ലഹരിക്കെതിരെ ഒരുമിച്ച് പോരാടാം; ഇന്ന് ലോക ലഹരി വിരുദ്ധദിനം

ലോകമെമ്പാടും ലഹരിക്കെതിരെ നിരവധി പ്രതിഷേധങ്ങളും ബോധവല്‍ക്കരണങ്ങളും നടത്തുമ്പോഴും ആളുകള്‍ക്കിടയിലെ ലഹരി ഉപയോഗം വര്‍ദ്ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മയക്കു മരുന്നുകള്‍ നമ്മളെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുമ്പോള്‍ പുനര്‍വിചിന്തനത്തിനുള്ള സമയമായെന്ന് ഓര്‍മ്മപ്പെടുത്തുന്നു ഈ ദിനം.

1987 ലാണ് ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിക്കാന്‍ തുടങ്ങിയത്. ലഹരി പദര്‍ത്ഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനില്‍പ്പ് ഉറപ്പു വരുത്തുക എന്നിവ ലക്ഷ്യം വെച്ചാണ് ഓരോ വര്‍ഷവും ഈ ദിനം ആചരിക്കുന്നത്.

എന്നാല്‍ വെറുതേ ഒരു ദിനാചരണം എന്നതിനപ്പുറത്തേക്ക് ലഹരിക്ക് അടിമപ്പെട്ടവരെ അതില്‍ നിന്നും രക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാനും പുതിയ തലമുറ അതിലകപ്പെടാതിരിക്കാനും നാം ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ട്.

യുവതലമുറയാണ് ഇന്ന് ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ അടിമകളാകുന്നത്. ഇവരെ ലഹരി വസ്തുക്കളിലേക്ക് ആകര്‍ഷിക്കുന്നത് തടയണമെന്ന് ഐക്യരാഷ്ട്രസഭ നിര്‍ദ്ദേശിക്കുന്നു. ലിസണ്‍ ഫസ്റ്റ് എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.

ക്യാമ്പസുകളേയും സ്‌കൂളുകളേയും കേന്ദ്രീകരിച്ചാണ് ലഹരി വസ്തുക്കളുടെ വില്‍പ്പന കൂടുതലായും നടക്കുന്നത്. മയക്ക് മരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോഴും വിദ്യാലയങ്ങളിലെ മയക്കുമരുന്ന് ഉപയോഗം ഓരോ വര്‍ഷവും കൂടി വരുന്നതായാണ് കണക്കുകള്‍.

ലഹരി വസ്തുക്കളില്‍ നിന്നും പൂര്‍ണ്ണമായും രക്ഷനേടാന്‍ ബോധവത്കരണം മാത്രം പോര, ലഹരി പദാര്‍ത്ഥം ഉപയോഗിക്കില്ല എന്ന് ഓരോ വ്യക്തിയും ഉറച്ച് തീരുമാനമെടുക്കുകയും പ്രവര്‍ത്തിക്കുകയും വേണം, എങ്കില്‍ മാത്രമേ മാനവരാശിയുടെ നല്ല ഒരു നാളെ നമുക്ക് വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളു.