ഉത്തരകൊറിയക്കെതിരെ വീണ്ടും ട്രംപ്; ആണവ നിരായുധീകരണത്തിന് സമയപരിധി വയ്ക്കും

വാഷിങ്ടണ്‍:ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട് ഉത്തര കൊറിയക്കു മുമ്പാകെ ഉടന്‍ സമയപരിധി വയ്ക്കുമെന്ന് ട്രംപ്. യുഎസ്. പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ജൂണ്‍ 12നു നടന്ന കിം ട്രംപ് ഉച്ചകോടിയില്‍ ഉത്തര കൊറിയയുടെ ആണവ നിരായുധീകരണത്തിനും യുഎസ് ദക്ഷിണ കൊറിയ സംയുക്ത സൈനിക പരിശീലനം നിര്‍ത്തിവയ്ക്കാനും ധാരണയായിരുന്നു.

പക്ഷേ കഴിഞ്ഞ ദിവസം ഉത്തരകൊറിയ ആണവ നിരായുധീകരണം നടപ്പാക്കാത്ത സാഹചര്യത്തില്‍ രാജ്യസുരക്ഷക്കും സാമ്പത്തികരംഗത്തിനും ഭീഷണിയാണെന്നും അതുകൊണ്ട് ഒരു വര്‍ഷത്തേക്ക് കൂടി ഉപരോധം തുടരണമെന്നും ട്രംപിന്റെ ഓഫീസ് അറിയിക്കുകയായിരുന്നു.അതിനു പിന്നാലെയാണ് സമയ പരിതി നിശ്ചയിച്ചു എന്നുള്ള വാര്‍ത്ത അമേരിക്കന്‍ ഭരണകൂടം ഇപ്പോള്‍ പുറത്തു വിടുന്നത്.

അതേസമയം, ഇരു കൊറിയകളും അതിര്‍ത്തിയില്‍ നിന്നു സൈനിക സന്നാഹങ്ങളെ പിന്‍വലിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടക്കുന്നുണ്ടെന്ന് ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ലീ നാക് യോങ് അറിയിച്ചു. ദക്ഷിണ കൊറിയയില്‍ നിന്നുള്ള ആക്രമണങ്ങളെ തടുക്കുന്നതിനായി 1000 പീരങ്കികളാണ് ഉത്തര കൊറിയ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. ഒരാഴ്ച മുന്‍പ് നടന്ന ചര്‍ച്ചയില്‍ അതിര്‍ത്തിയില്‍ നിന്നു സൈനിക സന്നാഹത്തെ പിന്‍വലിക്കാന്‍ ദക്ഷിണ കൊറിയ ഉത്തര കൊറിയയോട് ആവശ്യപ്പെട്ടിരുന്നു. ആദ്യമായാണ് ദക്ഷിണ കൊറിയ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

സിംഗപ്പൂരില്‍ നടന്ന സമാധാന ഉച്ചകോടിക്ക് ശേഷം ഉത്തരകൊറിയ ആണവ ഭീഷണിയല്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. സമാധന ഉച്ചകോടിക്ക് ശേഷം ജൂണ്‍ 13ന് ‘ഇനി ഉത്തര കൊറിയയില്‍നിന്ന് ആണവ ഭീഷണിയില്ല സമാധാനമായി ഉറങ്ങി കൊള്ളൂ’ എന്നാണ് ട്രംപ് ട്വിറ്റ് ചെയ്തത്. എന്നാല്‍ ചര്‍ച്ച നടന്ന് നാളുകള്‍ക്കുള്ളില്‍ വീണ്ടും ഉത്തര കൊറിയയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ട്രംപ്.