എ.ഡി.ജി.പി നിതിന്‍ അഗര്‍വാളിന്റെ വീട്ടിലെ പട്ടിയെ കുളിപ്പിക്കുന്നത് പൊലിസുകാര്‍

തിരുവനന്തപുരം: എ.ഡി.ജി.പി സുധേഷ് കുമാറിനു പിന്നാലെ റോഡ് സേഫ്റ്റി കമ്മിഷനറായ എ.ഡി.ജി.പി നിതിന്‍ അഗര്‍വാളും വിവാദത്തില്‍. തന്റെ വീട്ടിലെ പട്ടിയെ പൊലിസുകാരെ ഉപയോഗിച്ച് കുളിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

ബറ്റാലിയന്‍ എ.ഡി.ജി.പി ആയിരിക്കെയാണ് നിതിന്‍ അഗര്‍വാള്‍ ഡോഗ് സ്‌ക്വാഡിലെ മൂന്നു പൊലിസുകാരെ വീട്ടിലേക്ക് വിളിച്ചു വരുത്തി പട്ടികളെ കുളിപ്പിക്കാന്‍ നിര്‍ദേശിച്ചത്.

ഏതാണ്ട് ഒരു വര്‍ഷം മുന്‍പുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. അന്ന് പൊലിസുകാരില്‍ ആരോ മൊബൈലില്‍ പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങള്‍.

പേരൂര്‍ക്കട എസ്.എ.പി ക്യാംപിലെ ഡെപ്യൂട്ടി കമാന്‍ഡന്റ് പി.വി രാജു സ്വന്തം വീട്ടില്‍ ടൈലിടാന്‍ നിയോഗിച്ചത് രണ്ട് ക്യാംപ് ഫോളോവേഴ്‌സിനെയാണെന്ന വാര്‍ത്തയും പുറത്തു വന്നിട്ടുണ്ട്. ഒരു പകല്‍ മുഴുവന്‍ അവര്‍ക്ക് ആ പണി ചെയ്യേണ്ടിവന്നുവെന്നും പറയപ്പെടുന്നു.