പിണക്കങ്ങള്‍ക്ക് വിട; പിണറായിയും മമത ബാനര്‍ജിയും കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: പിണക്കങ്ങള്‍ക്ക് വിടനല്‍കി മുഖ്യമന്ത്രി പിണറായി വിജയനും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കൂടിക്കാഴ്ച നടത്തി. നീതി ആയോഗിന്റെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനാണ് പിണറായി ഡല്‍ഹിയിലെത്തിയത്. ഒപ്പം ചീഫ്‌സെക്രട്ടറി പോള്‍ ആന്റണിയും യോഗത്തില്‍ പങ്കെടുത്തു. മമത ബാനര്‍ജിയ്‌ക്കൊപ്പം കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരുമുണ്ടായിരുന്നു.

കഴിഞ്ഞ മാസം കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്കിടെ പിണറായിയും മമതയും കണ്ടിരുന്നെങ്കിലും പരസ്പരം മിണ്ടാതെ മാറി നില്‍ക്കുകയായിരുന്നു. വേദിയില്‍ നേരത്തേയെത്തിയ പിണറായി വേദിയുടെ ഇടതുഭാഗത്തു ചന്ദ്രബാബു നായിഡുവിനും മറ്റുമൊപ്പം ഇരിപ്പുറപ്പിച്ചിരുന്നു. പ്രമുഖ നേതാക്കളെല്ലാം എത്തിക്കഴിഞ്ഞ് അല്‍പം വൈകിയാണ് മമതയെത്തിയത്.

ഓരോരുത്തരെയായി അഭിവാദ്യം ചെയ്ത് വേദിയുടെ ഇടത്തേയറ്റത്തേക്കു നടന്ന മമതയെ കണ്ട് മറ്റുള്ളവരെല്ലാം എഴുന്നേറ്റെങ്കിലും പിണറായി അനങ്ങിയില്ല. മൂന്നു കസേരയ്ക്കിപ്പുറംവരെ വന്നു പിണറായിയെ നോക്കാതെ മമത തിരിച്ചു പോകുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ മേയ് 24നു പിണറായി വിജയനു പിറന്നാള്‍ ആശംസകളറിയിച്ച് മമത ട്വീറ്റ് ചെയ്തത് ഏവരെയും അമ്പരപ്പിച്ചിരുന്നു.