അബ്രഹാമിന്റെ സന്തതികൾ

അബ്രഹാമിന്റെ സന്തതികൾ എന്ന പടത്തിനു കൂടുതൽ ചേരുന്ന പേര് വിശുദ്ധ ഡെറിക് എബ്രഹാം എന്നാണ്. നായകന് കൂടുതൽ ചേരുന്ന പേരും അത് തന്നെ. മാന്ത്രിക ശക്തി ഉപയോഗിച്ചാണ് അദ്ദേഹം കുറ്റവാളികളെ കണ്ടുപിടിക്കുന്നത്. ഒട്ടു മിക്കവരെയും പോലെ ത്രില്ലർ സിനിമകൾ ഒരുപാടിഷ്ടമായതുകൊണ്ടു മാത്രമാണ് ഇത് കാണാൻ പോയത്.

മൂക്കിനും മൂലയ്ക്കും ജനങ്ങൾ തിങ്ങി ഞെരുങ്ങി ജീവിക്കുന്ന കേരളം പോലുള്ള ഒരു സംസ്ഥാനത്തിൽ റെയിൻ കോട്ട് വിത്ത് ഹുഡുമായി നടക്കുന്ന ഒരു കില്ലറെ കാണിച്ചാണ് തുടക്കം. സീരിയൽ കില്ലറാവുമ്പോൾ പശ്ചാത്തലത്തിൽ മഴയുണ്ടാവണം എന്നതാണ് നാട്ടുനടപ്പ് . കയ്യിൽ ഒരു കൂടവുമുണ്ട്.അതു കൊണ്ട് തലക്കടിച്ചാണ് കില്ലർ പണി കൊടുക്കുന്നത്. കഥ തുടങ്ങുമ്പോൾ അഞ്ചു പേരെ പുള്ളി കൊന്നുകഴിഞ്ഞു ആറാമത്തേതിനുള്ള വരവാണ്. കേരളം മുഴുവൻ കില്ലറെകുറിച്ചോർത്തു ഭയന്നു വിറച്ചിരിക്കുകയാണ്. അപ്പോഴും നേരത്തെ പറഞ്ഞ വേഷവിധാനങ്ങൾ വിത്ത് കൂടവുമായിട്ടാണ് കില്ലറുടെ വരവ്. കൊന്നു കഴിഞ്ഞിട്ട് ഭിത്തിയിൽ എ പ്ലസ് ബി ഈസ് സി എന്ന മട്ടിൽ ഓരോന്ന് എഴുതി വച്ചിട്ട് പുള്ളി സ്ഥലം വിടും.

സ്വാഭാവികമായും ജൂബയും മൈക്കും പിടിച്ച പത്രപ്രവർത്തകരും കമ്മീഷണർ വേഷത്തിൽ രഞ്ജി പണിക്കരും ചൊറി പോലീസുകാരൻ വേഷത്തിൽ സുരേഷ് കൃഷ്ണയും ന്യൂട്രൽ പോലീസുകാരൻ കം ഡെറിക് ഫാൻ വേഷത്തിൽ ഷാജോണും കോമഡി കം സപ്പോർട്ടിങ് പോലീസുകാരൻ വേഷത്തിൽ സോഹൻ സീനുലാലും എത്തുന്നു. ന്യൂട്രൽ പോലീസും സപ്പോർട്ടിങ് പോലീസും പുകഴ്ത്തിപ്പാടൽ തുടരുന്നതിനിടെ കട്ട് ചെയ്ത സീനുകളിലൂടെ കൊച്ചി തുറമുഖത്തിന്റെ ദൃശ്യങ്ങളും അതിലൂടെ നീങ്ങി നിരങ്ങി വരുന്ന ഒരു കോണ്ടസ്സയും കാണാം. KL 7 രെജിസ്ട്രേഷൻ ആയതുകൊണ്ട് അല്പസ്വല്പം പഴകിയ കാറാണ് എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. സ്വാഭാവികമായും ഒന്നോ രണ്ടോ ചെറിയ ഡയലോഗുകൾ, തലങ്ങും വിലങ്ങുമുള്ള വെടി, വെടി കൊണ്ട് ചാവുന്ന സ്വദേശികളും വിദേശികളുമായുള്ള ഒരു ലോഡ് ഗുണ്ടന്മാർ. ക്രിസ്ത്യൻ ബ്രദേഴ്‌സിൽ മോഹൻലാൽ ചെയ്യുന്നതുപോലെ ഒരു കിഡ്നാപ്പിംഗ് പൊളിച്ചു കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു ഡെറിക് എബ്രഹാം. സ്വാഭാവികമായും കില്ലറുടെ കേസ് അങ്ങേരുടെ തലയ്ക്കു വയ്ക്കപ്പെടുന്നു ( സ്വാഭാവികം എന്ന് എടുത്തുപറയുന്നതുകൊണ്ടു ഒന്നും തോന്നരുത്. ഇതിൽ കാണുന്ന പലതും അസ്വാഭാവികമല്ലേ എന്ന് നിങ്ങൾക്ക് തോന്നാനിടയുള്ളതുകൊണ്ടു അതങ്ങനെയല്ല എന്ന് സൂചിപ്പിച്ചെന്നേയുള്ളൂ ).

എന്തായാലും വന്ന അന്ന് തന്നെ വിശുദ്ധ ഡെറിക് എബ്രഹാം കില്ലറുടെ പാറ്റേൺ കണ്ടുപിടിക്കുന്നു. ഇരകളെ തിരഞ്ഞെടുക്കുന്നതിൽ കില്ലർ പിന്തുടരുന്ന രീതി വച്ചിട്ട് അയാൾ ഏതു തരക്കാരനാണെന്നു മഷി നോക്കി പറയുന്നത് പോലെ ഡെറിക് വിവരിക്കുകയാണ്. അതിലേക്കുള്ള ക്ലൂ കണ്ടുപിടിക്കുന്നതിനായി ഒരു പള്ളി വികാരിയെ കാണാൻ പോകുന്നുണ്ട്. പടത്തിനു പേരിട്ടിരിക്കുന്നത് അബ്രഹാമിന്റെ സന്തതികൾ എന്നായതുകൊണ്ടു പള്ളിയുടെ പശ്ചാത്തലത്തിൽ കുറച്ചു ബൈബിൾ വാചകങ്ങൾ പറയുന്ന ഷോട്ടെടുക്കാൻ കുത്തിത്തിരുകിയതല്ലേ ആ സീൻ എന്ന് ദോഷൈകദൃക്കുകൾ പറഞ്ഞേക്കാം. ഞാൻ അത് വിശ്വസിക്കുന്നില്ല. കൊച്ചിയിൽ ഒരുപാടു പള്ളിയുണ്ടായിട്ടും എന്തുകൊണ്ട് ഡെറിക് ആ പള്ളിയിൽ തന്നെ പോയി എന്ന ചോദ്യത്തിനും ഇവിടെ പ്രസക്തിയില്ല.

എന്തായാലും കില്ലർ അടുത്തതായി കൊല്ലാൻ പോകുന്നത് ആരെയാണെന്നു ഒന്നോ രണ്ടോ ദിവസം കൊണ്ട് നൂല് പിടിച്ചതുപോലെ പുള്ളി കണ്ടുപിടിക്കുന്നു. കില്ലർ ഏതോ പണിക്കരെ കണ്ടു കുറിച്ചെടുത്ത ദിവസത്തിൽ, ആ മുഹൂർത്തത്തിൽ പുള്ളിക്കാരനും അതേ സ്പോട്ടിലെത്തുന്നു, കില്ലറെ പയറുപോലെ പിടിച്ചകത്തിടുന്നു. സത്യത്തിൽ ഈയൊരു സീനോട് കൂടിയാണ് കണ്ടുകൊണ്ടിരിക്കുന്നത് വെറുമൊരു ത്രില്ലറല്ല , ഒരു സൂപ്പർ നാച്ചുറൽ ത്രില്ലറാണെന്നു പിടികിട്ടിയത്. അല്ലാതെ ആ ഇരയുടെ അടുത്ത്, അതും ഒരുപാടുപേരുള്ള ആ കെട്ടിടത്തിൽ കൃത്യമായി കില്ലർ എത്തുമെന്ന് കണ്ടുപിടിക്കാൻ വേറെ വഴിയൊന്നും ഞാളുടെ ചെറിയ ബുദ്ധീൽ തോന്നുന്നില്ല. സ്പോയിലർ ആവുമെന്നതുകൊണ്ടു പിന്നീടുള്ള കഥയുടെ “ഗംഭീരമായ” പോക്ക് വിശദീകരിക്കുന്നില്ല. ചില സംശയങ്ങൾ മാത്രം പറയാം.

പുള്ളിക്ക് ഒരു അനിയനുണ്ട്. ഷൂട്ടിങ്ങിലാണ് അനിയന്റെ കമ്പം. പക്ഷെ ചിലവേറിയ അത്തരമൊരു ഗെയിമിൽ എന്തെങ്കിലും ചെയ്യാനുള്ള സാമ്പത്തിക ബലം തങ്ങളുടെ കുടുംബത്തിനില്ലെന്നും ചേട്ടനാണെങ്കിൽ അഞ്ചു പൈസ കൈക്കൂലി വാങ്ങാത്തയാളാണെന്നും അയാൾ കാമുകിയോട് പറയുന്ന ഒരു സീനുണ്ട് . ഇങ്ങനെയൊക്കെയാണെങ്കിലും സ്വന്തമായി എന്തെങ്കിലും ജോലി ചെയ്തു പണമുണ്ടാക്കാമെന്നുള്ള ചിന്ത ഈ ചങ്ങാതിക്കൊട്ടില്ല താനും. അങ്ങനെ കൈക്കൂലി വാങ്ങാത്ത, ധനികനല്ലാത്ത ഡെറിക് എബ്രഹാമിന്റെ വീടാണെങ്കിലോ ഒരു ഡിസൈനർ വീടും. സഞ്ചാരമാണെങ്കിൽ മുപ്പതു ലക്ഷത്തോളം വിലവരുന്ന പജീറോ സ്പോർട്ടിൽ . ചന്ദ്രലേഖയിൽ പപ്പു ചോദിക്കുന്നത് പോലെ “അപ്പോ കോണ്ടസ്സ ?” എന്ന് മനസ്സിൽ ഒരു ചോദ്യം പൊങ്ങിപ്പൊങ്ങി വന്നെങ്കിലും ത്രില്ലറല്ലേ എന്നോർത്തങ്ങു ക്ഷമിച്ചു .

പ്രതിയുമായി ബന്ധമുള്ള ഏതെങ്കിലും പോലീസുകാരൻ അന്വേഷണസംഘത്തിൽ ഉണ്ടെങ്കിൽ അയാളെ മാറ്റിനിർത്തണം എന്നാണ് നിലവിലുള്ള രീതി. പക്ഷെ അതൊന്നും ഡെറിക് അബ്രഹാമിന് ബാധകമല്ല. പണ്ട് ഫിംഗർപ്രിന്റ് എന്ന പടത്തിൽ അത്തരം ഒരു അന്വേഷണം കണ്ട ഓർമ വന്നതുകൊണ്ട് ഇതിൽ പരാതി പറയുന്നില്ല.

കഥ തീരാറായി. അപ്പോഴാണ് ഒന്ന് രണ്ടു ട്വിസ്റ്റ് വേണ്ടേ എന്ന സംശയം അണിയറ പ്രവർത്തകർക്കുണ്ടായത് എന്ന് തോന്നുന്നു. കിടക്കട്ടെ ഒരെണ്ണം എന്ന വാശിക്ക് മുട്ടൻ ഒരു ട്വിസ്റ്റ് ക്ലൈമാക്സിൽ ചേർത്തിട്ടുണ്ട്. ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും എന്നൊരു പഴഞ്ചൊല്ലുണ്ട്. വെറുതെ പറഞ്ഞൂന്നേയുള്ളൂ. ഇതുമായി ഒരു ബന്ധവുമില്ല.

എന്തായാലും നേരത്തെ പറഞ്ഞ കില്ലറുടെ കേസ് നടക്കുമ്പോൾ നമ്മുടെ ഡെറിക് ഡി വൈ എസ് പി ആണ്. കില്ലറുടെ കേസിൽ പണി പാളി പുള്ളിക്കാരന് സസ്‌പെൻഷൻ കിട്ടുന്നുമുണ്ട്. ബക്ഷേ ക്ലൈമാക്സിൽ യൂണിഫോമിൽ വരുന്ന ഡെറിക്ക് അബ്രഹാമിന്റെ ചുമലുകളിൽ ആ മൂന്നക്ഷരങ്ങൾ പിടിപ്പിച്ചിരിക്കുന്നത്തിന്റെ യുക്തി മനസ്സിലാവുന്നില്ല. സസ്‌പെൻഷൻ കിട്ടിയിട്ട് തിരികെ വരുന്ന പോലീസുകാർക്ക് ഐ പി എസ് വെറുതെ കൊടുക്കുമോ ? അതോ ഐ പി എസ് ഉണ്ടായിട്ടും ഡി വൈ എസ് പി ആയി ജോലി ചെയ്തിരുന്ന ഒരു ലളിതജീവിതക്കാരനായിരുന്നോ ഡെറിക് ? ഒരുപിടിയും കിട്ടുന്നില്ല

ഇനിയും കുറെ ചോദ്യങ്ങൾ ബാക്കിയുണ്ട്. അതൊന്നും ഇവിടെ പറയുന്നില്ല. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലും ഇത് തന്നെയായിരുന്നു സ്ഥിതി. ചറപറാ റേപ്പുകൾ നടത്തുന്ന ഒരാളെ ഒരു അന്വേഷണവും നടത്താതെ തത്ത ചീട്ടെടുക്കുന്നതു പോലെയാണല്ലോ ഡേവിഡ് നൈനാൻ കണ്ടുപിടിക്കുന്നത്. അതൊക്കെ മുന്നിലുണ്ടായിട്ടും ഇത് കാണാൻ പോയ എനിക്ക് സത്യത്തിൽ ഇതൊന്നും ചോദിക്കാനുള്ള അവകാശമില്ല.

ഷാജി പാടൂർ കൊള്ളാം. സംഗതി എല്ലാ ആക്ഷൻ ചിത്രങ്ങളിലും ഉള്ളതിൽ കൂടുതലൊന്നും ഇതിലും ഇല്ലെങ്കിലും നല്ല സാങ്കേതിക മികവോടെ കഥ പറയാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മികച്ച ഛായാഗ്രഹണവും എഡിറ്റിംഗും ചിത്രത്തെ ഒരുപാടു സഹായിച്ചിട്ടുണ്ട്. അഭിനേതാക്കളുടെയും വളരെ മികച്ച പ്രകടനമാണ് ചിത്രത്തിൽ. പ്രത്യേകിച്ച് മമ്മൂട്ടിയും ആൻസൺ പോളും കലാഭവൻ ഷാജോണും. ആൻസൺ പോളിന്റെ മലയാളം ഉച്ചാരണം കുറച്ചു കൂടി ശരിയാവാനുണ്ട്. അതൊഴികെ ഒരു ആക്ഷൻ ഹീറോയ്ക്ക് വേണ്ട ശരീര സൗന്ദര്യവും ഉയരവും ലുക്കും ഒക്കെയുള്ള ആൻസൺ ബോളിവുഡിൽ എത്തിയാൽ പോലും അത്ഭുതപ്പെടേണ്ടതില്ല. രഞ്ജി പണിക്കരും സിദ്ദിഖും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയാണോ എന്ന് സംശയമുണ്ട്. രണ്ടുപേരുടെയും ഡയലോഗ് ഡെലിവെറിയും വോയ്‌സ് മോഡുലേഷനും വരെ കഴിഞ്ഞ കുറച്ചു ചിത്രങ്ങളിലേതു പോലെയുണ്ട്. യെരൂശലേം നായകാ എന്ന മനോഹരമായ ഒരു ഗാനവുമുണ്ട് ഈ ചിത്രത്തിൽ.

സസ്പെൻസ് ത്രില്ലർ എന്നതൊഴിച്ചു നിർത്തിയാൽ ഒരു മാസ്സ് മൂവി എന്ന നിലയിൽ ഇത് കുറേപ്പേരെ ആകർഷിക്കുമായിരിക്കും. പ്രത്യേകിച്ചും മമ്മൂട്ടിയുടെ ഫാൻസിനെ. ഒരു ഫാനിനു രോമാഞ്ചം വരുന്ന വിധത്തിലുള്ള മാസ്സ് സീനുകൾ കുറെയുണ്ട് ഇതിൽ. ത്രില്ലർ ചിത്രങ്ങൾ എടുക്കുന്ന എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ് ബിബ്ലിക്കൽ പശ്ചാത്തലത്തിലുള്ള കഥകൾ. പള്ളിയും അൾത്താരയും കുരിശും സംഗീതവും കൂടി തരുന്ന ഒരു ആംബിയൻസ് ചൂഷണം ചെയ്യാമെന്നുള്ള ഒരാഗ്രഹമാണ് അതിനു പിന്നിലെന്ന് തോന്നുന്നു. ഇതിലും അതുപോലെ തന്നെ. ബൈബിളിലെ അബ്രാഹമല്ല സിനിമയിലെ എബ്രഹാം. ആ കഥയുമായി വലിയ ബന്ധവും ഇതിനില്ല എന്നാണ് എന്റെ പരിമിതമായ അറിവ് വച്ച് മനസ്സിലാക്കുന്നത്.

പക്ഷെ സസ്പെൻസ് ത്രില്ലർ എന്നൊക്കെ ഒരു സിനിമയെ വിളിക്കുമ്പോൾ അതിൽ യുക്തിക്കു നിരയ്ക്കുന്ന ഒരു ത്രെഡ് എങ്കിലും വേണം. നിർഭാഗ്യവശാൽ അത്തരമൊരു കഥയല്ല ഈ ചിത്രത്തിലുള്ളത്. ഈ ഒരു വാചകം മാത്രം എവിടെയെങ്കിലും പറഞ്ഞാൽ ഫാനുകൾ ആദ്യംചോദിക്കുന്ന ചോദ്യം ദൃശ്യത്തിൽ എവിടെയായിരുന്നു ലോജിക് എന്നാണ്. ഈ സിനിമയെ വിമർശിക്കുന്നവർ ഏട്ടൻ ഫാൻസാണെന്നുള്ള മുൻവിധിയിൽ നിന്നാണ് ആ പാവങ്ങൾ അത് ചോദിക്കുന്നത്. പൂർണമായും യുക്തിഭദ്രമല്ലാത്ത ഒരു സംഭവം കഴിവുള്ള ഒരു സംവിധായകനോ എഴുത്തുകാരനോ വിചാരിച്ചാൽ വിശ്വസനീയമായ ഒരു സിനിമയാക്കി മാറ്റാം. അതിനു തേന്മാവിൻ കൊമ്പത്ത് പോലുള്ള ഉദാഹരണങ്ങൾ നിരവധിയുണ്ട്.

ഇത്രയുമൊക്കെ എഴുതണോ എന്ന് പലതവണ വിചാരിച്ചതാണ്. ഒന്നുരണ്ടിടത്ത് കമന്റിട്ടപ്പോൾ കുറെ ഫാനുകൾ വന്നു തെറി വിളിച്ചു. അവരോടു മറുപടി പറയുന്നതിൽ അര്ഥമില്ലാത്തതുകൊണ്ടു ഞാൻ എന്റെ കമന്റും ഡിലീറ്റ് ചെയ്തു രക്ഷപെട്ടു. കുറെ ഫേക്കുകളും അതിലുണ്ട്. ഇവർക്ക് ചില കോമൺ സ്വഭാവങ്ങളുണ്ട്. മമ്മൂട്ടിയുടെ ചിത്രമായിരിക്കും ഇതിൽ മിക്കവരുടെയും പ്രൊഫൈൽ പിക്ചർ. കൂടാതെ not yet working am still studying എന്ന മട്ടിലുള്ള സ്റ്റാറ്റസും. ചിലവന്മാർ ഒരുപടികൂടി കടന്നു പേരിൽ നിന്ന് അച്ഛന്റെ പേരെടുത്തു മാറ്റി മമ്മൂട്ടിയുടെ കഥാപാത്രങ്ങളുടെ പേര് സ്വീകരിച്ചിട്ടുമുണ്ട്. ഇങ്ങനെയുള്ള വിഡ്ഢികളുടെ ചോദ്യങ്ങൾ കണ്ടാൽ സത്യത്തിൽ ചിരി വരും. ച്യവനപ്രാശം കഴിച്ചാൽ കിട്ടാവുന്ന ഒന്നല്ലല്ലോ സാമാന്യബുദ്ധി എന്നത്. മമ്മൂട്ടി ഫാൻസ്‌ മാത്രമല്ല ഇങ്ങനെയുള്ളത് എന്നുകൂടി അടിവരയിട്ടു പറയുന്നു.

വാൽക്കഷ്ണം :
*******************

സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾക്കു വലിയ ശിക്ഷ കിട്ടുമെന്ന അറിയിപ്പ് അത്തരം രംഗങ്ങളിൽ കാണിക്കണമെന്ന് നിയമം വരുന്നുവെന്ന് കേട്ടിരുന്നു. ഇതിലാണ് ആദ്യമായി അത് കണ്ടത്. പുരുഷന്മാർക്കെതിരെ അക്രമം നടത്തിയാൽ ശിക്ഷ അത്ര കടുത്തതാവില്ല എന്നാണാവോ അതിന്റെ അർത്ഥം. എന്തായാലും ഇപ്പൊ ഒരു സിനിമ കാണാൻ പോയാൽ സാരോപദേശ ക്ലാസ്സിൽ പങ്കെടുക്കുന്ന ഫീലിങ്ങാണ്. ശ്വാസകോശവും ദ്രാവിഡും, ഹെൽമറ്റ് വച്ചില്ലെങ്കിൽ കാറ്റു പോകും , ഈ പടത്തിൽ മൃഗങ്ങളെ ഉപദ്രവിച്ചിട്ടില്ല, സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ പണി വാങ്ങും എന്ന് തുടങ്ങി മനുഷ്യനെ വെറുപ്പിക്കുന്ന പഠിപ്പീരാണ്.