എഡിജിപിയുടെ മകള്‍ക്കെതിരായ കേസ്: അന്വേഷണം അട്ടിമറിക്കാന്‍ നീക്കം; വാഹനമോടിച്ചത് ഗവാസ്‌കര്‍ അല്ലെന്ന് വരുത്താന്‍ ശ്രമം

തിരുവനന്തപുരം:  പൊലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ എഡിജിപിയുടെ മകള്‍ക്കെതിരായ കേസ് അട്ടിമറിക്കാനുള്ള ശ്രമം പൊളിഞ്ഞു. ഗവാസ്ക്കറല്ല വാഹനമോടിച്ചത് എന്നു വരുത്താനായിരുന്നു എഡിജിപിയുടെ നീക്കം. ഇതിനായി ഡ്യൂട്ടി റജിസ്റ്റര്‍ തിരുത്തി. സംഭവദിവസം വാഹനമോടിച്ചത് ജയ്സണ്‍ എന്നയാളാണെന്ന് എഴുതിച്ചേര്‍ത്തു. എന്നാല്‍ വാഹനമെടുത്തത് ആശുപത്രിയില്‍നിന്നാണെന്ന് ജയ്സണ്‍ പറയുന്നു. രാവിലെ വാഹനമോടിച്ചതു ഗവാസ്ക്കറെന്നുമുള്ള മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഡ്യൂട്ടി റജിസ്റ്ററടക്കം രേഖകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.

ഗവാസ്കര്‍ക്കെതിരായ പരാതിയില്‍ എഡിജിപി സുേദഷ് കുമാറിന്റെ മകള്‍ വീണ്ടും മൊഴി തിരുത്തിയതിന്റെ തെളിവുകളും ഇന്നലെ പുറത്തുവന്നിരുന്നു. പൊലീസ് ജീപ്പ് കാലില്‍ കയറിയാണു പരുക്കേറ്റതെന്നാണു ക്രൈംബ്രാഞ്ച് സംഘത്തിന്റെ മൊഴിയെടുപ്പില്‍ മകൾ ആവര്‍ത്തിച്ചു പറഞ്ഞത്. പൊരുത്തക്കേടുകള്‍ വ്യക്തമായെങ്കിലും കൂടുതല്‍ തെളിവു ശേഖരിച്ചശേഷം മാത്രം എഡിജിപിയുടെ മകളുടെ അറസ്റ്റ് മതിയെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം.

ഗവാസ്കര്‍ക്കെതിരായ എഡിജിപിയുടെ മകളുടെ പരാതിയിലും ആശുപത്രി രേഖയിലും പൊരുത്തക്കേടുകള്‍ വ്യക്തമായതോടെയാണു ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തത്. സുദേഷ് കുമാറിന്റെയും മകളുടെയും ഭാര്യയുടെയും മൊഴിയെടുത്തു. ആദ്യം പൊലീസിനു നല്‍കിയ മൊഴിയാണ് ക്രൈംബ്രാഞ്ചിനോടും എഡിജിപിയുടെ മകള്‍ ആവര്‍ത്തിച്ചത്. ഗവാസ്കര്‍ ഓടിച്ച പൊലീസ് ജീപ്പിന്റെ ടയര്‍ കാലിലൂടെ കയറി പരുക്കേറ്റെന്നാണ് ആ മൊഴി.

എന്നാല്‍ ചികിത്സിച്ച ആശുപത്രിയിലെ ഡോക്ടറോടു പറഞ്ഞത് ഓട്ടോയിടിച്ചു പരുക്കേറ്റെന്നായിരുന്നു. ഈ പൊരുത്തക്കേട് എന്താണെന്നു ക്യത്യമായി വ്യക്തമാക്കിയിട്ടില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. സാക്ഷികളെന്ന നിലയിലാണു സുദേഷ്കുമാറിന്റെയും ഭാര്യയുടെയും മൊഴിയെടുത്തത്. ഗവാസ്കറിന്റെ മോശം പെരുമാറ്റത്തില്‍ പലപ്പോഴും താക്കീതു ചെയ്തിരുന്നെന്നും അതിലെ വൈരാഗ്യമാണു പരാതിക്കു പിന്നിലെന്നും ഇരുവരും മൊഴി നല്‍കി.

മൊഴികളില്‍ പൊരുത്തക്കേടു വ്യക്തമായെങ്കിലും സുദേഷ്കുമാറിന്റെ മകളുടെ അറസ്റ്റ് വൈകുകയാണ്. സംഭവത്തില്‍ കൂടുതല്‍ സാക്ഷികളുണ്ടോയെന്നു പരിശോധിച്ചിട്ട് അന്തിമ നിഗമനത്തിലെത്താമെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.