കട്ടിപ്പാറ ഉരുള്‍പൊട്ടല്‍: കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം

കട്ടിപ്പാറ: കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള കാലവര്‍ഷക്കെടുതിയില്‍  മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

വീടു നഷ്ടപ്പെട്ടവര്‍ക്കും നാലു ലക്ഷം രൂപ നല്‍കും. ഭൂമി ഒഴുകിപ്പോയവര്‍ക്ക് പരമാവധി ആറു ലക്ഷം രൂപ വരെ ലഭിക്കും. വിള ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കു കൃഷിനാശം സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇത്തവണ കൂടി നഷ്ടപരിഹാരം നല്‍കും. ഓരോ വിളയ്ക്കും നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡം അനുസരിച്ചാണു നഷ്ടപരിഹാരം നല്‍കുക. ഇനി മുതല്‍ കൃഷിക്ക് ഇന്‍ഷുറന്‍സ് എടുത്തിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായാണു നഷ്ടപരിഹാരം നല്‍കുന്നത്.

കാലവര്‍ഷക്കെടുതിയില്‍ പരുക്കേറ്റവരുടെ മുഴുവന്‍ ചികിത്സാചെലവും സര്‍ക്കാര്‍ വഹിക്കും. ഭൂമി ഒഴുകിപ്പോയവര്‍ക്കു പകരം വാങ്ങുന്ന ഭൂമിയുടെ യഥാര്‍ഥ വിലയോ ആറു ലക്ഷം രൂപയോ ഏതാണു കുറവ് അത്രയും നല്‍കും. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കണമെന്നു ശുപാര്‍ശ ചെയ്യുന്നതിനു റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനും ദുരന്ത നിവാരണ വകുപ്പു സെക്രട്ടറി കണ്‍വീനറുമായി ഉന്നതതല സമിതിയെ നിയോഗിച്ചു.

ദുരന്ത നിവാരണ ഫണ്ടില്‍ നിന്നായിരിക്കും നഷ്ടപരിഹാരത്തുക വിതരണം ചെയ്യുക. മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്ന കണക്കനുസരിച്ച് 56 പേരാണ് ഇതുവരെ മരിച്ചത്. കൂടുതല്‍ ജീവഹാനി ഉണ്ടായാല്‍ അതിനനുസരിച്ചു നഷ്ടപരിഹാരം നല്‍കും. കാലവര്‍ഷക്കെടുതി നേരിടുന്നതിനു പ്രത്യേക മന്ത്രിസഭാ യോഗം എടുത്ത തീരുമാനങ്ങള്‍ സംബന്ധിച്ചു നിയമസഭയില്‍ മുഖ്യമന്ത്രി ചട്ടം 300 അനുസരിച്ചു പ്രസ്താവന നടത്തും.