മാര്‍ത്തോമാ സഭയിലെ അച്ചന്റെ അവിഹിതം സിസി ടിവിയില്‍ പതിഞ്ഞു; വൈദികനും ഭാര്യയും അടിച്ചു പിരിഞ്ഞു!

ടൈറ്റസ്‌ കെ.വിളയില്‍
കത്തോലിക്ക-ഓര്‍ത്തഡോക്സ്‌ സഭകളിലേത്‌ പോലെ മാര്‍ത്തോമാ സഭയിലെ വൈദികരുടെ ലൈംഗിക അപവാദവും സാമ്പത്തിക തട്ടിപ്പും അരങ്ങു തകര്‍ക്കുകയാണ്‌. സഭയുടെ വിദേശങ്ങളിലെ ഇടവകകളിലാണ്‌ വിശ്വാസികള്‍ക്കാകെ നാണക്കേടുണ്ടാകുന്ന സംഭവങ്ങള്‍ അരങ്ങേറിയിരിക്കുന്നത്‌. കുടുംബപ്രശ്നം തീര്‍ക്കാന്‍ അമേരിക്കയിലേയ്ക്ക്‌ പോയ ഇടവക വികാരി പരാതിക്കാരന്റെ ഭാര്യയുമായി അവിഹിതത്തില്‍ ഏര്‍പ്പെട്ടതിന്റെ നാണക്കേട്‌ മാറുന്നതിന്‌ മുമ്പ്‌ മറ്റൊരു പള്ളിയിലെ വൈദികനും ഭാര്യയും തമ്മിലെ അടിപിടി വാര്‍ത്തയും പുറത്തു വന്നിരിക്കുന്നു . ഇതിനു പുറമെ രോഗാവസ്ഥയിലായ കുടുംബത്തിനു വേണ്ടി പിരിച്ച പണം വൈദികനും ഭാരവാഹികളും ചേര്‍ന്നു തട്ടിയെടുത്തത്‌ വിശ്വാസികള്‍ക്ക്‌ അപമാനം വരുത്തി വെച്ച വാര്‍ത്ത ന്യൂസിലാന്റില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നു. .

അമേരിക്കയില്‍ മാര്‍ത്തോമാ സഭയുടെ രണ്ടു പള്ളികളിലെ രണ്ടു വൈദികരെ സ്ത്രീപീഡന കേസിന്റെയും ഗാര്‍ഹിക പീഡന കേസിന്റെയും പേരില്‍ നാട്ടിലേയ്ക്ക്‌ തിരിച്ചു വിളിച്ചതായാണ്‌ വിവരം. ലോസ്‌ ആഞ്ചല്‍സിലെ മാര്‍ത്തോമാ പള്ളിയില്‍ ജോലിചെയ്തിരുന്ന വൈദികനും ഭാര്യയും തമ്മില്‍ പരസ്പരം തമ്മില്‍ തല്ലലും തെറിവിളിയും രൂക്ഷമായതിനെ തുടര്‍ന്ന്‌ ഇരുവരും വേര്‍പിരിഞ്ഞ്‌ താമസിക്കുകയായിരുന്നു. രണ്ടുപേരും തമ്മിലുള്ള വിഴിപ്പുലക്കുകള്‍ നിയന്ത്രണാതീതമായതോടെ അമേരിക്കയിലെ മാര്‍ത്തോമാ ബിഷപ്‌ ഇടപെട്ട്‌ ഭാര്യയെയും ഭര്‍ത്താവിനെയും നാട്ടിലേയ്ക്കു വിമാനം കയറ്റിവിട്ടു. സാന്‍ ഫ്രാന്‍സിസ്കോ ഇടവകയിലെ മലയാളിയായ മറ്റൊരു വൈദികന്‍ പീഡനക്കേസില്‍ തൊണ്ടി സഹിതം പിടിക്കപ്പെട്ടതോടെ സഭ അദ്ദേഹത്തെയും നാട്ടിലേയ്ക്കു തിരിച്ചയച്ചു.

മെയ്‌ അവസാന വാരവും ജൂണ്‍ ആദ്യവാരവും നടന്ന സംഭവങ്ങളാണിവ.
സാന്‍ഫ്രാന്‍സിസ്കോ ഇടവകയിലെ ഒരു കുടുംബത്തിലെ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സൗന്ദര്യപ്പിണക്കം തീര്‍ക്കാന്‍ മധ്യസ്ഥനായി പോയ പള്ളിവികാരി ഇടവക അംഗത്തിന്റെ ഭാര്യയുമായി അവിഹിതം തുടങ്ങിയതോടെയാണ്‌ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞത്‌. ഐടി രംഗത്തു പ്രവര്‍ത്തിക്കുന്ന ഭര്‍ത്താവിന്‌ ഭാര്യയെക്കുറിച്ച്‌ ചില സംശയങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന്‌ വീട്ടില്‍ ക്യാമറ സ്ഥാപിച്ചു. അങ്ങനെ ഒരു ദിവസം ഇടവക വികാരി ക്യാമറയില്‍ കുടുങ്ങി. കിടപ്പുമുറിയില്‍ നിന്ന്‌ ഇറങ്ങിയോടുന്ന വികാരിയുടെ മുഴുനീള ചിത്രം കണ്ട ഭര്‍ത്താവ്‌ ദൃശ്യങ്ങള്‍ അമേരിക്കയിലെ മാര്‍ത്തോമാ സഭയുടെ ഭദ്രാസന ബിഷപ്പിന്‌ എത്തിച്ചുകൊടുത്തു. ബിഷപ്പില്‍ നിന്ന്‌ വിവരമറിഞ്ഞ ഇടവകവികാരി നെഞ്ചുവേദനയാണെന്ന കാരണം പറഞ്ഞ്‌ ആശുപത്രിയില്‍ അഡ്മിറ്റുമായി.
കാര്യം മനസിലാക്കിയ ബിഷപ്പ്‌ നെഞ്ചുവേദനക്കാരനായ വൈദികനു വേണ്ടി പ്രാര്‍ത്ഥിച്ചതോടൊപ്പം ഇടവകയില്‍ നിന്ന്‌ കുറേ പണം പിരിച്ചുനല്‍കി നാട്ടിലേയ്ക്കു കയറ്റിവിടുകയും ചെയ്തു!. 35 ലക്ഷത്തോളം രൂപയാണ്‌ ഇടവകക്കാര്‍ അച്ചന്‌ പിരിച്ചു നല്‍കിയത്‌. അഞ്ചാം ദിവസം വൈദികന്‍ നാട്ടിലെത്തി. അച്ചന്‍ നാട്ടിലെത്തിയ ശേഷമാണ്‌ അമേരിക്കയിലെ പാവം ഇടവക ജനങ്ങള്‍ അച്ചന്റെ ലീലാവിലാസങ്ങള്‍ അറിഞ്ഞുതുടങ്ങിയത്‌. ഏതായാലും അച്ചന്‍ കൗണ്‍സിലിംഗ്‌ നടത്തി കുടുംബം ഒന്നാക്കാന്‍ ശ്രമിച്ച ഭാര്യയും ഭര്‍ത്താവും ഇപ്പോള്‍ വിവാഹ മോചനത്തിനായി കേസ്‌ കൊടുത്തിരിക്കുകയാണ്‌.

ഈ നാണക്കേടില്‍ നിന്ന്‌ തലയൂരുന്നതിന്‌ മുമ്പാണ്‌ ന്യൂസിലന്‍ഡിലെ മാര്‍ത്തോമാ പള്ളിയില്‍ നടന്ന സാമ്പത്തിക തട്ടിപ്പ്‌ ലോകം മുഴുവനും അറിഞ്ഞത്‌. വിഷബാധയേറ്റ്‌ രോഗക്കിടക്കയിലായ കുടുംബത്തെ സഹായിക്കാന്‍ പിരിച്ച പണം വികാരിയും ഭാരവാഹികളും ചേര്‍ന്ന്‌ തട്ടിയെടുത്തത്‌ ന്യൂസിലന്‍ഡിലെ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. മാര്‍ത്തോമാ സഭയുടെ പള്ളിയുടെ ലൈസന്‍സ്‌ പോലും റദ്ദാക്കാന്‍ ന്യൂസിലന്‍ഡ്‌ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നാണ്‌ പത്രങ്ങളില്‍ വന്ന വാര്‍ത്ത.

വിഷബാധയുള്ള പന്നിയിറച്ചി കഴിച്ച്‌ ആഴ്ച്ചകളോളം അബോധാവസ്ഥയില്‍ ന്യൂസിലാന്റില്‍ കഴിഞ്ഞ മലയാളി കുടുംബത്തിനായി ന്യൂസിലാന്‍ഡിലെ സെന്റ്‌ തോമസ്‌ മാര്‍ത്തോമ്മ പള്ളിയിലെ വിശ്വാസികള്‍ വ്യാപകമായി പിരിവെടുത്തിരുന്നു. ഇങ്ങനെ പിരിച്ച പിരിച്ച 102764 ഡോളറില്‍ (ഏകദേശം 69 ലക്ഷം രൂപ) 60,000 ഡോളറും (ഏകദേശം 40 ലക്ഷം രൂപ) ആ കുടുംബത്തിന്‌ കൊടുക്കാതെ പള്ളിക്കാര്‍ അടിച്ചു മാറ്റി. ഇതിന്‌ പറയുന്ന ന്യായം പ്രതീക്ഷിച്ചതിലും കൂടുതല്‍ പിരിവു കിട്ടിയെന്നും പ്രതീക്ഷിച്ച പിരിവ്‌ കുടുംബത്തിനു കൊടുത്തു എന്നും അപ്രതീക്ഷിതമായി കിട്ടിയ തുക പള്ളിക്ക്‌ മുതല്‍ കൂട്ട്‌ ആക്കിയെന്നുമാണ്‌. മരണാവസ്ഥ ചൂണ്ടിക്കാട്ടി പ്രവാസി മലയാളികളില്‍ നിന്നും കൈപ്പറ്റിയ പണമാണ്‌ വികാരിയും ഇടവക ഭാരവാഹികളും ചേര്‍ന്ന്‌ അടിച്ചുമാറ്റിയത്‌.ഷിബുവിനും കുടുംബത്തിനും വേണ്ടി സ്വരൂപിച്ച പണം പൂര്‍ണമായും അവര്‍ക്ക്‌ നല്‍കണമെന്ന്‌ ആവശ്യപ്പെട്ടിട്ടും വൈദികര്‍ അവര്‍ക്ക്‌ കൊടുക്കാന്‍ തയാറായില്ലെന്ന്‌ ഷിബുവിന്റെ ബന്ധുവായ ജോജി വര്‍ഗ്ഗീസ്‌ പറഞ്ഞു.

കൊട്ടാരക്കര സ്വദേശികളായ ഷിബു കൊച്ചുമ്മന്‍ (36), അദ്ദേഹത്തിന്റെ അമ്മ ഏലിക്കുട്ടി ഡാനിയേല്‍ (65), ഭാര്യ സുബി ബാബു (34) എന്നിവരെയാണ്‌ പന്നിയിറച്ചി കഴിച്ചതിനെ തുടര്‍ന്ന്‌ കഴിഞ്ഞ വര്‍ഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്‌. കാട്ടുപന്നിയിറച്ചി കഴിച്ച ഇവര്‍ക്ക്‌ പിന്നീട്‌ ഛര്‍ദ്ദിയും തളര്‍ച്ചയും അനുഭവപ്പെടുകയായിരുന്നു.പിന്നീട്‌ ആഴ്ചകളോളം ഇവര്‍ അബോധാവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിലാണ്‌ മാര്‍ത്തോമാ പള്ളിയുടെ നേതൃത്വത്തില്‍ ഇവരുടെ ചികിത്സക്കായി ഏകദേശം 102764 ഡോളര്‍ തുക സ്വരൂപിച്ചത്‌. പിന്നീട്‌ ഏകദേശം 42000 ഡോളര്‍ തുക (ഏകദേശം 28 ലക്ഷം രൂപ) മാത്രം ഇവര്‍ക്ക്‌ നല്‍കുകയും ഇവര്‍ പിന്നീട്‌ നാട്ടിലേയ്ക്ക്‌ മടങ്ങുകയുമായിരുന്നു.

“അമ്പേല്‍ക്കാത്തവരില്ല കുരുക്കളില്‍ ” എന്നു പറഞ്ഞതു പോലെ ഏതു സഭയിലായാലും വൈദികരില്‍ ഒരു വിഭാഗം ളോഹയിട്ടു വ്യഭിച്ചരിക്കുന്നവരും സാമ്പത്തിക തട്ടിപ്പ്‌ നടത്തുകയും ചെയ്യുന്ന കൊടും ക്രിമിനലുകളാണ്‌.ഇക്കൂട്ടരെ നിയമത്തിന്‌ വിട്ടു കൊടുക്കാതെ സംരക്ഷിക്കുകയാണ്‌ സഭാ നേതൃത്വങ്ങള്‍.അതേ സമയം ക്രൈസ്തവ സഭകളിലെ വൈദികരുടെ പീഡനപരാതിയെക്കുറിച്ചുള്ള കഥകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പരക്കുന്നതിനിടയില്‍ മെത്രാന്‍മാരുടെ പീഡന കഥകള്‍ പലപ്പോഴും വെളിച്ചംകാണാതെ പോവുകയാണ്‌.

2011ല്‍ മാര്‍ത്തോമാ സഭയിലെ ബിഷപ്പായ യുയാക്കിം മാര്‍ കൂറിലോസ്‌ എന്ന ബിഷപ്പിനെതിരെ പത്തനംതിട്ട ഒന്നാംക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ മാര്‍ത്തോമാ സഭ വിശ്വാസിയായ യുവാവ്‌ ലൈംഗികപീഡന പരാതി നല്‍കിയിരുന്നു. സഭയുടെ സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന തന്നെ ബിഷപ്പ്‌ ലൈംഗികമായി പീഡിപ്പിച്ചെന്നും ഈ വിവരം പുറത്തു പറഞ്ഞാല്‍ ജോലിയില്‍ നിന്ന്‌ പിരിച്ചുവിടുമെന്ന്‌ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചുകൊണ്ടായിരുന്നു പരാതി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി പൊലീസിനോട്‌ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സാക്ഷിമൊഴികള്‍ ഇല്ലെന്ന ന്യായം പറഞ്ഞ്‌ പൊലീസ്‌ കേസ്‌ എഴുതിത്തള്ളുകയായിരുന്നു.
സംസ്ഥാനത്ത്‌ ആദ്യമായിട്ടാണ്‌ ഒരു ലൈംഗിക പീഡനക്കേസില്‍ ബിഷപ്പ്‌ പ്രതിയാകുന്നത്‌. പീഡനക്കേസില്‍ പ്രതിയായ മെത്രാനെ ഒരുവര്‍ഷത്തോളം സഭയുടെ ഭരണച്ചുമതലകളില്‍ നിന്നും മാറ്റിനിറുത്തി മുഖം രക്ഷിച്ച ശേഷം ഇയാള്‍ക്ക്‌ ഒരു സ്വതന്ത്ര ഭദ്രാസനത്തിന്റെ ചുമതല നല്‍കുകയാണ്‌ സഭാ നേതൃത്വം ചെയ്തത്ചെയ്തത്‌. തീര്‍ന്നില്ല മജിസ്ട്രേറ്റ്‌ കോടതിയുടെ തീര്‍പ്പു കല്‍പ്പിക്കലിനെതിരെ അപ്പീല്‍ നല്‍കുന്നതില്‍ നിന്ന്‌ യുവാവനി പൊലീസിനെ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തി സഭാ നേതൃത്വം പിന്തിരിപ്പിക്കുകയും ചെയ്തു!

അടുത്തകാലത്ത്‌ ഓര്‍ത്തഡോക്സ്‌ സഭയിലെ ഒരു ബിഷപ്പിനെതിരെ അമേരിക്കയില്‍ ലൈംഗിക പീഡന പരാതി ഉയരുകയുണ്ടായി.എന്നാല്‍ അവിടെ അറസ്റ്റിലാകുമെന്ന ഘട്ടം വന്നപ്പോള്‍ അയാളെ നാട്ടിലേയ്ക്ക്‌ തിരിച്ചു വിളിച്ച്‌ സഭാ നേതൃത്വം രക്ഷിക്കുകയായിരുന്നു.അയാളെ ഇപ്പോള്‍ ആലപ്പുഴ ജില്ലയിലെ ഒരു ഭദ്രാസനത്തില്‍ കുടിയിരുത്തിയിരിക്കുകയാണ്‌. ഇതിനു മുമ്പേ ഓര്‍ത്തഡോക്സ്‌ സഭയിലെ ഒരു പ്രമുഖ ബിഷപ്പിനെതിരെ ഒട്ടേറെ ലൈംഗിക പീഡന പരാതികള്‍ ഉയരുകയും ചില പത്രങ്ങളില്‍ പരമ്പരയായി വാര്‍ത്തകള്‍ വരികയും ചെയ്തിരുന്നു. അയാളുടെ പേരില്‍ വസ്തു തട്ടിപ്പ്‌, ബാലഭവന്‍ തട്ടിപ്പ്‌ തുടങ്ങിയുള്ള സാമ്പത്തിക- ലൈംഗിക പീഡന പരാതികള്‍ ഉയര്‍ന്നിട്ടും കാര്യമായ നടപടികളൊന്നും സഭാനേതൃത്വം കൈക്കൊണ്ടില്ല.
ലൈംഗിക പീഡകരും സാമ്പത്തിക തട്ടിപ്പുകാരുമായ ഇവരെല്ലാം സസുഖം വാഴുകയാണ്‌.

സമാനമായ സംഭവങ്ങള്‍ കേരളത്തിലെ പല ക്രൈസ്തവ സഭകളില്‍ ഉയര്‍ന്നിട്ടും കോടതിയിലേയ്ക്ക്‌ എത്തിക്കാതെ ഒത്തുതീര്‍ത്തോ ഇരയെ ഭീഷണിപ്പെടുത്തിയോ സംഭവം മുക്കുന്ന കാര്യത്തില്‍ എല്ലാ സഭാനേതൃത്വങ്ങളും ഒറ്റക്കെട്ടാണ്‌. ഏതാനും വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ യാക്കോബായ സഭയിലെ ഒരു പ്രമുഖ ബിഷപ്പിനെ ലൈംഗിക പീഡന പരാതിയുടെ പേരില്‍ സഭയില്‍ നിന്ന്‌ പുറത്താക്കിയിരുന്നു.
പ്രശസ്ത എഴുത്തുകാരിയും മുന്‍ കന്യാസ്ത്രീയുമായ സിസ്റ്റര്‍ ജെസ്മി വൈദികരുടെയും ബിഷപ്പുമാരുടെയും ലൈംഗിക അരാജകത്വത്തെ കുറിച്ച്‌ ‘ആമേന്‍’എന്ന പുസ്തകത്തില്‍ സവിസ്തരം വെളിപ്പെടുത്തിയിട്ടുണ്ട്‌. വൈദികരുടെ ലൈംഗിക പീഡനത്തിനും പെണ്‍വാണിഭത്തിനും കേരളത്തിലെ വാര്‍ത്താമാധ്യമങ്ങള്‍ വേണ്ടത്ര പ്രചാരണം നല്‍കുന്നുണ്ടെങ്കിലും സഭാ മേലധ്യക്ഷന്‍മാരുടെ വഴിപിഴച്ച പോക്കിനെ കുറിച്ച്‌ മിക്കവരും പലപ്പോഴും മിണ്ടാറില്ലെന്ന്‌ മാത്രം.

കുമ്പസാര രഹസ്യം തുറുപ്പു ചീട്ടാക്കിയാണ്‌ വീട്ടമ്മമാരെ പ്രത്യേകിച്ച്‌ വിദേശ രാജ്യങ്ങളില്‍ ജോലിചെയ്യുന്നവരുടെ ഭാര്യമാരെ വ്യാപകമായ ലൈംഗിക പീഡനത്തിന്‌ വൈദീകര്‍ .ഇരയാക്കുന്നത്‌.മാനക്കേട്‌ ഭയന്നും സഭയുടെ ചിട്ടവട്ടങ്ങള്‍ക്ക്‌ വഴങ്ങിയും പലരും തങ്ങള്‍ പതിച്ച കെണിയെക്കുറിച്ച്‌ പുറത്തു പറയുന്നില്ലെന്ന്‌ മാത്രം. ഈ സാഹചര്യത്തിലാണ്‌ കുമ്പസാരം അവസാനിപ്പിക്കണമെന്ന വാദം സഭകള്‍ക്കുള്ളില്‍ ശക്തമായിട്ടുള്ളത്‌