അന്നു മമ്മൂട്ടി ‘പൊട്ടന്‍ കളിച്ചു’; ഇന്ന്‌ ‘അമ്മ’ദിലീപ്‌ ഫാന്‍സ്‌ അസോസിയേഷനായി!

ടൈറ്റസ്‌ കെ.വിളയില്‍
ദിലീപിനെ താരസംഘടനയായ ‘അമ്മ’യിലേയ്ക്ക്‌ തിരിച്ചെടുത്തു കൊണ്ട്‌ , മംഗലശേരി നീലകണ്ഠനും, തേവള്ളി ജോസഫ്‌ അലക്സും കേവലം കഥാപാത്രങ്ങളല്ലെന്നും, അത്‌ തങ്ങള്‍ തന്നെയാണെന്നും അതു കൊണ്ട്‌ ‘അമ്മ’യില്‍ സ്ത്രീയുടെ മാനത്തിന്‌ ഒരു വിലയുമില്ലെന്നും തെളിയിക്കുകയായിരുന്നു മലയാളത്തിന്റെ സൂപ്പര്‍- മെഗാ താരങ്ങളും അവര്‍ക്കൊപ്പമുള്ള സഹ നടീനടന്മാരും!

അകത്തും പുറത്തും സ്ത്രീ – ദളിത്‌ – തൊഴിലാളി വിരുദ്ധത മാത്രമുള്ള ഒരു ഇന്‍ഡസ്ട്രിയുടെ അവിഭാജ്യ ഘടകമായ സംഘടനയായത്‌ കൊണ്ട്‌ ‘അമ്മ’യ്ക്ക്‌ ദിലീപാണ്‌ പ്രിയങ്കരന്‍.
മാനം വലിച്ചു കീറപ്പെട്ട നടി പോയി തുലയട്ടെ!
പുരുഷാധിപത്യ സമൂഹത്തിന്റെ വികലമായ ഈ ചിന്താഗതിക്ക്‌ കൈയടിക്കാന്‍ നടിമാര്‍ മത്സരിക്കുകയായിരുന്നു.
വിഷയം ഉന്നയിപ്പിച്ച്‌ ദിലീപിന്റെ പുനഃപ്രവേശനത്തിന്‌ തന്നെ കരുവാക്കുകയായിരുന്നു എന്നു തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധി ഊര്‍മ്മിള ഉണ്ണിക്ക്‌ ഇല്ലാതേയും പോയി.

2017 ഫെബ്രുവരിയിലാണ്‌ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്‌. രക്ഷപ്പെടാന്‍ ഒരു മാര്‍ഗവുമില്ലാതെ ,ഓടുന്ന വാഹനത്തില്‍ വച്ച്‌ ക്രൂരമായി ആക്രമിക്കപ്പെട്ട നടി തന്റെ ദുരനുഭവം നിയമത്തിന്‌ മുമ്പിലെത്തിക്കാന്‍ കാണിച്ച ധീരതയോട്‌ അല്‍പമെങ്കിലും ആദരവുണ്ടായിരുന്നെങ്കില്‍ ,ഞായറാഴ്ച നടന്ന ‘അമ്മ’യുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ ഊര്‍മ്മിള ഉണ്ണി ആ ചോദ്യം ഉന്നയിക്കില്ലായിരുന്നു,നടിമാര്‍ ‘അമ്മ’യുടെ നീചമായ അജണ്ടയ്ക്ക്‌ കൈയടിക്കുകയുമില്ലായിരുന്നു.

സാധാരണഗതിയില്‍ സിനിമയിലും സമൂഹത്തിലാകെയും ഇത്തരം ആക്രമണങ്ങള്‍ മൂടിവെയ്ക്കാറാണുള്ളത്‌. എന്നാല്‍ താന്‍ നേരിട്ട ഹീനമായ ആക്രമണത്തെ മറച്ചുവെയ്ക്കാന്‍ അവര്‍ തയ്യാറായില്ല എന്നത്‌ സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കും സുരക്ഷ ഒരുക്കാനുള്ള ബലിയാകലായിരുന്നു എന്നു തിരിച്ചറിയാന്‍ നമ്മുടെ നടിമാര്‍ക്ക്‌ മനസ്സില്ലാതെ പോയി.
മലയാള സിനിമയിലെ കാസ്റ്റിംഗ്‌ കൗച്ചിനെ കുറിച്ചു പറഞ്ഞവരെ ഒറ്റപ്പെടുത്തിയ ഈ ശീലാവതികളില്‍ എല്ലാവരുടെയും തന്നെ ഭൂതകാലം,സിനിമ മേഖലയിലും പത്രപ്രവര്‍ത്തനം നടത്തിയ , ഞാനിപ്പോള്‍ വെറുതേ ഓര്‍ക്കുകയാണ്‌…

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പങ്കാളിത്തം മനസ്സിലാക്കിയിട്ട്‌ തന്നെയാണ്‌ അന്ന്‌ അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന മമ്മൂട്ടിയുടെ വീട്ടില്‍ കൂടിയ അവയ്‌ലബിള്‍ എക്സിക്യൂട്ടീവ്‌ യോഗം ദിലീപിനെ സംഘടനയില്‍ നിന്ന്‌ പുറത്താക്കിയത്‌.17 അംഗ എക്സിക്യൂട്ടീവിലെ ഏഴ്‌ അംഗങ്ങള്‍ ചേര്‍ന്നെടുക്കുന്ന തീരുമാനം,’അമ്മ’യുടെ ബൈ ലോ അനുസരിച്ച്‌ നിയമപരമല്ലെന്ന്‌ അഡ്വക്കേറ്റ്‌ കൂടിയായ മമ്മൂട്ടിക്ക്‌ അറിയാമായിരുന്നിട്ടും ദിലീപിനെ സംഘടനയില്‍ നിന്ന്‌ പുറത്താക്കി എന്ന്‌ അന്നു മമ്മൂട്ടി പറഞ്ഞത്‌ പൊതുസമൂഹത്തിന്റെ മുന്‍പാകെയുള്ള ‘പൊട്ടന്‍ കളി’യായിരുന്നു എന്നല്ലേ ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നത്‌?

ഒരു പെണ്‍കുട്ടി ലൈംഗികമായി ആക്രമിക്കപ്പെട്ടാല്‍ അനിവാര്യമായും ആ വ്യക്തിക്കൊപ്പം നില്‍ക്കുക എന്നതല്ലാതെ മറ്റൊരു നിലപാടും നമ്മുടെ സമൂഹത്തിന്‌ സ്വീകരിക്കാന്‍ കഴിയുകയില്ല എന്നിരിക്കേ മലയാള സിനിമാ വ്യവസായത്തിലെ താരാധികാരവും, അതിന്റെ ഉപജാപ വൃന്ദങ്ങളും, താരങ്ങളുടെ പൃഷ്ഠം താങ്ങികളായ ഫാന്‍സ്‌ അസ്സോസിയേഷന്‍കാരും വേട്ടക്കാരനൊപ്പം ഐക്യപ്പെടുന്ന കാഴ്ചയാണ്‌,നടിയാക്രമിക്കപ്പെട്ടപ്പോള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ കണ്ടത്‌!

‘അമ്മ’യെന്നത്‌ മലയാള സിനിമയിലെ ചില വ്യക്തികളുടെ താത്പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി തട്ടിക്കൂട്ടിയെടുത്ത ഒരു ഉഡായിപ്പ്‌ സംവിധാനം മാത്രമാണെന്ന്‌ തിലകന്‍ വിഷയം,കാസ്റ്റിംഗ്‌ കൗച്ച്‌ വിവാദം,നടിക്കു നേരെയുണ്ടായ ക്വട്ടേഷന്‍ റേപ്പ്‌ തുടങ്ങിയ നിര്‍ണായക ഘട്ടങ്ങളില്‍ നിസംശയം തെളിയിക്കപ്പെട്ടതാണ്‌.’അമ്മ’യുടെ ബൈ ലോയാണ്‌ തമിഴ്‌ നാട്ടിലെ താരസംഘടനയ്ക്കും ആധാരമെന്ന്‌ മേനി നടിക്കുന്നവര്‍ തമസ്കരിക്കുന്ന യാഥാര്‍ത്ഥ്യമാണിത്‌.

തങ്ങളുടെ കൂട്ടത്തിലെ ഒരു വനിതാ അംഗം ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്‌ ‘അമ്മ’ ചര്‍ച്ച ചെയ്യേണ്ട വിഷയമേ അല്ല എന്നായിരുന്നു അന്നത്തെ നേതൃത്വത്തിന്റേയും നടികളടക്കമുള്ള ഭൂരിപക്ഷം പേരുടെയും നിലപാട്‌.അതിന്റെ ജുഗുപ്സ നിറഞ്ഞ പരിണതിയായി,നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായി ജയില്‍ ശിക്ഷ അനുഭവിച്ചാ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തിരിക്കുന്നു,
കോടതിക്കും, പോലീസിനും, പൊതു സമൂഹത്തിനും ബോധ്യപ്പെട്ടിട്ടില്ലെങ്കിലും ‘അമ്മ’യിലെ അച്ഛന്മാര്‍ക്കറിയാം ദിലീപേട്ടന്‍ പാവാണെന്ന്‌ !!

കേരള സമൂഹത്തെ പിടിച്ചു കുലുക്കിയ സംഭവത്തെ ‘ എത്ര പ്രതിലോമകരവും, അലസവുമായിട്ടാണ്‌ അമ്മ’ എന്ന താര സംഘടന കൈകാര്യം ചെയ്തത്‌,ചെയ്യുന്നത്‌! “ബലാത്സംഗം പോലുള്ള ഒരു കുറ്റകൃത്യത്തില്‍ ആരോപിതനായ വ്യക്തിയെയാണ്‌ വിചാരണ പോലും പൂര്‍ത്തിയാവുന്നതിനു മുമ്പ്‌ നിങ്ങള്‍ തിരിച്ചെടുക്കുന്നത്‌. അതില്‍ നിങ്ങള്‍ക്ക്‌ യാതൊരു അപാകതയും തോന്നുന്നില്ലേ?” എന്ന്‌ ഇന്നലെ ഡബ്ലിയു. സി. സി ഉന്നയിച്ചത്‌ കേരളത്തിന്റെ കൂടി ചോദ്യമാണ്‌ ”

ദിലീപ്‌ കുറ്റക്കാരനല്ലെന്ന്‌ ബോധ്യപ്പെടുത്തുന്ന കോടതി വിധിയോ, പൊലീസ്‌ വെളിപ്പെടുത്തലോ ഒന്നും പുറത്തു വരാത്ത സാഹചര്യത്തില്‍ ഈ ചോദ്യത്തിനുത്തരം പറയാന്‍ മോഹന്‍ ലാല്‍ അടക്കമുള്ള ‘അമ്മ’യുടെ സാരഥികള്‍ ബാധ്യസ്ഥരാണ്‌.
ഒന്നു വ്യക്തമായി. ആക്രമിക്കപ്പെട്ട നടി ‘അമ്മ’യുടെ മകളല്ല;
പക്ഷെ ക്രിമിനലായ മകന്‍ ‘ അമ്മ’യുടെ പ്രിയ പുത്രനാണ്‌!
അതായത്‌ ‘അമ്മ’എന്നാല്‍ ദിലീപ്‌ ഫാന്‍സ്‌ അസ്സോസിയേഷന്‍ എന്നാണിന്നര്‍ത്ഥം!!