മോദിയുടെ ഗൂമന്താസനം; പ്രധാനമന്ത്രിയുടെ നാടുചുറ്റലിനെയും ഫിറ്റ്‌നസ് ചലഞ്ചിനെയും ട്രോളി ബിബിസി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫിറ്റ്‌നെസ് ചാലഞ്ചിനെ ട്രോളി രാജ്യാന്തര മാധ്യമ സ്ഥാപനമായ ബി.ബി.സി. വ്യായാമ വേഷത്തില്‍ ഭൂഗോളത്തിന് ചുറ്റും നടക്കുന്ന മോദിയുടെ കാര്‍ട്ടൂണാണ് ബി.ബി.സി ന്യൂസ് ഹിന്ദി അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചത്. ഗൂമന്താസന്‍(ചുറ്റിക്കറങ്ങലാസനം) എന്ന പേരിലായിരുന്നു പോസ്റ്റ്.

ചുറ്റിക്കറങ്ങലാസനം എന്നു തലക്കെട്ടിട്ടുള്ള കാര്‍ട്ടൂണില്‍, സൗരയൂഥത്തില്‍ ഭൂമിക്കു പുറമേക്കൂടി മോദി നടക്കുന്നതായാണു ചിത്രീകരിച്ചിട്ടുള്ളത്. യോഗയ്ക്കു പുറമേ, പഞ്ചഭൂതങ്ങളായ മണ്ണ്, ജലം, വായു, അഗ്‌നി, ആകാശം എന്നിവയിലൂടെ സൃഷ്ടിച്ചെടുത്ത പാതകളിലൂടെയുള്ള നടത്തം ഉന്മേഷം പകരുന്നതാണെന്നു മോദി പറഞ്ഞിരുന്നു. മരത്തിനു ചുറ്റും കൃത്രിമമായി തയാറാക്കിയ ഈ പാതയിലൂടെ നടക്കുന്നതിനെ അനുകരിച്ചാണു കാര്‍ട്ടൂണ്‍ വരച്ചിട്ടുള്ളത്.

ലോകമെമ്പാടും ചുറ്റിക്കറങ്ങുന്ന മോദിയെ കൂടിയാണ് ബി.ബി.സി ചിത്രീകരിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തുടങ്ങിവെച്ച ഫിറ്റ്‌നെസ് ചാലഞ്ച് ഏറ്റെടുത്തായിരുന്നു മോദി യോഗ വീഡിയോ ഷെയര്‍ ചെയ്തത്.

കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിക്കാണ് അദ്ദേഹം തുടര്‍ ചലഞ്ച് നല്‍കിയത്. ലോക്കല്യാണ്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയിലെ പുല്‍മൈതാനിയില്‍ കറുത്ത നിറത്തിലുള്ള ജോഗിങ് വേഷത്തില്‍ മോദി വ്യായാമം ചെയ്യുന്ന വീഡിയോയ്ക്ക് വലിയ പ്രചാരമാണ് കിട്ടിയത്.

വലിയ വിമര്‍ശനവും മോദിക്കെതിരെ വന്നിരുന്നു. സാമ്പത്തിക തകര്‍ച്ചയും കാര്‍ഷിക പ്രശ്‌നങ്ങളും ജനങ്ങള്‍ക്ക് തിരിച്ചടിയാകുമ്പോള്‍ പ്രധാനമന്ത്രി വിഷയത്തെ വഴിതിരിച്ചുവിടുകയാണെന്നായിരുന്നു പ്രധാനവിമര്‍ശനം.