ലൈംഗിക ചെന്നായ്ക്കളായ നാല്‌ ഓര്‍ത്തഡോക്സ്‌ ബിഷപ്പുമാര്‍

ടൈറ്റസ്‌ കെ.വിളയില്‍

കുമ്പസാര രഹസ്യം മുതലെടുത്ത്‌ രണ്ട്‌ കുഞ്ഞുങ്ങളുടെ അമ്മയും പ്രവാസി മലയാളിയുടെ ഭാര്യയുമായ തിരുവല്ല സ്വദേശി യുവതിയെ ഓര്‍ത്തഡോക്സ്‌ സഭയിലെ അഞ്ചു വൈദീകര്‍ (എട്ടു പേരെന്നും ആരോപണമുണ്ട്‌) നിരന്തരം ലൈഗികമായി പീഡിപ്പിച്ചതിന്റെ വാര്‍ത്ത പുറത്തു വരുന്നതിന്‌ മുന്‍പാണ്‌ ലൈംഗിക പീഡന പരാതികളുടെ പേരില്‍ നാല്‌ ഓര്‍ത്തഡോക്സ്‌ ബിഷപ്പുമാരെ ,സഭയുടെ പരമാദ്ധ്യക്ഷനായ കാതോലിക്ക ബാവ സിനഡ്‌ യോഗത്തില്‍ വച്ച്‌ ശാസിച്ചു എന്ന വിവരം മാധ്യമങ്ങള്‍ക്ക്‌ ചോര്‍ന്ന്‌ കിട്ടിയത്‌.
എന്നാല്‍ ഈ വിവരം കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ മുക്കുകയായിരുന്നു.

ഈ മാസം ആദ്യമായിരുന്നു കോട്ടയത്തിനടുത്ത്‌ കഞ്ഞിക്കുഴിയിലെ ദേവലോകം അരമനയില്‍ മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ സിനഡ്‌ കൂടിയത്‌
സ്ത്രീകളോട്‌ അപമര്യാദയായി പെരുമാറുക,ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ചു കൊടുക്കുക,രാത്രികാലങ്ങളില്‍ പ്രവാസി മലയാളികളായ സഭാവിശ്വാസികളുടെ ഭാര്യമാരോട്‌ അശ്ലീല ചുവയോട്‌ സംസാരിക്കുക,അവരെ ലൈംഗിക ബന്ധത്തിന്‌ ക്ഷണിക്കുക( നിര്‍ബന്ധിക്കുക), തുടങ്ങിയ പരാതികളാണ്‌ ഈ നാല്‌ ബിഷപ്പുമാര്‍ക്കെതിരെ ഉന്നയിക്കപ്പെട്ട പരാതികളുടെ പൊതുസ്വഭാവം

നാല്‌ ബിഷപ്പുമാര്‍ക്കെതിരെ അതീവ ഗുരുതരമായ ലൈംഗിക പീഡന പരാതികളാണ്‌ കാതോലിക്ക ബാവാക്ക്‌ ലഭിച്ചത്‌. സ്ത്രീകളോട്‌ അപമര്യാദയായി പെരുമാറുകയും ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും അശ്ലീല ദൃശ്യങ്ങളും അയച്ചു കൊടുത്തുവെന്നാണ്‌ മലയോര മേഖലയില്‍ നിന്നുള്ള ബിഷപ്പിനെതിരെയുള്ള മുഖ്യപരാതി. ഇദ്ദേഹത്തിനെതിരെ ഏഴ്‌ സ്ത്രീകളാണ്‌ പരാതി ഉന്നയിച്ചിരിക്കുന്നത്‌.ഇദ്ദേഹത്തിനെതിരെ ഇത്തരത്തില്‍ നിരവധി പരാതികള്‍ മുമ്പും ലഭിച്ചിരുന്നു.
രാത്രികാലങ്ങളില്‍ പ്രവാസി മലയാളികളുടെ ഭാര്യമാരോട്‌ ഫോണിലൂടെ അശ്ലീല ചുവയോട്‌ സംസാരിക്കുകയും ലൈംഗിക ബന്ധത്തിന്‌ ക്ഷണിക്കുകയുമാണ്‌ ഈ മലയോര മെത്രാന്റെ പതിവ്‌ പരിപാടി. ആരോപണവിധേയരായ മറ്റ്‌ മൂന്ന്‌ പേരും സമാനമായ ഇടപാടുകളില്‍ അഗ്രഗണ്യരാണ്‌.

അമേരിക്കയിലെ ഒരു ഭദ്രാസനത്തിലെ ബിഷപ്പ്‌ മലയാളിയായ ഒരു വിശ്വാസിയുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത സാമൂഹികമാധ്യമങ്ങളില്‍ ഉയര്‍ന്ന്‌ വന്നിരുന്നു. ഇയാളെ കേരളത്തിലേക്ക്‌ സ്ഥലം മാറ്റി സഭ രക്ഷിക്കുകയായിരുന്നു്‌.

മധ്യതിരുവതാംകൂറിലെ ഒരു ഭദ്രാസനത്തിന്റെ ചുമതലയുള്ള ബിഷപ്പ്‌ തന്റെ അരമനയിലെ ജോലിക്കാരിയെ പീഡിപ്പിച്ച സംഭവം ഇരുപത്‌ ലക്ഷം രൂപ നല്‍കിയാണ്‌ ഒതുക്കി തീര്‍ത്തത്‌. ഇങ്ങനെ ലൈംഗിക ആരോപണങ്ങളില്‍പ്പെട്ട മെത്രാപ്പോലിത്തമാര്‍ക്കാണ്‌ കാതോലിക്ക ബാവ ശക്തമായ താക്കീത്‌ നല്‍കിയെന്നാണ്‌ പുറത്ത്‌ വരുന്ന വിവരങ്ങള്‍.

ഒരു കൂട്ടര്‍ക്കെതിരെ ലൈംഗിക പീഡന പരാതികള്‍ ഉയരുമ്പോള്‍ മറ്റൊരു കൂട്ടര്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പിന്റെ ആരോപണങ്ങളാണ്‌ ഉയര്‍ന്നത്‌. ബിഷപ്പുമാര്‍ മാത്രം പങ്കെടുക്കുന്ന യോഗം ആയതുകൊണ്ടുതന്നെ സിനഡിനുള്ളില്‍ നടന്ന ആരോപണപ്രത്യാരോപണങ്ങളെ കുറിച്ച്‌ കൃത്യമായ വിവരങ്ങള്‍ ഇനിയും പുറത്ത്‌ വന്നിട്ടില്ല. കത്തോലിക്ക സഭയിലെ വൈദികര്‍ക്കും ബിഷപ്പുമാര്‍ക്കും എതിരെ സ്ഥിരമായി ഉയര്‍ന്ന്‌ കേള്‍ക്കുന്ന ലൈംഗിക പീഡന പരാതികള്‍ക്ക്‌ സമാനമായ സംഭവങ്ങള്‍ ഓര്‍ത്തഡോക്സ്‌ സഭയിലും മറ്റ്‌ സഭകളിലേക്കും വ്യാപകമാണെന്നാണ്‌ ഈ സംഭവങ്ങള്‍ വെളിവാക്കുന്നത്‌.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായുള്ള ഇത്തരം ലൈംഗിക പീഡന പരാതികള്‍ സഭാ നേതൃത്വത്തിന്‌ ലഭിച്ചാല്‍ നീതിന്യായ സംവിധാനങ്ങളെ അറിയിച്ച്‌ കുറ്റക്കാരെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരുന്ന പതിവില്ല. ആധ്യാത്മിക നേതാക്കളുടെ ലൈംഗിക വൈകൃതങ്ങളും വഴിപിഴച്ച ജീവിതചര്യങ്ങളും വിശ്വാസികള്‍ അറിഞ്ഞാലുണ്ടാകാവുന്ന മാനക്കേട്‌ ഓര്‍ത്താണ്‌ പ്രതികളെ നിയമത്തിന്റെ മുന്നില്‍നിന്ന്‌ എന്നും സഭകള്‍ രക്ഷിച്ച്‌ നിര്‍ത്തുന്നത്‌.

ചിലിയിലെ 34 കത്തോലിക്ക ബിഷപ്പുമാര്‍ക്കെതിരെ ലൈംഗിക പീഡന പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മാര്‍പ്പാപ്പക്ക്‌ രാജി സന്നദ്ധത അറിയിച്ച്‌ കത്ത്‌ അയച്ച വാര്‍ത്ത രണ്ടാഴ്ച മുന്‍പാണ്‌ പുറത്തു വന്നത്‌. കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ലൈംഗിക പരാതികളുടെ പേരില്‍ ഇത്രയേറെ ബിഷപ്പുമാര്‍ ആരോപണവിധേയരാകുന്നത്‌.

ആഗോള കത്തോലിക്ക സഭയുടെ അദ്ധ്യക്ഷനായ മാര്‍ പാപ്പ കത്തോലിക്ക പുരോഹിതന്മാരുടെ ലൈംഗിക പീഡനങ്ങളുടെ പേരില്‍ മാപ്പ്‌ പറയുന്ന പതിവ്‌ മിക്കവാറും എല്ലാ വര്‍ഷങ്ങളിലും വാര്‍ത്തയാകാറുണ്ട്‌. ഇതില്‍ ഇരകളാക്കപ്പെടുന്നവര്‍ മിക്കവാറും കുട്ടികളായിരിക്കും.”സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ളവര്‍ തന്നെ കുട്ടികളെ ഇത്തരത്തില്‍ ഉപദ്രവിക്കുന്നത്‌ വേദനാജനകമാണെന്നും ഇക്കാര്യത്തില്‍ മാപ്പ്‌ പറയുന്നതായും” പോപ്പ്‌ പറഞ്ഞിരുന്നു. . പക്ഷെ കേരളത്തിലെ സഭാ നേതൃത്വം ഒരു ഘട്ടത്തിലും ഇത്തരം മനുഷ്യത്വപരമായ സമീപനമോ ഇരകളോടുള്ള പരിഗണനയോ പ്രകടിപ്പിക്കാന്‍ തയ്യാറായിട്ടില്ല.പോപ്പിന്റെ മാപ്പൊക്കെ വെറും കോപ്പാണ്‌ എന്ന മട്ടിലാണ്‌ പുരോഹിതന്മാരുടെ ലൈംഗികാതിക്രമങ്ങള്‍ തുടരുന്നത്‌.അതിന്റെ തനിയാവര്‍ത്തനമാണ്‌ ഓര്‍ത്തഡോക്സ്‌ സഭയിലും നടക്കുന്നത്‌