അമ്മയില്‍ ഞാന്‍ സജീവമല്ല; എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്ക് അന്വേഷിക്കാം: സുരേഷ് ഗോപി

മലയാള സിനിമാ സംഘടനയായ അമ്മയില്‍ താന്‍ സജീവമല്ലെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. അമ്മയില്‍ എന്തുകൊണ്ട് താന്‍ സജീവമല്ലെന്ന് അന്വേഷിച്ചില്ല. തന്റെ ജോലി ജനങ്ങളെ സേവിക്കുന്നതാണ്. അത് ഭംഗിയായി താന്‍ ചെയ്യുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. യുവനടിമാരുടെ രാജിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം നടിമാരുടെ രാജിക്ക് പിന്നാലെ പത്മപ്രിയയും രേവതിയും പാര്‍വതിയും അമ്മയ്ക്ക്  കത്ത് നല്‍കിയിട്ടുണ്ട്. വനിതകളുടെ സംഘടനയായ വുമണ്‍ കളക്ടീവിന്റെ പ്രതിനിധികളായാണ് ഇവര്‍ കത്ത് നല്‍കിയത്. വീണ്ടും ജനറല്‍ ബോഡി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ കത്ത് നല്‍കിയിരിക്കുന്നത്. അമ്മയുടെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് ചര്‍ച്ച ചെയ്യണമെന്നും നടിമാര്‍ ആവശ്യപ്പെട്ടു.

അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനാണ് സംഘടന കത്ത് നല്‍കിയത്. കേരളത്തിനു പുറത്തുള്ള തങ്ങളുടെ സൗകര്യം കണക്കിലെടുത്ത് ജൂലായ് 13 നോ 14 നോ യോഗം വിളിക്കണമെന്നാണ് കത്തില്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്. ഇന്നലെ രാജിവെച്ച നാലുനടിമാര്‍ക്കും അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടാണ് ഡബ്ല്യൂസിസി ഇന്ന് രംഗത്ത് വന്നിരിക്കുന്നത്.