ഞാന്‍ അവര്‍ക്കൊപ്പം; രാജിവെച്ച നടിമാരെ അഭിനന്ദിച്ച് പൃഥ്വിരാജ്

കൊച്ചി: മലയാള സിനിമാ നടീ-നടന്മാരുടെ സംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടിമാരുടെ തീരുമാനത്തിന് അഭിനന്ദനവുമായി നടന്‍ പൃഥ്വിരാജ്.അവരുടെ ധൈര്യത്തെ അഭിനന്ദിക്കുന്നതോടൊപ്പം താനും അവര്‍ക്കൊപ്പമാണെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.

അവരുടെ തീരുമാനത്തെ എതിര്‍ക്കുന്നവരുണ്ടാകാം. എന്നാല്‍ ശരിയേത് തെറ്റേത് എന്നത് ഓരോരുത്തരുടെ കാഴ്ചപ്പാട പോലെയിരിക്കുമെന്നതാണ് തന്റെ നിലപാടെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ഇംഗ്ലീഷ് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയത്.

ദിലീപിനെ പുറത്താക്കിയത് എന്റെ തീരുമാനമല്ല: പൃഥ്വിരാജ്

എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നിശബ്ദത പാലിക്കുന്നയാളല്ല താന്‍. അമ്മയില്‍ നടക്കുന്ന കാര്യങ്ങളില്‍ ശരിയായ സമയം വരുമ്പോള്‍ തീരുമാനം വ്യക്തമാക്കും. താന്‍ അമ്മയിലെ അംഗമാണെങ്കിലും ഇതുവരെ സജീവമായിരുന്നില്ല.എങ്കിലും അമ്മ എടുക്കുന്ന തീരുമാനങ്ങളില്‍ തന്റെ മേലും പഴിചാരാം. ദിലീപുമായി സിനിമ ചെയ്യാന്‍ ആലോചന ഇതുവരെ ഉണ്ടായിട്ടില്ലെന്നും പൃഥ്വിരാജ് പറഞ്ഞു അങ്ങനൊരു അവസ്ഥ വരുമ്പോള്‍ അതേക്കുറിച്ച് തീരുമാനമെടുക്കുമെന്നും ദിലീപിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിനു മറുപടിയായി വ്യക്തമാക്കി.

ഇതിനിടെ ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടിയില്‍ പ്രതിഷേധവുമായി കൂടുതല്‍ നടിമാര്‍ രംഗത്തെത്തി. അജന്‍ഡയില്‍ ഇല്ലാത്ത വിഷയം ചര്‍ച്ചക്കെടുത്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് കാണിച്ച് അംഗങ്ങളായ രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരാണ് അമ്മയ്ക്ക് കത്തയച്ചത്. വിഷയം ചര്‍ച്ച ചെയ്യാന്‍ പുതിയനിര്‍വാഹക സമിതിയുമായി കൂടിക്കാഴ്ച വേണമെന്നാണ് പ്രധാന ആവശ്യം.

ഇതിനായി അടുത്തമാസം യോഗം വിളിക്കണം.ദിലീപിനെ തിരിച്ചെടുത്ത തീരുമാനം പുന:പരിശോധിക്കണമെന്നും നടിയെ പിന്തുണയ്ക്കാനെടുത്ത നടപടികള്‍ വ്യക്തമാക്കണമെന്നും വനിതാകൂട്ടായ്മ അംഗങ്ങള്‍ കൂടിയായ നടിമാര്‍ കത്തിലൂടെ ആവശ്യപ്പെട്ടു. കൂട്ടായ്മയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.