കട്ടിപ്പാറ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി

കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പ്പൊട്ടലില്‍ കാണാതായ നാല് മൃതദേഹം കൂടി കണ്ടെത്തി. പത്തുവയസുകാരിയായ റിംഷ ഷെറിന്‍, മാതാവ് നുസ്രത്ത്, ഷംന, മകള്‍ നിയാ ഫാത്തിമ എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. ഇതോടെ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. കാണാതായ രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ഇന്നലെ രാത്രി എട്ടിനു നിർത്തിയ തിരച്ചിൽ ഇന്നു രാവിലെ ഏഴിനു പുനരാരംഭിച്ചു. മൂന്നു മണ്ണുമാന്തികൾകൂടി എത്തിച്ചാണ് ഇന്നു തിരച്ചിൽ. ഇന്നലെ അഞ്ചെണ്ണമുണ്ടായിരുന്നു. കേന്ദ്ര ദുരന്തനിവാരണ സേനയുടെ 40 പേരടങ്ങുന്ന ഒരു സംഘംകൂടി ഇന്നു തിരച്ചിലിനെത്തും. 42 പേരടങ്ങുന്ന ആദ്യ സംഘം കരിഞ്ചോലയിലുണ്ട്.

ഇന്നലെ രാവിലെ ഒരു മൃതദേഹം കിട്ടിയിരുന്നു. ഒന്നര വയസ്സുകാരി റിഫ മറിയത്തിന്റെ മൃതദേഹമാണു മണ്ണിനടിയിൽനിന്നു കിട്ടിയത്. ഉരുൾപൊട്ടലിൽ മരിച്ച കരിഞ്ചോല ഹസന്റെ പേരക്കുട്ടിയാണു റിഫ. ഹസന്റെ മകൾ നുസ്രത്തിന്റെ മകളാണു റിഫ. ഹസന്റെ മറ്റൊരു മകൾ ജന്നത്തും അപകടത്തിൽ മരിച്ചു.

ഉരുൾപൊട്ടലിൽപ്പെട്ടു മരിച്ചവർ: വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല ഉമ്മിണി അബ്ദുറഹിമാൻ (60), അബ്ദുറഹിമാന്റെ മകൻ ജാഫർ (35), ജാഫറിന്റെ മകൻ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുൾ സലീമിന്റെ മക്കളായ ദിൽന ഷെറിൻ (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), കരിഞ്ചോല ഹസൻ (65), ഹസന്റെ മകൾ ജന്നത്ത് (17), ഹസന്റെ പേരക്കുട്ടി റിഫ മറിയം (ഒന്നര വയസ്സ്), റിൻഷ.