്‍കുമാര്‍ എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. ഗൗരി ലങ്കേഷ് ഹിന്ദു വിരുദ്ധ നിലപാടു പുലര്‍ത്തുന്നയാളാണെന്നും അവര്‍ക്കു വേണ്ടിയാണു താന്‍ വാങ്ങുന്ന തിരകളെന്നും തീവ്രനിലപാടുള്ളയാള്‍ പറഞ്ഞതായി അറസ്റ്റിലായ കെ.ടി. നവീന്‍കുമാര്‍ മൊഴി നല്‍കിയിരുന്നു.

ഗൗരി ലങ്കേഷിനെ വധിച്ച അതേ തോക്കുപയോഗിച്ചാണ് എഴുത്തുകാരനും പണ്ഡിതനുമായ എംഎം കല്‍ബുര്‍ഗിയെയും കൊലപ്പെടുത്തിയതെന്ന് ഫോറന്‍സിക് പരിശോധനാ ഫലത്തില്‍ നിന്ന് വ്യക്തമായിരുന്നു. 7.65 എംഎം നാടന്‍ തോക്കാണ് ഇരുവരെയും വധിക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്നും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.