സൈനികനെ തട്ടിക്കൊണ്ടുപോയി കൊന്ന സംഭവം: മകനെ കൊന്ന ഭീകരവാദികളോട് 32 മണിക്കൂറിനുള്ളില്‍ പ്രതികാരം ചെയ്തിരിക്കണമെന്ന് പിതാവ്

ശ്രീനഗര്‍: തന്റെ മകനെ കൊന്ന ഭീകരവാദികളോട് അടുത്ത 32 മണിക്കൂറിനുള്ളില്‍ പ്രതികാരം ചെയ്തിരിക്കണമെന്ന് കശ്മീരില്‍ വീരമൃത്യുവരിച്ച സൈനികന്റെ പിതാവ്. ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ച രാഷ്ട്രീയ റൈഫിള്‍സ് ജവാന്‍ ഔറംഗസേബിന്റെ പിതാവ് മുഹമ്മദ് ഹനീഫാണ് സൈനികരോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഔറംഗസേബിനെ ഭീകരര്‍ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. പിന്നീട് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭീകരരോട് പ്രതികാരം ചെയ്യണമെന്ന് ഔറംഗസേബിന്റെ പിതാവ് ഹനീഫ് ആവശ്യപ്പെടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മുന്‍ സൈനികന്‍ കൂടിയാണ് ഹനീഫ്. ‘അടുത്ത 32 മണിക്കൂറിനുള്ളില്‍ മകനെ കൊന്നവരോട് പ്രതികാരം ചെയ്തിരിക്കണം. ഇത് എന്റെ അപേക്ഷയാണ്. കശ്മീരിനെ കൊള്ളയടിക്കുന്ന അവരെ വധിക്കണം. അവര്‍ എന്റെ മകനെ തട്ടിയെടുത്തു. അവര്‍ കശ്മീരികളുടെ മകനെയാണ് തട്ടിയെടുത്തത്. സൈന്യമാണോ സര്‍ക്കാരാണോ ഞങ്ങള്‍ക്ക് വേണ്ടി പ്രതിരോധിക്കുന്നത് എന്നെനിക്കറിയില്ല. പക്ഷെ ഞങ്ങള്‍ കശ്മീരികള്‍ കഷ്ടപ്പെടുകയാണ്. കശ്മീര്‍ ഞങ്ങളുടേതാണ്. ഇവിടം നശിപ്പിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. കശ്മീരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തുരത്തിയോടിക്കണം’ ഹനീഫ് സൈനികരോട് പറഞ്ഞു.

സൈനികരെല്ലാവരും താങ്കളുടെ കുടുംബത്തോടൊപ്പമുണ്ടാകുമെന്നും ഇത് ഞങ്ങള്‍ ഒരിക്കലും മറക്കില്ലെന്നും ഹനീഫിന് സൈനികര്‍ മറുപടി നല്‍കി. 44 രാഷ്ട്രീയ റൈഫിള്‍സിലായിരുന്നു ഔറംഗസേബ് പ്രവര്‍ത്തിച്ചിരുന്നത്. ഹിസ്ബുള്‍ ഭീകരരായിരുന്ന സമീര്‍ ടൈഗര്‍, സദ്ദാം പദ്ദര്‍ എന്നിവരെ വധിച്ച സംഘത്തിലുണ്ടായിരുന്നയാളായിരുന്നു ഔറംഗസേബ്.