സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രവാസികളെ കൊള്ള ചെയ്യുന്നതിനെതിരേ ജെ.എഫ്.എ രംഗത്ത്

തോമസ് കൂവള്ളൂര്‍

ന്യൂയോര്‍ക്ക്: ഇന്നേയ്ക്ക് 22 വര്‍ഷങ്ങള്‍ക്കു മുമ്പ്, 1996 സെപ്റ്റംബര്‍ 19-നു ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍, ന്യൂയോര്‍ക്ക് സിറ്റിയുടെ ഭാഗമായ ക്യൂന്‍സിലെ ഫ്‌ളഷിംഗില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍, ന്യൂയോര്‍ക്കില്‍ സ്ഥിരതാമസക്കാരനായിരുന്ന വര്‍ഗീസ് തോമസ് എന്ന അമേരിക്കന്‍ മലയാളി അദ്ദേഹത്തിന്റെ എന്‍.ആര്‍.ഇ അക്കൗണ്ടില്‍ ഇരുപതിനായിരം (20,000) ഡോളര്‍ നിക്ഷേപിച്ചിരുന്നു. അമേരിക്കിയില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പലിശ ലഭിക്കുമെന്ന കാരണത്താല്‍ റിട്ടയര്‍മെന്റ് ആകുമ്പേഴേയ്ക്കും നല്ലൊരു തുക ലഭിക്കുമല്ലോ എന്ന വിശ്വാസത്തിലാണ് അദ്ദേഹം തുക അന്ന് ഫിക്‌സഡ് ഡിപ്പോസിറ്റില്‍ നിക്ഷേപിക്കാന്‍ കാരണം.

അന്ന് ഒരു ഡോളറിന് 35 രൂപ 25 പൈസ ആയിരുന്നു ബാങ്കിന്റെ നിരക്ക്. പ്രസ്തുത തുക സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം വഴുതക്കാട്ടുള്ള ബ്രാഞ്ചില്‍ കിട്ടയതായും, മൊത്തും ഏഴു ലക്ഷത്തി അയ്യായിരം രൂപ ഉള്ളതായും തിരുവനന്തപുരം ബ്രാഞ്ചില്‍ നിന്നുള്ള കത്തും അദ്ദേഹത്തിന് ലഭിച്ചു.

പിന്നീട് 1999 മാര്‍ച്ച് 20-നു തുക 9 ലക്ഷത്തി എണ്‍പത്തിനാലായിരത്തി എണ്ണൂറ്റി എണ്‍പതു രൂപ ലഭിക്കത്തക്ക വിധത്തില്‍ ടേം ഡപ്പോസിറ്റാക്കി മാറ്റിയതായും തുക റിന്യൂ ചെയ്തിരിക്കുന്നതിന്റെ റിക്കാര്‍ഡ് ഒരു കൈപ്പടയിലുള്ള കത്തോടുകൂടി തിരുവനന്തപുരം ബ്രാഞ്ചിന്റെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അദ്ദേഹത്തിന്റെ ന്യൂയോര്‍ക്കിലുള്ള അഡ്രസില്‍ അയച്ചുകൊടുത്തു.

2000-ന്റെ തുടകത്തില്‍ എല്ലാം കംപ്യൂട്ടറിലേക്ക് ആക്കിക്കൊണ്ടിരിക്കുന്നതായി ഒരു കത്തും ലഭിച്ചിരുന്നു. അന്നുവരെയുള്ള എല്ലാ റിക്കാര്‍ഡുകളും കൈപ്പടിയില്‍ ആണെഴുതിയിരിക്കുന്നതെന്ന് റിക്കാര്‍ഡുകള്‍ പരിശോധിച്ചപ്പോള്‍ ഈ ലേഖകന് മനസിലാക്കാന്‍ കഴിഞ്ഞു. ഇതിനിടെ ബാങ്കില്‍ നിന്നും വിവരങ്ങളൊന്നും ലഭിക്കാതെവന്നപ്പോള്‍ അദ്ദേഹം ഫോണിലൂടെയും ഇ-മെയിലിലൂടെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ബ്രാഞ്ചിലുള്ള ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയുണ്ടായി. ഒടുവില്‍ അക്കൗണ്ട് നമ്പരില്‍ ഒരു അക്കം ഇല്ലാത്തതിനാല്‍ ഡപ്പോസിറ്റ് ചെയ്ത തുക തിരിച്ചറിയാന്‍ കഴിയുന്നില്ല എന്ന് പിന്നീട് മാറി വന്ന ഒരു മാനേജര്‍ പറഞ്ഞുവത്രേ.

ഏതായാലും സംഗതികള്‍ക്ക് എന്തോ പന്തികേടുണ്ടെന്നു മനസ്സിലാക്കിയ നിക്ഷേപകന്‍ കേരളത്തിലുള്ള അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് കൂടിയായ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. ഒടുവില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓംബുഡ്‌സ്മാനെക്കൊണ്ട് അന്വേഷിപ്പിച്ചുവെങ്കിലും അങ്ങനെ ഒരു ഡപ്പോസിറ്റോ, അതു സംബന്ധിച്ചുള്ള റിക്കാര്‍ഡുകളോ, ഈ തുക ആര്‍ക്കെങ്കിലും കൊടുത്തതായിട്ടോ കാണുന്നില്ല എന്ന നിരാശാജനകമായ റിപ്പോര്‍ട്ടാണ് അദ്ദേഹത്തിന് കിട്ടിയത്.

സര്‍വ്വ വാതിലുകളും അടഞ്ഞപ്പോള്‍, തന്നെ സഹായിക്കാന്‍ ആരുമില്ലാതെ വന്ന സാഹചര്യത്തിലാണ് പരാതിക്കാരനായ നിക്ഷേപകന്‍ ഈ ലേഖകന്റെ അടുക്കല്‍ സഹായത്തിനായി എത്തിയത്. സര്‍വ്വ റിക്കോര്‍ഡുകളും പരിശോധിച്ചപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അദ്ദേഹത്തെ നിര്‍ദാക്ഷിണ്യം തള്ളിക്കളഞ്ഞുപോലെ മനസിലാക്കാന്‍ സാധിക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫ്‌ളഷിംഗിലുണ്ടായിരുന്ന ബ്രാഞ്ച് പ്രവര്‍ത്തിച്ചിരുന്ന അഡ്രസ്: 42- 08 മെയിന്‍ സ്ട്രീറ്റ് , ഫ്‌ളഷിംഗ്, ന്യൂയോര്‍ക്ക് 11355 ആയിരുന്നു. ആ ബ്രാഞ്ച് ഇപ്പോള്‍ പൂട്ടിപ്പോയിരിക്കുന്നതായി കാണാന്‍ കഴിഞ്ഞു. പക്ഷെ മന്‍ഹാട്ടനില്‍ ഒരു ബ്രാഞ്ച് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. അവിടെ പരാതിക്കാരന്‍ പോയി പരാതിപ്പെട്ടപ്പോള്‍ അവര്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ലെന്ന മറുപടിയാണ് ലഭിച്ചത്.

ഇങ്ങനെയുള്ള സാഹചര്യത്തില്‍ കേരള സര്‍ക്കാരിന്റെ പിറകെയോ, കേന്ദ്ര സര്‍ക്കാരിന്റെ പിറകെയോ പോയാല്‍ നീതി ലഭിക്കുമെന്ന് അദ്ദേഹത്തിന് വിശ്വാസമില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ വരെ കൈ ഒഴിഞ്ഞപ്പോള്‍ ഇനി എന്തു ചെയ്യാനാവും എന്നദ്ദേഹത്തിന് ഒരു നിശ്ചയവുമില്ല. നാട്ടിലുള്ള പ്രവാസി നേതാക്കളുമായി ബന്ധപ്പെട്ടപ്പോള്‍ കേരളത്തില്‍ പ്രഗത്ഭരായ വക്കീലന്മാര്‍ ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. പക്ഷെ വക്കീലന്മാരുടെ പിറകെ പോയാല്‍ കൈയില്‍ നിന്നും പണം വാരി എറിയേണ്ടിയും വരും.

വാസ്തവത്തില്‍ പ്രസ്തുത നിക്ഷേപകന്റെ അവസ്ഥയോര്‍ത്ത് സഹതാപം തോന്നി. അല്പം സമയം ഇതിനുവേണ്ടി ചിലവഴിച്ചിട്ടാണെങ്കിലും സത്യം പുറത്തുകൊണ്ടുവരാന്‍ ജസ്റ്റീസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ) എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രശ്‌ന പരിഹാരത്തിന് പരമാവധി സഹായിക്കണമെന്ന് ജെ.എഫ്.എയുടെ ചെയര്‍മാന്‍കൂടിയായ ലേഖകന്‍ അദ്ദേഹത്തിന് ഉറപ്പു കൊടുത്തിരിക്കുകയാണ്.

തുക നിക്ഷേപിച്ചത് ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ ആയതുകൊണ്ട് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് ആന്‍ഡ് ബാങ്കിംഗ് ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട് പരാതി സമര്‍പ്പിക്കാന്‍ വേണ്ട ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. സ്റ്റേറ്റ് ഗവണ്‍മെന്റ് തന്നെ ഇടപെട്ട് പ്രശ്‌ന പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞാല്‍ അതൊരു വലിയ നേട്ടമായിരിക്കും. ഇത്തരത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊള്ളയ്ക്ക് വിധേയരായവര്‍ ഉണ്ടെങ്കില്‍ മുന്നോട്ടു വരണമെന്നും താത്പര്യപ്പെടുന്നു.
വാര്‍ത്ത അയയ്ക്കുന്നത്: തോമസ് കൂവള്ളൂര്‍ (ഇമെയില്‍:TJkoovalloor@live.com , ഫോണ്‍: 914 409 5772).