മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ആത്മഹത്യ:അന്വേഷണം ആരംഭിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എറണാകുളം ജില്ലയിലെ എളംകുന്നപ്പുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കൃഷ്ണന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

12.06.2018ന് രാത്രി ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും വൈപ്പിനിലേയ്ക്ക് ബോട്ടില്‍ യാത്ര ചെയ്യവെയാണ് കൃഷ്ണന്‍ കായലിലേക്ക് ചാടിയത്. ബോട്ടിന്റെ ലാസ്‌കര്‍, കൃഷ്ണന്റേതെന്നു കരുതുന്ന ഒരു കത്ത് ഹാജരാക്കി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മുളവ്കാട് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൃഷ്ണനെ കണ്ടെത്തുന്നതിനായി നേവി, അഗ്‌നിശമന സേന എന്നിവയിലെ മുങ്ങല്‍ വിദഗ്ദ്ധര്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവരുടെ സഹയത്തോടെ കോസ്റ്റല്‍ പോലീസും മറ്റ് പോലീസ് വിഭാഗങ്ങളും ഊര്‍ജ്ജിത ശ്രമങ്ങള്‍ നടത്തിവരവെ 15.06.2018ന് രാവിലെ ചെറിയ കടവ് കടപ്പുറത്തുനിന്ന് ടിയാന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.തുടര്‍ന്ന് സംഭവത്തില്‍ CrPC ചട്ടം 174 പ്രകാരം അന്വേഷണം നടത്തിവരുന്നു.