ജോസ് കെ. മാണിയുടെ പത്രിക തള്ളണമെന്ന് എല്‍ഡിഎഫ്; വരണാധികാരിക്ക് കെ.സുരേഷ് കുറുപ്പ് പരാതി നല്‍കി

യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി ജോസ് കെ. മാണിയുടെ പത്രിക തള്ളണമെന്ന് എല്‍ഡിഎഫിന്റെ പരാതി. കെ സുരേഷ് കുറുപ്പാണ് വരണാധികാരിക്ക് പരാതി നല്‍കിയത്. ജോസ് കെ.മാണി പത്രിക നല്‍കും മുമ്പ് ലോക്‌സഭാ എംപി സ്ഥാനം രാജിവെക്കണമായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ലോക്‌സഭാ എംപി സ്ഥാനം രാജിവെക്കാതെയാണ് ജോസ് കെ.മാണി  പത്രിക നല്‍കിയത്. ഇത് ഇരട്ടപദവിയില്‍ വരുമെന്നാണ് സുരേഷ് കുറുപ്പിന്റെ പരാതിയില്‍ പറയുന്നത്.

നിലവില്‍ കോട്ടയം ലോക്‌സഭാംഗമാണ് ജോസ് കെ. മാണി. ഭരണഘടനാ പ്രകാരം മറ്റൊരു ജനപ്രാധിനിത്യ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാലും പഴയ സീറ്റ് ആറ് മാസം വരെ കൈവശം വയ്ക്കാം. ഈ ആനുകൂല്യം മുതലെടുത്ത് കോട്ടയം ലോക്‌സഭാംഗത്വവും ജോസ് കെ മാണി കൈവശം വയ്ക്കുമെന്ന് സൂചനയുണ്ട്. ആറ് മാസം കഴിഞ്ഞ് ലോക്‌സഭാംഗത്വം രാജിവച്ചാലും ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ല. ജോസ് കെ. മാണിയുടെ ലോക്‌സഭാംഗത്വം ഇനി പതിനൊന്ന് മാസം കൂടി മാത്രമാണ് കാലാവധി അവശേഷിക്കുന്നത്. രാജ്യസഭാംഗമായാലും താന്‍ കോട്ടയത്തെ ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് ജോസ് കെ. മാണി പറഞ്ഞിരുന്നു.

ഉമ്മന്‍ ചാണ്ടി.രമേശ് ചെന്നിത്തല,കെ.സി.ജോസഫ് എന്നീ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കൊപ്പമെത്തിയായിരുന്നു ഇന്നലെ ജോസ് കെ മാണി പത്രിക സമര്‍പ്പിച്ചത്. മുസ്ലീം ലീഗിനെ പ്രതിനിധീകരിച്ച് എം.കെ.മുനീറും കെ.എന്‍.എ ഖാദറും എത്തിയിരുന്നു. ജോസ്.കെ.മാണിയുടെ പിതാവും കേരളാ കോണ്‍ഗ്രസ് എം നേതാവുമായ കെ.എം.മാണി പത്രിക സമര്‍പ്പിക്കാന്‍ എത്തിയില്ല. കോണ്‍ഗ്രസിന്റെ യുവ എംഎല്‍എമാരില്‍ അന്‍വര്‍ സാദത്ത് മാത്രമാണ് പത്രികാസമര്‍പ്പണത്തിന് എത്തിയത്. അദ്ദേഹം വന്നയുടന്‍ തന്നെ മടങ്ങിപ്പോവുകയും ചെയ്തു. വി.ഡി.സതീശനും എത്തിയില്ല.നിയമസഭയില്‍ തിരക്കുകളുള്ളതിനാല്‍ എത്താന്‍ കഴിയാഞ്ഞതാവാമെന്ന് ന്യായീകരിച്ചാലും വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുവ എംഎല്‍എമാരുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു.