എഡിജിപിയുടെ മകള്‍ ഡ്രൈവറെ മര്‍ദ്ദിച്ചെന്ന് മെഡിക്കല്‍ പരിശോധനയില്‍ സ്ഥിരീകരണം

തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ ഡ്രൈവറെ മര്‍ദ്ദിച്ചെന്ന് മെഡിക്കല്‍ പരിശോധനയില്‍ സ്ഥിരീകരണം. ഗവാസ്‌കറുടെ നട്ടെല്ലിന്റെ കശേരുക്കള്‍ക്ക് ക്ഷതമേറ്റതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. മൊബൈലുകൊണ്ട് കഴുത്തിന് പുറകിലിടിച്ചെന്ന പരാതി റിപ്പോര്‍ട്ട് ശരിവെക്കുന്നു. വേദനയും നീര്‍ക്കെട്ടും മാറാന്‍ ആറ് ആഴ്ചയോളം സമയമെടുക്കുമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.അതേസമയം മെഡിക്കല്‍ റിപ്പോര്‍ട്ട് വകവെക്കാതെയാണ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ധ മര്‍ദിച്ചെന്നായിരുന്നു ഗവാസ്കറുടെ പരാതി. കഴിഞ്ഞദിവസം രാവിലെ എഡിജിപിയുടെ മകളെയും ഭാര്യയെയും ഔദ്യോഗിക വാഹനത്തില്‍ പ്രഭാത നടത്തത്തിനായി കൊണ്ടു പോയപ്പോള്‍ മകള്‍ ചീത്ത വിളിച്ചെന്നും എതിര്‍ത്തപ്പോള്‍ മൊബൈല്‍ ഫോണുകൊണ്ട് കഴുത്തിന് പിന്നില്‍ അടിച്ചെന്നുമാണ് പരാതി. പരാതി നല്‍കി ഒരു പകല്‍ മുഴുവന്‍ ഒത്ത് തീര്‍പ്പ് ശ്രമം നടത്തി വിജയിക്കാതെ വന്നതോടെയാണ് കേസെടുത്തത്. ഗവാസ്‌കറിന്‍റെ പരാതിയില്‍ ആദ്യം കേസെടുക്കാതിരുന്ന പൊലീസ് സംഭവം വിവാദമായതോടെ സ്‌നിഗ്ദക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇതിനിടെ ഗവാസ്‌കറിനെതിരെയും സ്‌നിഗ്ദ പരാതി നല്‍കി. ഈ പരാതിയിലാണ് ഇപ്പോള്‍ ഗവാസ്‌കറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. മര്‍ദനം, അസഭ്യം പറയുക, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗവാസ്‌കര്‍ ഉപദ്രവിച്ചെന്ന് കാണിച്ച് എഡിജിപിയുടെ മകള്‍ പരാതി നല്‍കുകയും മെഡിക്കല്‍ രേഖകള്‍ തയാറാക്കുകയും ചെയ്തിരുന്നു. വനിത എസ്‌ഐയെ എഡിജിപിയുടെ വീട്ടിലേക്ക് വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവാസ്‌ക്കര്‍ക്കെതിരെ കേസെടുത്തത്.

എഡിജിപി സുധേഷ് കുമാര്‍ ജീവനക്കാരെക്കൊണ്ട് വീട്ടുവേല ചെയ്യിപ്പിക്കുന്നുവെന്നും ഗവാസ്‌കറുടെ  പരാതിയില്‍ പറഞ്ഞിരുന്നു. നായയെ കുളിപ്പിക്കാന്‍ വരെ നിര്‍ബന്ധിപ്പിക്കും. ഇതിന് തയാറാകത്തവരെ ഭാര്യയും മകളും ചേര്‍ന്ന് ചീത്തവിളിക്കും.  മകളുടെ മുന്നില്‍ വെച്ച് ചിരിച്ചെന്ന് ആരോപിച്ച് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും ഡ്രൈവര്‍ പറഞ്ഞു.