മെസിയെന്ന മനുഷ്യനെ ലോകം ഇഷ്ടപ്പെടുന്നത് ഇതുകൊണ്ടാണ്

ലോകകപ്പില്‍ പുറത്താകുമെന്ന അവസ്ഥയിലാണ് അര്‍ജന്റീന നൈജീരിയയെ തകര്‍ത്ത് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ആദ്യ മത്സരത്തില്‍ ഐസ്‌ലഡിനോട് സമനില വഴങ്ങി. എന്നാല്‍, രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയോട് പരാജയമായിരുന്നു അര്‍ജന്റീനയ്ക്ക് നേരിടേണ്ടി വന്നത്. ഇതോടെ വിമര്‍ശകരുടെ എണ്ണം കൂടി. അടുത്ത മത്സരവും പരാജയപ്പെട്ടാല്‍ ലോകചാംപ്യന്മാര്‍ റഷ്യന്‍ പടിയ്ക്ക് പുറത്ത്.

അര്‍ജന്റീന ആരാധകര്‍ മാത്രമല്ല അര്‍ജന്റീനിയന്‍ വിരോധികളും അടുത്ത മത്സരത്തില്‍ ആര്‍ജന്റീന ജയിക്കണം എന്ന് ഒരിക്കലെങ്കിലും പ്രാര്‍ത്ഥിച്ചു കാണും. ആരാധകരുടെ പ്രാര്‍ത്ഥന ഫലം കണ്ടു. മൂന്നാം മത്സരത്തില്‍ അര്‍ജന്റീന ഉയര്‍ത്തെഴുന്നേറ്റു. മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. ഐസ്‌ലന്‍ഡിനെതിരെയും ക്രൊയേഷ്യയ്‌ക്കെതിരെയും കളിച്ച മെസിയേയായിരുന്നില്ല നൈജീരിയയ്‌ക്കെതിരെ കണ്ടത്.

മെസിയുടെ ആദ്യ ഗോള്‍ പിറന്നപ്പോള്‍ ഗ്യാലറി മാത്രമല്ല, ഫുട്‌ബോള്‍ ലോകം ഒന്നടങ്കം ഇളകിമറിഞ്ഞു. ഇതോടെ മിശിഹ എന്ന മെസിയുടെ പേരും പ്രവര്‍ത്തിയും അര്‍ത്ഥവത്തായി. ഇതേ മിശിഹായുടെ മറ്റൊരു പ്രവര്‍ത്തിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

നൈജീരിയയ്‌ക്കെതിരെയുള്ള മത്സരശേഷം തന്നോടു ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിക്കുകയായിരുന്നു മെസി. കളിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടെയാണ് അര്‍ജന്റീന റിപ്പോര്‍ട്ടര്‍ മുമ്പ് മെസിക്ക് നല്‍കിയ ഒരു സമ്മാനത്തെക്കുറിച്ച് ഓര്‍മിപ്പിച്ചത്.

അര്‍ജന്റീന ഐസ്‌ലാന്‍ഡിനോട് സമനില വഴങ്ങിയ ജൂണ്‍ 16നായിരുന്നു ഒരു ചുവന്ന റിബണ്‍ സമ്മാനമായി മാധ്യമ പ്രവര്‍ത്തകന്‍ മെസിയ്ക്ക് നല്‍കിയത്. ‘ഇത് ഒരു മന്ത്രച്ചരടാണ്. അമ്മ നിങ്ങള്‍ക്ക് തരാന്‍ ഏല്‍പ്പിച്ചതാണ്. അവര്‍ക്ക് എന്നേക്കാള്‍ ഇഷ്ടം ഈ ലോകത്ത് നിങ്ങളോടാണ്. അതുകൊണ്ട് ഇത് നഷ്ടപ്പെടുത്തരുത്’ മാധ്യമപ്രവര്‍ത്തകന്‍ മെസിയോട് പറഞ്ഞിരുന്നു.

ആ ചരട് ഇപ്പോഴും കൈവശമുണ്ടോ അതോ കളഞ്ഞോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ഇപ്പോഴത്തെ ചോദ്യം. അതിന് ഒരു ചെറു പുഞ്ചിരിയോടെയായിരുന്നു മെസിയുടെ മറുപടി. ‘ഇതാ ഇങ്ങോട്ട് നോക്കൂ.’ ആ ചരട് കെട്ടിയ കാലുകള്‍ മെസി ഉയര്‍ത്തിക്കാണിച്ചു. വെറുമൊരു ആരാധികന്റെ സമ്മാനം ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന മെസിയുടെ പ്രവര്‍ത്തിയെ ഫുട്‌ബോള്‍ ലോകം ഒന്നടങ്കം പ്രശംസിക്കുകയാണിപ്പോള്‍.