മെസി പെനാല്‍റ്റി പാഴാക്കി; അര്‍ജന്റീന-ഐസ്‌ലന്‍ഡ് മത്സരം സമനിലയില്‍

മോസ്‌ക്കോ: റഷ്യ ലോകകപ്പിലെ അര്‍ജന്റീന-ഐസ്‌ലന്‍ഡ് മത്സരത്തില്‍ ഐസ്‌ലന്‍ഡിനെതിരെ അര്‍ജന്റീനയ്ക്ക് സമനില. ഓരോ ഗോളടിച്ചാണ് ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞത്. 64-ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റി മെസ്സി പാഴാക്കി. ബോക്‌സിനുള്ളില്‍ മെസ്സിയെ ഐസ്‌ലന്‍ഡ് പ്രതിരോധം വീഴ്ത്തിയതിനായിരുന്നു പെനല്‍റ്റി. താരമെടുത്ത പെനല്‍റ്റി കിക്ക് ഐസ്‌ലന്‍ഡ് ഗോള്‍കീപ്പര്‍ ഹാല്‍ഡേഴ്‌സന്‍ തടുത്തിടുകയായിരുന്നു.

മത്സരത്തിന്റെ 19-ാം മിനിറ്റില്‍ അഗ്യൂറോയുടെ ഗോളില്‍ അര്‍ജന്റീനയാണ് ആദ്യം ലീഡെടുത്തത്. പിന്നാലെ ലോകകപ്പിലെ ആദ്യ ഗോള്‍ കുറിച്ച ഫിന്‍ബോഗാസണിലൂടെ 23-ാം മിനിറ്റില്‍ ഐസ്‌ലന്‍ഡ് സമനില പിടിച്ചു. ആദ്യ നാല്‍പ്പത്തിയഞ്ച് മിനിറ്റില്‍ കളിയുടെ ഭൂരിഭാഗം സമയവും പന്ത് അര്‍ജന്റീനയുടെ കൈവശമായിരുന്നു. എന്നാല്‍ കിട്ടിയ അവസരങ്ങളിലെല്ലാം കൗണ്ടര്‍ അറ്റാക്കുമായി ഐസ്‌ലന്‍ഡും കളംനിറഞ്ഞുകളിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ