എംഎല്‍എ യുവാവിനെ മര്‍ദിച്ച സംഭവം : പരാതിയുമായി മുന്നോട്ട് പോകാന്‍ പേടിയുണ്ടെന്ന് മര്‍ദനമേറ്റ യുവാവിന്റെ അമ്മ

അഞ്ചലില്‍ ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ പേടിയുണ്ടെന്ന്  മര്‍ദനമേറ്റ യുവാവിന്റെ അമ്മ ഷീന. സമ്മര്‍ദം മൂലമാണ് ഒത്തുതീര്‍പ്പിന് തയ്യാറായതെന്ന് ഷീന പറഞ്ഞു. മകന്റെ ഭാവിയെ കരുതിയാണ് ഒത്തുതീര്‍പ്പിന് തയ്യാറായതെന്നും ഷീന വ്യക്തമാക്കി. പരാതി പിന്‍വലിക്കാനുള്ള തീരുമാനം എത്രയും പെട്ടെന്ന് പൊലീസിനെയും കോടതിയേയും അറിയിക്കുമെന്നും പറഞ്ഞു.

യുവാവിനെ മര്‍ദിച്ച കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്ന് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ വ്യക്തമാക്കിയിരുന്നു. ഇന്ന് ഞാന്‍, നാളെ നീ എന്ന് അംഗങ്ങള്‍ മനസിലാക്കണം.സര്‍ക്കാരിനെ കരിവാരിത്തേക്കാന്‍ ശ്രമം നടക്കുന്നു. യുവാവിനെ മര്‍ദ്ദിച്ച കേസില്‍ വിമര്‍ശനം ഉന്നയിക്കുന്നത് കാര്യമറിയാതെയാണ്. മാധ്യമങ്ങള്‍ക്ക് തന്നോട് വിരോധമുണ്ടെന്നും ഗണേഷ് ആരോപിച്ചു. സത്യം തെളിയുമ്പോള്‍ ആരോപണം ഉന്നയിച്ചവര്‍ തിരുത്തണമെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു. നിയമസഭയിലാണ് ഗണേഷ് കുമാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു യുവാവിനെ അമ്മയുടെ മുന്നിലിട്ട് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ മര്‍ദ്ദിച്ചത്.  സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ അഞ്ചല്‍ സി.ഐ മോഹന്‍ദാസിനെ സ്ഥലംമാറ്റി. കോട്ടയം ജില്ലയിലേക്കാണ് സ്ഥലംമാറ്റിയത്. കേസില്‍ ദൃക്‌സാക്ഷി കൂടിയായ സി.ഐ, ഗണേഷിന് അനുകൂലമായ നിലപാട് എടുത്തുവെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. മര്‍ദ്ദിക്കുമ്പോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്ന മോഹന്‍ദാസ് മര്‍ദ്ദനം തടയാന്‍ ശ്രമിക്കുകയോ സംഭവത്തില്‍ ഇടപെടുകയോ ചെയ്യാതെ കാഴ്ചക്കാരനായി നിന്നുവെന്നാണ് ആരോപണം.

മോഹന്‍ദാസിന്റെ വീടിന് സമീപത്ത് വച്ചായിരുന്നു ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദ്ദിച്ചത്. ബഹളം കേട്ട് പുറത്തിറങ്ങിയ സി.ഐ കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് പകരം ഗണേഷിനെയും ഡ്രൈവറേയും സംഭവസ്ഥലത്ത് നിന്ന് രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മര്‍ദ്ദനമേറ്റ അനന്തകൃഷ്ണന്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ സി.ഐ തടഞ്ഞതായും ആരോപണമുണ്ട്.

ബുധനാഴ്ച ഉച്ചക്ക് ശേഷമായിരുന്നു കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിനെ ഗണേഷ് മര്‍ദ്ദിച്ചത്. അമ്മ ഷീനയുടെ മുന്നില്‍ വച്ചു മര്‍ദ്ദിച്ച് അവശനാക്കിയെന്നാണ് പരാതി. അഞ്ചല്‍ ശബരിഗിരിക്ക് സമീപത്തെ മരണ വീട്ടിലേക്ക് വന്നതായിരുന്നു എം.എല്‍.എയുടെ വാഹനം. ഇതേവീട്ടില്‍ നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവര്‍ സഞ്ചരിച്ച കാര്‍ ഗണേഷ് കുമാറിന്റെ കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ചാടിയിറങ്ങിയ എം.എല്‍.എയും ഡ്രൈവറും യുവാവിനെ മര്‍ദിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ